പ്രദർശനത്തിന് രണ്ടാഴ്ചത്തെ താത്കാലിക വിലക്ക് ഏർപ്പെടുത്തിയ ഹൈക്കോടതി വിധി മറികടന്ന് 'ദ കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട്' ടിക്കറ്റ് വിൽപ്പന. കേരളത്തിന് പുറത്ത് പല സംസ്ഥാനങ്ങളിലും ചിത്രത്തിന്റെ ടിക്കറ്റുകളുടെ വിൽപ്പന നടക്കുകയാണ്. ബുക്ക് മൈ ഷോ, ഡിസ്ട്രിക്ട് പ്ലാറ്റ്‌ഫോമുകൾ വഴിയാണ് ടിക്കറ്റ് വിൽപ്പന.
മുംബൈയിൽ 21 തിയേറ്ററുകളിലും ഡൽഹിയിൽ 14 ഇടത്തും ടിക്കറ്റുകൾ ലഭ്യമാണ്. രാവിലെ മുതലുള്ള ഷോകളുടെ ടിക്കറ്റുകൾ പ്ലാറ്റ്‌ഫോമുകളിലുണ്ട്. കൊൽക്കത്തയിലെ പല തിയേറ്ററുകളിലും ഉച്ചയ്ക്ക് ശേഷമുള്ള ഷോകളുടെ ടിക്കറ്റ് വിൽപ്പനയും നടക്കുന്നുണ്ട്.
ചിത്രത്തിന്റെ പ്രദർശനം നടക്കുന്നതായി ചില തിയേറ്ററുകൾ പരസ്യം പുറത്തിറക്കിയിട്ടുണ്ട്. രാജ്യത്തെ പ്രധാന തിയേറ്റർ ശൃംഖലയായ എം2കെ സിനിമാസ് രാവിലെ ഏഴുമണിയോടെയാണ് പരസ്യം പുറത്തിറക്കിയത്. ‘കേരള സ്റ്റോറി 2’ എം2കെ സിനിമയിൽ ഇപ്പോൾ പ്രദർശിപ്പിക്കുന്നുണ്ടെന്നാണ് പരസ്യത്തിലെ ഉള്ളടക്കം, അതേസമയം, നിയമപ്രശ്‌നങ്ങൾ മൂലം റിലീസ് അനിശ്ചിതത്വത്തിലാണെന്ന് പല ചെറുകിട തിയേറ്ററുകളും സ്വന്തം നിലയിൽ സാമൂഹികമാധ്യമങ്ങൾ വഴി പ്രേക്ഷകരെ അറിയിക്കുന്നുണ്ട്.
ഉള്ളടക്കത്തിന്റെയും പേരിന്റെയും പേരിൽ തർക്കം ഉന്നയിക്കപ്പെട്ട 'കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്' സിനിമയുടെ റിലീസ് ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് സ്റ്റേ ചെയ്തു ഉത്തരവിറക്കിയത്. വെള്ളിയാഴ്ച സിനിമ റിലീസ് ചെയ്യാനിരിക്കേയായിരുന്നു പ്രദർശനം വിലക്കിയത്. ഇതിനു പിന്നാലെ സിനിമയുടെ നിർമാതാക്കൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി.
വ്യാഴാഴ്ച രാത്രി അപ്പീൽ പരിഗണിച്ച ജസ്റ്റിസ് സുശ്രുത് എ. ധർമാധികാരിയും ജസ്റ്റിസ് പി.വി. ബാലകൃഷ്ണനും അടങ്ങിയ ബെഞ്ച് രണ്ടു മണിക്കൂറോളം വാദം കേട്ട ശേഷം അപ്പീൽ ഉത്തരവിനായി മാറ്റി. സ്റ്റേ നീക്കണമെന്ന ആവശ്യം നിർമാതാക്കൾ ഉന്നയിച്ചെങ്കിലും ഉത്തരവിൽ പരിഗണിക്കാമെന്നാണ് കോടതി പറഞ്ഞത്. വെള്ളിയാഴ്ച ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചേക്കും.
വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30-ഓടെ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനു പിന്നാലെ നിർമാതാക്കൾ അപ്പീൽ ഫയൽ ചെയ്യുകയായിരുന്നു. സിനിമയുടെ റിലീസിങ് തടയുന്നത് നിർമാതാവിനെ സാമ്പത്തികമായി ഇല്ലാതാക്കുമെന്നും ഏതെങ്കിലും മതത്തെയോ കേരളത്തെയോ മോശമായി ചിത്രീകരിക്കുന്നതല്ല സിനിമ എന്നുമായിരുന്നു അപ്പീലിലെ വാദം.
Content Highlights: The High Court has issued a temporary two-week stay on the release of 'The Kerala Story 2 Goes Beyond'. Despite the court order, ticket sales for the film are ongoing in cities like Mumbai, Delhi, and Kolkata via platforms like BookMyShow. The film's producers have appealed the single-bench stay order to a division bench of the High Court. The final decision on the film's screening remains uncertain pending the division bench's verdict.
Published: 27 Feb 2026, 11:13 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented