ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 'ദി കേരള സ്റ്റോറി'യുടെ സംവിധായകന്‍ സുദീപ്തോ സെന്നിന്റെ ആരോ​ഗ്യനില തൃപ്തികരമെന്ന് റിപ്പോർട്ടുകൾ. നിർജലീകരണവും അണുബാധയും മൂലമാണ് സംവിധായകനെ മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

To advertise here,

തന്റെ ആരോഗ്യനില നിയന്ത്രണത്തിലാണെന്ന് സംവിധായകൻ ഒരു ​ദേശീയ മാധ്യമത്തോട് പറഞ്ഞു. ഇന്ന് ഡിസ്ചാർജ് ചെയ്യാൻ സാധ്യതയുണ്ടെന്നും തന്നെ വീട്ടിലേക്ക് പോകാൻ അനുവദിക്കണമെന്ന് ഡോക്ടറോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും സംവിധായകൻ കൂട്ടിച്ചേർത്തു. സംവിധായകൻ ആശുപത്രിയിലായതോടെ ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾ നിർത്തിവെച്ചിരിക്കുകയാണ്. 

പ്രഖ്യാപനം മുതൽക്കേ വിവാദത്തിലായ ചിത്രമാണ് 'ദി കേരള സ്റ്റോറി'. സുദീപ്‌തോ സെൻ രചനയും സംവിധാനവും നിർവഹിച്ച ‘ദി കേരള സ്റ്റോറി’യിൽ ആദാ ശർമയാണ് നായികാ വേഷത്തിലെത്തുന്നത്. ബം​ഗാളിൽ കേരള സ്റ്റോറി നിരോധിച്ചപ്പോൾ മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ചിത്രത്തിന്റെ നികുതി ഒഴിവാക്കിയിരുന്നു. വിവാ​ദങ്ങൾക്കിടയിലും ബോക്സോഫീസിൽ ഭേദപ്പെട്ട പ്രകടനം നടത്താൻ ചിത്രത്തിനായിരുന്നു.