ഹോളിവുഡ് നടൻ ടോം ഹാങ്ക്സിനും ഭാര്യ റിത വിത്സണും കൊറോണ ബാധിച്ചത് വാർത്തയായിരുന്നു. അസുഖം ഭേദമായതിനെ തുടർന്ന് ടോം ആശുപത്രി വിട്ടെങ്കിലും റിത ചികിത്സയിൽ തുടരുകയാണ്. 

To advertise here,

ഇപ്പോൾ കൊറോണ എന്ന പേര് കാരണം സ്കൂളിൽ പരിഹാസ്യനാകേണ്ടി വന്ന ഓസ്ട്രേലിയൻ ബാലൻ ടോമിന് എഴുതിയ കത്തും അതിന് അദ്ദേഹം നൽകിയ മറുപടിയുമാണ് മാധ്യമശ്രദ്ധ നേടുന്നത്. 

എട്ട് വയസുള്ള കൊറോണ ഡീ റീസ് എന്ന ബാലനനാണ് ടോമിന്റെയും ഭാര്യയുടെയും സുഖ വിവരമന്വേഷിച്ച് കത്തെഴുതിയത്. ഒപ്പം തന്റെ പേര് തനിക്ക് ഇഷ്ടമായിരുന്നെങ്കിലും തന്നെ സഹപാഠികൾ ഇപ്പോൾ കൊറോണ വൈറസ് എന്ന് വിളിച്ച് കളിയാക്കുന്നതിന്റെ പരിഭവവും പങ്കുവച്ചു. 

''താങ്കൾക്കും ഭാര്യയ്ക്കും കൊറോണ വൈറസ് ബാധിച്ചുവെന്ന് ഞാനറിഞ്ഞു, ഇപ്പോൾ സുഖമായിരിക്കുന്നുവോ? എനിക്ക് എന്റെ പേര് വലിയ ഇഷ്ടമാണ്. എന്നാലിപ്പോൾ സ്കൂളിൽ എല്ലാവരും എന്നെ കൊറോണ വൈറസ് എന്ന് വിളിക്കുകയാണ്. ആൾക്കാർ അങ്ങനെ വിളിക്കുമ്പോൾ എനിക്ക് ദേഷ്യം വരും... ''- കൊറോണയുടെ എഴുത്തിൽ പറയുന്നു.

ഇതിന് ടോം ഹാങ്ക്സ് നൽകിയ മറുപടിക്കത്താണ് ഹൃദയം കവരുന്നത്.

''കുഞ്ഞു സുഹൃത്ത് കൊറോണ അറിയാൻ, നിന്റെ കത്ത് എനിക്കും ഭാര്യയ്ക്കും വളരെ പ്രധാനപ്പെട്ടതാണ്. ഞങ്ങൾക്ക് ഒരുപാട് സന്തോഷമായി. ഒരു നല്ല സുഹൃത്തായതിന് നന്ദി...തളർന്നിരിക്കുമ്പോൾ ഊർജം പകരുന്നവനാണ് നല്ല സുഹൃത്ത്. കൊറോണ എന്ന പേരുള്ള എനിക്കറിയാവുന്ന ഏക വ്യക്തി  നീയാണ്... സൂര്യന് ചുറ്റുമുള്ള വലയം പോലെ കിരീടം പോലെ....നിനക്കെന്നിൽ ഒരു സുഹൃത്തിനെ ലഭിച്ചിരിക്കുന്നു- ടോം ഹാങ്കസ് എഴുതി.

ടോം ഹാങ്ക്സിന്റെ മറുപടി കുഞ്ഞു കൊറോണയെ ഏറെ സന്തോഷിപ്പിച്ചെന്നും അവൻ യു.എസിൽ പുതിയ സുഹൃത്തിനെ ലഭിച്ചതിന്റെ ആവേശത്തിലാണെന്നും കൊറോണയുടെ മാതാപിതാക്കൾ ഓസ്ട്രേലിയൻ മാധ്യമത്തോട് വ്യക്തമാക്കി. 

Content Highlights : Tom Hanks who recoverd from covid 19 writes to boy called Corona who said he was bullied