
രാജമൗലി, മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍ | Photo: Getty Images via AFP, Facebook/ Mahesh Babu, Prithviraj Sukumaran
രാജമൗലിയും മഹേഷ് ബാബുവും ഒന്നിക്കുന്ന 'എസ്എസ്എംബി29' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തെച്ചൊല്ലി പരസ്പരം ട്രോളി താരങ്ങള്‍. നായകന്‍ മഹേഷ് ബാബു തുടങ്ങിവെച്ചത് സംവിധായകന്‍ രാജമൗലിയും നായിക പ്രിയങ്കാ ചോപ്രയും വില്ലനായെത്തുന്ന പൃഥ്വിരാജ് സുകുമാരനും ഏറ്റെടുക്കുകയായിരുന്നു. ചിത്രത്തിന്റെ അപ്‌ഡേറ്റ് സംബന്ധിച്ച് സാമൂഹികമാധ്യമമായ എക്‌സിലാണ് താരങ്ങള്‍ പരസ്പരം ട്രോളി രംഗത്തെത്തിയത്.
'നവംബര്‍ ആയി' എന്ന് രാജമൗലിയെ ടാഗുചെയ്തുകൊണ്ട് ഓര്‍മിപ്പിച്ചുള്ള മഹേഷ് ബാബുവിന്റെ പോസ്റ്റിലാണ് തുടക്കം. 'ഈ മാസം ഏത് സിനിമയുടെ റിവ്യൂവാണ് പറയാന്‍ പോവുന്നത്', എന്നായിരുന്നു രാജമൗലിയുടെ മറുചോദ്യം. പുതിയ സിനിമകള്‍ കണ്ടശേഷം റിവ്യൂ പങ്കുവെക്കുന്ന മഹേഷ് ബാബുവിന്റെ ശീലത്തെ ട്രോളുകയായിരുന്നു രാജമൗലി. 'നിങ്ങള്‍ 'നിര്‍മിച്ചുകൊണ്ടേയിരിക്കുന്ന' മഹാഭാരതത്തെക്കുറിച്ച്', എന്ന് മഹേഷ് ബാബുവിന്റെ മറുപടി. നവംബറില്‍ ചിലത് വാഗ്ദാനംചെയ്തിരുന്നുവെന്നും വാക്കുപാലിക്കണമെന്നും രാജമൗലിയോട് അദ്ദേഹം ആവശ്യപ്പെട്ടു.
അത് തുടങ്ങിയിട്ടുണ്ടെന്നും ഓരോന്നായി പുറത്തുവിടുമെന്നുമായി രാജമൗലി. എന്താണ് ഇത്ര പതിയേയെന്നും 2030-ലെങ്കിലും തുടങ്ങുമോയെന്നും മഹേഷ് ബാബു ചോദിച്ചു. ഈ കമന്റില്‍, നമ്മുടെ 'ദേസി ഗേള്‍' ജനുവരി മുതല്‍ ഹൈദരാബാദിലെ എല്ലാ തെരുവുകളുടേയും ചിത്രം പങ്കുവെക്കുന്നുണ്ടെന്ന് നായിക പ്രിയങ്കാ ചോപ്രയെ ടാഗ് ചെയ്ത് മഹേഷ് ബാബു കൂട്ടിച്ചേര്‍ത്തു. ഇതിന് മറുപടിയുമായെത്തിയ പ്രിയങ്കാ ചോപ്ര, സെറ്റില്‍ തന്നോട് പറഞ്ഞ കഥകളെല്ലാം പുറത്തുവിടണോയെന്ന് ചോദിച്ചു.
പിന്നാലെയെത്തിയ രാജമൗലി, എന്തിനാണ് പ്രിയങ്കയുടെ കാര്യം പുറത്തുവിട്ടതെന്ന് മഹേഷ് ബാബുവിനോട് ചോദിച്ചു. 'സര്‍പ്രൈസ് നിങ്ങള്‍ തുലച്ചു', എന്നും രാജമൗലി പറഞ്ഞു. 'സര്‍പ്രൈസോ, പൃഥ്വിരാജും സര്‍പ്രൈസ് ആണോ', എന്നായി മഹേഷ് ബാബു. പിന്നാലെയെത്തിയ പൃഥ്വിരാജിന്റെ കമന്റ് ഇങ്ങനെ: 'ഹൈദരാബാദിലെ 'അവധിക്കാല യാത്ര'കള്‍ക്ക് പറയാന്‍ എന്റെ കൈയിലെ ഒഴിവുകഴിവുകള്‍ തീര്‍ന്നുകൊണ്ടിരിക്കുന്നു. ഇനിയും തുടര്‍ന്നാല്‍ എന്റെ വീട്ടുകാര്‍ സംശയിച്ചു തുടങ്ങും'.
രാജമൗലി ചിത്രത്തിനായി ഹൈദരാബാദിലെത്തിയ കാര്യം ചോദിക്കുമ്പോഴൊക്കെ, താന്‍ ട്രിപ്പ് വന്നതാണ് എന്നായിരുന്നു പൃഥ്വിരാജ് അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നത്. ഇത് സൂചിപ്പിച്ചാണ് പൃഥ്വിയുടെ കമന്റ്. പിന്നാലെയെത്തിയ രാജമൗലി, നിങ്ങളെല്ലാം നശിപ്പിച്ചുവെന്ന് മഹേഷ് ബാബുവിന് മറുപടി നല്‍കി. 'നമുക്കൊരു ധാരണയിലെത്താം. എല്ലാവര്‍ക്കും അറിയുന്ന എന്തെങ്കിലും നാളെ പുറത്തുവിടൂ, അതിനെ സര്‍പ്രൈസ് എന്ന് വളിക്കാമല്ലോ', എന്ന് മഹേഷ് ബാബു മറുപടി നല്‍കി. എന്നാല്‍, 'അതിരുകടന്ന പരിഹാസത്തിന്, നിങ്ങളുടെ ഫസ്റ്റ് ലുക്ക് വൈകിപ്പിക്കാം', എന്നായിരുന്നു രാജമൗലിയുടെ മറുപടി. 'നിങ്ങള്‍ക്ക് കൂടുതല്‍ ഇഷ്ടം വില്ലന്മാരെയാണെന്ന് എനിക്കറിയാം', എന്നായിരുന്നു പൃഥ്വിരാജിന്റെ അടുത്ത കമന്റ്.
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് വിവിധയിടങ്ങളിലായി നടന്നുവരികയായിരുന്നു. വി. വിജയേന്ദ്ര പ്രസാദാണ് തിരക്കഥ. എം.എം. കീരവാണിയാകും സംഗീതസംവിധാനം. 2028-ലായിരിക്കും ചിത്രം റിലീസിനെത്തുകയെന്നാണ് റിപ്പോര്‍ട്ട്.
Content Highlights: Mahesh Babu, SS Rajamouli, and Prithviraj Sukumaran engage in a playful social media banter about their upcoming film `SSMB29`. Find out what the stars are up to
Published: 02 Nov 2025, 01:49 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented