സ്വന്തം രൂപത്തെപ്പറ്റി ശ്രീനിവാസൻ എപ്പോഴും പറയുമായിരുന്നു. കോളേജിൽ പഠിക്കുമ്പോൾ കാണാൻ അത്ര സുന്ദരനല്ലാത്തതുകൊണ്ട് സഹപാഠികളായ വിദ്യാർഥിനികൾക്ക് സഹോദരവേഷം കെട്ടേണ്ടിവന്നതിനെപ്പറ്റി. വിജയനും ദാസനുമായി തിരശ്ശീലയിൽ നിറഞ്ഞാടുമ്പോഴും വിജയൻമാഷായി ശ്യാമളയുടെ മുന്നിൽ ചെറുതാവുമ്പോഴും ഒരു അപകർഷവും ഈ നടനെ ബാധിച്ചിരുന്നില്ല. ഒരുപക്ഷേ, മലയാള സിനിമയുടെ കഥാപാത്രനിർമിതിയിൽ ഇങ്ങനെയൊരു പരീക്ഷണം, എഴുതി അഭിനയിക്കുന്ന നടന്മാരാരും നടത്തിയിട്ടുണ്ടാവില്ല.

To advertise here,

ആദ്യകാലത്ത് കച്ചവടസിനിമയോടൊപ്പം ചേരാതെ, ഓഫ് ബീറ്റ് സിനിമകളിൽ കലാജീവിതം തുടങ്ങിയത് തന്നിലെ നടനെ സാധാരണ പ്രേക്ഷകർ എങ്ങനെ കാണും എന്ന ആശങ്കകൊണ്ടായിരിക്കണം. അഭിനയമോഹവുമായി മദിരാശിയിലെത്തിയപ്പോൾ ഗ്ലാമർ ലോകത്തേക്ക് ഒട്ടും ഗ്ലാമർ ഇല്ലാത്ത താൻ എന്തിനാണ് അഭിനയം പഠിക്കാൻവരുന്നത് എന്ന ചോദ്യം ഉയർന്നിരുന്നു. നായകനാവാൻ പ്രേംനസീർ ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ വേലക്കാരന് ആ ഗ്ലാമർ വേണ്ടല്ലോ എന്ന മറുചോദ്യംകൊണ്ട് അതിനെയെതിരിട്ട കലാകാരനാണ് ശ്രീനിവാസൻ.

എന്നാൽ, കെ.ജി. ജോർജിനെപ്പോലുള്ള മലയാള സിനിമയുടെ ക്രാഫ്റ്റ്മാൻമാരൊടൊപ്പം കൂടിയതും തിരക്കഥാരചനയിൽ അവർ പങ്കാളിയാക്കിയതും ഈ കലാകാരന്റെ ആത്മസത്തയെ ഉണർത്തി. അഭിനയശൈലികൊണ്ട് നേടിയെടുത്ത ഗ്ലാമറിലൂടെ നായകനിരയിലേക്കുയർന്ന ഈ നടന-രചനാ വൈഭവത്തിന്റെ മേളമായിരുന്നു പിന്നെ മലയാള സിനിമ കണ്ടത്. പ്രിയദർശനും സത്യൻ അന്തിക്കാടും ചേർന്നാണ് അത് പൊലിപ്പിച്ചെടുത്തത്.

'ലോക സിനിമാ ചരിത്രത്തിൽ ആദ്യമായി തളത്തിൽ ദിനേശന്റെ കഥ സിനിമയാവുന്നു' -സ്വന്തമായൊരു സിനിമ സംവിധാനം ചെയ്തപ്പോൾ വടക്കുനോക്കിയന്ത്രത്തിലെ തളത്തിൽ ദിനേശനെ അങ്ങനെയാണ് അവതരിപ്പിച്ചത്. രണ്ടാമത്തെ സംവിധാനസംരംഭമായ ചിന്താവിഷ്ടയായ ശ്യാമളയിലാവട്ടെ 'ഈ സിനിമയിലെ കഥയ്ക്കും കഥാപാത്രങ്ങൾക്കും ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി എന്തെങ്കിലും സാദൃശ്യം തോന്നുന്നെങ്കിൽ അത് യാദൃച്ഛികമല്ല, മനഃപൂർവമാണെ'ന്ന് പതിവ് സത്യവാങ്മൂലങ്ങളെ തിരിച്ചിട്ട് പ്രഖ്യാപിക്കാനുള്ള ധൈര്യം കാണിക്കുകയാണ് ചെയ്തത്. ഈ രണ്ടു വാചകവും ശ്രീനിവാസസിനിമകളുടെ രത്‌നച്ചുരുക്കമാണ്. നമുക്കുചുറ്റുമുള്ള, നമ്മളിൽത്തന്നെയുള്ള സ്വഭാവവിശേഷങ്ങളെയും മാനറിസങ്ങളെയും കഥാപാത്രങ്ങളിലേക്ക് ആവിഷ്‌കരിക്കുകയാണ് ചെയ്തത്. തളത്തിൽ ദിനേശനെയും ശ്യാമളയെയും വിജയൻമാഷെയും കാഞ്ചനയെയുമൊന്നും നാം തിരഞ്ഞ് ബുദ്ധിമുട്ടേണ്ടതില്ലെന്നു സാരം.

