സിനിമ മേഖലയിലെ വിവാദവിഷയങ്ങളില്‍ ശക്തമായ നിലപാട് വ്യക്തമാക്കാറുള്ള അഭിനേതാവാണ് സുഹാസിനി. മലയാളസിനിമയിലെ സുരക്ഷിതത്വത്തെ കുറിച്ച് സുഹാസിനി നടത്തിയ പരാമര്‍ശം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ വാണിജ്യ സിനിമയെ കുറിച്ച് സുഹാസിനി നടത്തിയ പരാമര്‍ശം വീണ്ടും ചര്‍ച്ചയാവുകയാണ്.

To advertise here,

വാണിജ്യ സിനിമകള്‍ കാണുന്നത് നിര്‍ത്തിയെന്നും ഇപ്പോഴത്തെ സിനിമകള്‍ തികച്ചും അസഹനീയമാണെന്നുമായിരുന്നു ടെലിഗ്രാഫിനു നല്‍കിയ അഭിമുഖത്തില്‍ സുഹാസിനിയുടെ പ്രതികരണം. 

വാണിജ്യ സിനിമകളേക്കാള്‍ തനിക്ക് താത്പര്യം സ്വതന്ത്ര സിനിമകളാണെന്ന് സുഹാസിനി പറയുന്നു.  പ്രാദേശികതയ്ക്ക് ബോളിവുഡ് പ്രധാന്യം നല്‍കാന്‍ തുടങ്ങിയിട്ട് അധികനാളുകളായിട്ടില്ല. അതേസമയം തമിഴില്‍ എത്രയോ കാലം മുമ്പ് തന്നെ അത്തരം സിനിമകളിറങ്ങുന്നു. നെഞ്ചത്തെ കിള്ളാതെയും പല്ലവന ചോലയും സിന്ധു ഭൈരവിയുമൊക്കെ അതിനുദാഹരണങ്ങളാണ്. 

ഒരു വേഷങ്ങളോടും വിമുഖത കാണിക്കാത്ത ഒരു ശിവാജി ഗണേശന്‍ നമുക്കുണ്ടായിരുന്നു. വലിയ നിര്‍മാണ കമ്പനിയുടെ ബാനറിലുള്ള സിനിമകളേക്കാളും അല്ലെങ്കില്‍ പേരുകേട്ട ഒരു നായികയെ കൊണ്ടുവരുന്നതിലുമുപരി മികച്ച പ്രകടനമാണ് ആളുകളെ തിയേറ്ററിലെത്തിക്കുന്നത് എന്ന ഉത്തമബോധം അദ്ദേഹത്തിനുണ്ടായിരുന്നു. കമല്‍ഹാസനും വ്യത്യസ്തമായ വേഷങ്ങള്‍ തിരഞ്ഞെടുക്കുന്നയാളായിരുന്നു. എന്നാല്‍ മറ്റ് ഇന്‍ഡസ്ട്രികളിലെ സ്ഥിതി അതല്ല. ആമിർ ഖാനും ഷാരൂഖ് ഖാനുമൊക്കെ ഇപ്പോഴും സ്ഥിരം വേഷങ്ങള്‍ മാത്രമാണ് ചെയ്യുന്നത്. സ്ഥിരം ആംഗ്രി യങ് മാന്‍ ഇമേജില്‍ നിന്ന് വിഭിന്നമായി അമിതാഭ് ബച്ചനും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തിരഞ്ഞെടുത്തിട്ടുണ്ടെന്ന് തോന്നുന്നില്ല. 

സ്വതന്ത്ര സിനിമകള്‍ വാണിജ്യ സിനിമകളുമായി സ്ഥിരം കലഹത്തിലാണ്. മുഖ്യധാര സിനിമകള്‍ കാണുന്നത് ഞാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ നിര്‍ത്തി അസഹനീയമാണത്,സുഹാസിനി പറഞ്ഞു.