ചെന്നൈ: ആരാധക സംഘടനയായ ദളപതി വിജയ് മക്കൾ ഇയക്കത്തിന്റെ (ടി.വി.എം.ഐ.) ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും ചുമതലക്കാരുമായുള്ള നടൻ വിജയ്‍യുടെ ആലോചനായോഗം ചൊവ്വാഴ്ച നടക്കും. ചെന്നൈയ്ക്ക് സമീപം പനയൂരിലുള്ള വിജയ്‍യുടെ ഫാം ഹൗസിലാണ് യോഗം. തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലെയും ടി.വി.എം.ഐ.യുടെ ചുമതലക്കാർ പങ്കെടുക്കും. വിജയ്‍യുടെ രാഷ്ട്രീയപ്രവേശവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

To advertise here,

സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും 10, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയംനേടിയ വിദ്യാർഥികളെ കഴിഞ്ഞമാസം നടത്തിയ ചടങ്ങിൽ വിജയ് ആദരിച്ചിരുന്നു. പരിപാടി വലിയ വിജയമായതോടെ രാഷ്ട്രീയപ്രവേശവുമായി ബന്ധപ്പെട്ട അടുത്തഘട്ട നടപടിയിലേക്ക് നീങ്ങുകയാണ്. ഇതിന്റെ ഭാഗമായിട്ടാണ് ഇപ്പോൾ യോഗം വിളിച്ചിരിക്കുന്നതെന്നാണ് സൂചന.

വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിക്കുന്നതിന് നേതൃത്വംനൽകിയ മണ്ഡല ചുമതലക്കാരെ ചൊവ്വാഴ്ച ചേരുന്ന യോഗത്തിൽ വിജയ് അനുമോദിക്കും. തുടർന്ന് മണ്ഡലങ്ങളിലെ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളും നടക്കും. എന്നാൽ, രാഷ്ട്രീയപ്രവേശത്തെക്കുറിച്ചുള്ള പ്രഖ്യാപനത്തിന് സാധ്യത കുറവായിരിക്കുമെന്നാണ് സംഘടനാവൃത്തങ്ങളിൽനിന്ന് ലഭിക്കുന്ന വിവരം.