പി.എ. ബക്കറിന്റെ മണിമുഴക്കത്തിൽ അഭിനയിച്ചുതുടങ്ങിയ ഈ ചലചിത്രപ്രതിഭ കെ.ജി. ജോർജിന്റെ മേള, പഞ്ചവടിപ്പാലം എന്നിവ കഴിഞ്ഞ് പ്രിയദർശന്റെ ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിലെത്തുമ്പോഴാണ് മറ്റൊരു തലത്തിലേക്ക് നീങ്ങുന്നത്. വിടർന്നാടുന്ന നർമത്തിന്റെ സാധ്യതകൾ കണ്ടറിഞ്ഞശേഷം സത്യൻ അന്തിക്കാട് ശ്രീനിവാസനെ ഹൈജാക്ക് ചെയ്‌തെന്നു പറയാം. ടി.പി. ബാലഗോപാലൻ എം.എ.യും നാടോടിക്കാറ്റും പട്ടണപ്രവേശവും കഴിഞ്ഞ് സന്ദേശത്തിലത് രാഷ്ട്രീയ ആക്ഷേപഹാസ്യത്തിന്റെ തലത്തിലേക്ക് ഉയർന്നതിന് മലയാളസിനിമ സാക്ഷ്യംവഹിച്ചു. ഇടക്കാലത്ത് വാണിജ്യവിജയങ്ങൾക്ക് ശ്രീനിവാസന്റെ രചനതേടി എത്തുന്നവരുടെ എണ്ണം കൂടിയിരുന്നു. പക്ഷേ, നല്ല ചിത്രങ്ങൾ പിറവിയെടുത്തത് മനസ്സറിയുന്ന സംവിധായകർക്കൊപ്പം കൂടിയപ്പോഴാണ്. മിഥുനം, വരവേൽപ്പ്, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, പട്ടണപ്രവേശം, വെള്ളാനകളുടെ നാട്, നാടോടിക്കാറ്റ്, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, സന്മനസ്സുള്ളവർക്ക് സമാധാനം, ടി.പി. ബാലഗോപാലൻ എം.എ.... അങ്ങനെ മനസ്സിൽ തങ്ങിനിൽക്കുന്ന ശ്രീനിവാസന്റെ രചനകളുടെ എണ്ണം നീളുന്നു. റോഷൻ ആൻഡ്രൂസിനൊപ്പമുള്ള ഉദയനാണ് താരവും എം. മോഹൻ സംവിധാനംചെയ്ത കഥപറയുമ്പോഴും ഏറ്റവും ഒടുവിൽ ഞാൻ പ്രകാശനുമാണ് പിൽക്കാലത്ത് ശ്രീനിവാസസ്പർശമുള്ള മലയാള സിനിമകൾ. കഥപറയുമ്പോൾ, മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ സഹപാഠിയായിരുന്ന രജനീകാന്ത് തമിഴിലേക്ക് മൊഴിമാറ്റം നടത്തി കുസേലനാക്കി അവതരിപ്പിച്ചിരുന്നു. ഹിന്ദിയിൽ ഇത് ഷാരൂഖ്ഖാന്റെ ബില്ലുബാർബറായും എത്തി.

സാധാരണക്കാരുടെ പ്രശ്‌നങ്ങളെ ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന സിനിമകൾക്കു പുറമേ മഴയെത്തും മുൻപേ പോലുള്ള കുടുംബകഥകളും ശ്രീനിവാസന്റെ തൂലികയിൽ പിറന്നിട്ടുണ്ട്.

വടക്കുനോക്കിയന്ത്രത്തിലെ സംശയരോഗിയുടെ കോംപ്ലക്‌സുകൾ, വരവേൽപ്പിലെ തൊഴിലാളി നേതാവ്, മുതലിറക്കിയതുകൊണ്ട് മാത്രം കുത്തുപാളയെടുക്കേണ്ടിവരുന്ന പ്രവാസി, സന്ദേശത്തിലെ എന്തായിരിക്കണം എങ്ങനെയായിരിക്കണം രാഷ്ട്രീയം, ശ്യാമളയിലെ തൻകാലിൽ നിൽക്കുന്ന സ്ത്രീയും ഒളിച്ചോടുന്ന പുരുഷനും, കഥ പറയുമ്പോളിലെ സൗഹൃദത്തിന്റെ വില, ഉദയനാണ് താരത്തിലെ സൂപ്പർതാരം എന്തായിരിക്കണം, സിനിമയിൽ താരങ്ങളെ നിർമിക്കുന്ന സംവിധായകനാണ് യഥാർഥ താരം... അങ്ങനെ വിനോദത്തോടൊപ്പം ചിന്തയുടെ ഒട്ടേറെ നുറുങ്ങുകളും ഈ തൂലിക ചേർത്തുവെച്ചു.

