ഗായകർ സ്റ്റേജിൽ ഗാനം ആലപിച്ചുകൊണ്ടിരിക്കേ കാണികളിൽനിന്ന് മോശം പെരുമാറ്റമുണ്ടാവുന്നത് പുതിയ കാര്യമല്ല. ഏറ്റവുമൊടുവിൽ അത്തരത്തിൽ ഒരനുഭവമുണ്ടായത് ഗായിക സുനീധി ചൗഹാനാണ്. ഡെറാഡൂണിൽ നടന്ന സംഗീതനിശയ്ക്കിടെ കാണികളിലൊരാൾ സുനീധിക്കുനേരെ പ്ലാസ്റ്റിക് കുപ്പി വലിച്ചെറിഞ്ഞതും അതിനോട് ഗായിക പ്രതികരിച്ചതും ശ്രദ്ധേയമായിരിക്കുകയാണ്.
വ്യത്യസ്തമായ ആലാപനശൈലിയിലൂടെ രാജ്യമെങ്ങും ആരാധകരെ സമ്പാദിച്ച ഗായികയാണ് സുനീധി ചൗഹാൻ. ഡെറാഡൂണിൽ സംഗീത പരിപാടി പുരോഗമിക്കേ അവർക്കുനേരെ കാണികളിൽ ഒരാൾ പ്ലാസ്റ്റിക് കുപ്പി എറിയുകയായിരുന്നു. ഏതൊരാളും നിയന്ത്രണംവിട്ടുപോകുന്ന ആ സന്ദർഭത്തെ അയത്നലളിതമായി കൈകാര്യംചെയ്യുകയായിരുന്നു സുനീധി.
ഗാനം അല്പനേരം നിർത്തിവെച്ച അവർ, "ബോട്ടിലുകൾ എറിയുന്നതിലൂടെ ഒരാൾക്ക് എന്ത് നേടാനാവും? ഷോ കുറച്ചുസമയത്തേക്ക് തടസപ്പെടും. നിങ്ങൾക്ക് അതാണോ വേണ്ടത്” എന്ന് ചോദിച്ചു. അല്ല എന്നായിരുന്നു ലഭിച്ച മറുപടി. കാണികളിലൊരാളുടെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റത്തിന് സുനീധി നൽകിയ മറുപടിക്ക് കയ്യടിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ.
ഡെറാഡൂണിൽ നടന്ന ഈ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ധൂം മചാലേ, ഷീലാ കാ ജവാനി, കാമിലി, ക്രേസി കിയാ രേ, ആജാ നച്ച്ലേ, ബീഡി, ഡെസി ഗേൾ തുടങ്ങി നിരവധി ഗാനങ്ങളാണ് സുനീധി ചൗഹാനെ സംഗീതാസ്വാദകരുടെ പ്രിയ ഗായികയാക്കിമാറ്റിയ ചില ഗാനങ്ങൾ.
Content Highlights: Sunidhi Chauhan gave it back to a fan who threw a plastic bottle at her during a concert
Published: 05 May 2024, 03:55 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented