ചെന്നൈ : തമിഴ്‌നാട്ടിലെ ജില്ലകളിൽ പദയാത്ര നടത്തി രാഷ്ട്രീയപ്രവർത്തനം തുടങ്ങാൻ നടൻ വിജയ് ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്തവർഷത്തോടെ പാർട്ടി ആരംഭിക്കാൻ നീക്കങ്ങൾ നടത്തുന്ന വിജയ്, രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ മാതൃകയിൽ പദയാത്ര നടത്താനാണ് ഒരുങ്ങുന്നത്. വിജയ് രംഗത്തിറങ്ങുന്നതിനു മുന്നോടിയായി എല്ലാ നിയമസഭാമണ്ഡലങ്ങളിലും ആരാധകസംഘടനയായ ദളപതി വിജയ് മക്കൾ ഇയക്കത്തിന്റെ പ്രവർത്തനം സജീവമാക്കാനുള്ള പദ്ധതികളും നടപ്പാക്കും. ഇതിന്റെഭാഗമായി എല്ലാ നിയമസഭാമണ്ഡലങ്ങളിലും വിദ്യാർഥികൾക്കായി പഠനകേന്ദ്രങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചു. രാത്രികാലങ്ങളിൽ ക്ലാസുകൾ നടത്താനാണ് തീരുമാനം.

To advertise here,

ഒരു മണ്ഡലത്തിൽ നാല് കേന്ദ്രങ്ങളെങ്കിലും ആരംഭിക്കണമെന്നാണ് വിജയ്‌യുടെ നിർദേശം. ട്യൂഷൻ നൽകാൻ യോഗ്യരായവരെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചു. കടലൂരിൽ ഇതിനകം ഈ പദ്ധതി നടത്തുന്നുണ്ടെന്നും ഇപ്പോൾ ഇത് വ്യാപിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും വിജയ് മക്കൾ ഇയക്കം ജനറൽ സെക്രട്ടറി ബുസി ആനന്ദ് പറഞ്ഞു.

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി കെ. കാമരാജിന്റെ ജന്മദിനവാർഷികമായ ശനിയാഴ്ച പഠനകേന്ദ്ര പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന. ആരാധകസംഘടനാ ചുമതലക്കാരുമായി വിജയ് നടത്തുന്ന ചർച്ച ബുധനാഴ്ചയും തുടർന്നു. സംഘടനയുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതാണ് പ്രധാന ചർച്ചാവിഷയം. വ്യാഴാഴ്ചയും ചർച്ച തുടരും.

അടുത്തവർഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷമായിരിക്കും വിജയ്‌യുടെ രാഷ്ട്രീയപ്രവേശനമെന്നാണ് റിപ്പോർട്ടുകൾ. അടുത്തവർഷം ജൂൺ 22-ന് 50-ാം പിറന്നാൾ ആഘോഷിക്കുമ്പോൾ പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷ.

അതേസമയം, ആരാധകസംഘടന ചുമതലക്കാരുടെ യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ ട്രാഫിക് സിഗ്നൽ ലംഘിച്ചതിന് വിജയ്ക്ക്‌ 500 രൂപ പിഴ ലഭിച്ചിരുന്നു. യോഗം നടന്ന പനയൂരിലെ ഫാംഹൗസിലേക്ക് വിജയ് യാത്രചെയ്ത കാർ സിഗ്നൽ തെറ്റിച്ചതിനെത്തുടർന്നാണ് പിഴ അടയ്ക്കാനുള്ള അറിയിപ്പ് ലഭിച്ചത്.

ഉടൻ വിജയ് പിഴ അടച്ചുവെന്ന് വിജയ് മക്കൾ ഇയക്കം നേതാക്കൾ അറിയിച്ചു. പിഴ അടച്ചതിന്റെ രസീതിന്റെ പകർപ്പ് ആരാധകർ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. മുമ്പ് വിജയ്‌യുടെ കാറിൽ കറുത്തഫിലിം ഒട്ടിച്ചിരുന്നതിന്റെ പേരിലും ട്രാഫിക് പോലീസ് പിഴയീടാക്കിയിട്ടുണ്ട്.