എല്ലാറ്റിനും അതിന്റേതായ സമയമുണ്ട് ദാസാ, എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം, വേദനിക്കുന്ന കോടീശ്വരൻ, ഞാൻ പോളിടെക്നിക് പഠിച്ചു. പ്രീഡിഗ്രി അത്ര മോശം ഡിഗ്രിയൊന്നുമല്ല, പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്, എന്റെ തല... എന്റെ ഫുൾ ഫിഗർ, ക്യാമറയും ഒപ്പം ചാടട്ടെ, വെക്കടാവെടി തുടങ്ങിയ കുറിക്കുകൊള്ളുന്ന സംഭാഷണങ്ങൾകൊണ്ടും സന്ദർഭപ്രാധാന്യംകൊണ്ടും അവിസ്മരണീയമാക്കിയ രചനകളിൽനിന്ന് ഒട്ടേറെ ശൈലികളും മലയാളം സ്വന്തമാക്കി. കാർട്ടൂണിസ്റ്റുകൾ ഇതൊക്കെ ആഘോഷിച്ചിട്ടുണ്ട്.

പ്രസംഗത്തിലായാലും ഇത്തരം ശൈലിയായിരുന്നു ശ്രീനിവാസന്റേത്. മാന്നാനം കോളേജിൽ സൈക്കോളജിക്കൽ ഫിലിം ഫെസ്റ്റിവലിൽ അദ്ദേഹം ചെയ്ത ഒരു പ്രസംഗം ഇപ്പോഴും ഓർമ്മവരുന്നു. അച്ഛനാണെന്റെ ഗുരു എന്ന തലക്കെട്ടിൽ അത് ചിത്രഭൂമിക്കുവേണ്ടി റിപ്പോർട്ട് ചെയ്തിരുന്നു. സ്വന്തം ജീവിതത്തിലെ ഒരു ഏടായിരുന്നു അന്നദ്ദേഹം അവിടെ തുറന്നിട്ടത്. പഴയ തലമുറയിലെ അച്ഛൻമാരുടെ ശിക്ഷകളും കുട്ടികളെ അവരുടെ താത്പര്യങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്ന ശൈലിയുമായിരുന്നു അവിടെ വിമർശനവിധേയമായത്. മക്കളെ എങ്ങനെ വളർത്തണമെന്നകാര്യത്തിൽ അച്ഛനാണെന്റെ ഗുരു എന്നുപറഞ്ഞു. അതുകേട്ട് സന്തോഷിച്ച അച്ഛനോടുള്ള അടുത്ത ഡയലോഗ് ഇങ്ങനെയായിരുന്നു. അത് അച്ഛൻ വളർത്തിയതുപോലെയാവരുത് എന്നായിരുന്നു. അതുകേട്ട് അച്ഛൻ തകർന്നുപോയെന്നാണ് അദ്ദേഹം പറഞ്ഞത്. ഇങ്ങനെ അടുത്ത സുഹൃത്തുക്കളെയായാലും അധികാരസ്ഥാനത്തിരിക്കുന്നവരെയായാലും മുഖംനോക്കാതെ വിമർശിച്ചു തകർക്കുന്ന ശൈലി ശ്രീനിവാസന്റെ ശക്തിയായിരുന്നു. അതെ, വെള്ളിത്തിരയിലെ വി.കെ.എൻ. ആയിരുന്നു ശ്രീനിവാസൻ.

സ്വന്തം രചനയിലല്ലാതെയും ഒട്ടേറെ കഥാപാത്രങ്ങൾക്ക് ശ്രീനിവാസൻ ജീവൻപകർന്നിട്ടുണ്ട്. കൂട്ടത്തിൽ അവിരാറബേക്ക സംവിധാനംചെയ്ത തകരച്ചെണ്ട എടുത്തുപറയേണ്ട ചിത്രമാണ്. പൊൻമുട്ടയിടുന്ന താറാവ്, ആത്മകഥ, യെസ് യുവർ ഓണർ, മകന്റെ അച്ഛൻ, അറബിക്കഥ... പട്ടിക നീണ്ടുപോകും.