ശിവകാർത്തികേയനെ നായകനാക്കി സുധ കൊങ്കര സംവിധാനംചെയ്യുന്ന തമിഴ് ചിത്രമാണ് 'പരാശക്തി'. വിജയ് ചിത്രം 'ജനനായകന്' ഒപ്പം ക്ലാഷ് റിലീസ് വെച്ചതിനെത്തുടർന്ന് ചിത്രം വിവാദത്തിലാണ്. ശനിയാഴ്ചയാണ് ചിത്രം തിയേറ്ററിലെത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷനായി ശിവകാർത്തികേയനും രവി മോഹനും ശ്രീലീലയും കേരളത്തിലെത്തിയിരുന്നു. പ്രൊമോഷനിടെ ശ്രീലീലയ്ക്ക് പറ്റിയ ഒരു അമളിയാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

To advertise here,

കൊച്ചിയിലെ സെന്റ് തെരേസാസ് കോളേജിലാണ് താരങ്ങൾ എത്തിയത്. താരങ്ങൾ വിദ്യാർഥികളുമായി സംവദിക്കുന്നതിനിടെയാണ് ശ്രീലീലയ്ക്ക് അമളി പറ്റിയത്. രവി മോഹനും അഥർവയും ശിവകാർത്തികേയനുമുള്ള വേദിയിൽവെച്ച് വിദ്യാർഥികളോട് സംസാരിക്കാൻ മൈക്കെടുത്തപ്പോഴാണ് ശ്രീലീലയ്ക്ക് അബദ്ധം പിണഞ്ഞത്.

വിദ്യാർഥികളെ അഭിസംബോധന ചെയ്ത താരം, തനിക്ക് മുന്നിൽ കൂടിയിരിക്കുന്നവരിൽ എത്ര ഡോക്ടർമാർ ഉണ്ടെന്ന് ചോദിച്ചു. അല്പനേരം മറുപടിക്കായി താരം കാത്തുനിന്നു. വിദ്യാർഥികളുടെ മറുപടി താരത്തിന് വ്യക്തമായില്ല. പിന്നാലെ വേദിയിലിരിക്കുന്ന താരങ്ങളാണ് 'ഇത് ആർട്‌സ് കോളേജ് ആണ്' എന്ന് നടിയോട് പറഞ്ഞത്. ഇതുപറഞ്ഞ ശിവകാർത്തികേയനും അഥർവ്വയ്ക്കും ചിരിയടക്കാനായില്ല. രവി മോഹനും ഇരുവർക്കുമൊപ്പം കൂടി.

യുഎസിൽ തെലുങ്ക് കുടുംബത്തിൽ ജനിച്ച ശ്രീലീല എംബിബിഎസ് ബിരുദധാരിയാണ്. ശ്രീലീലയുടെ അമ്മയും ഡോക്ടറായിരുന്നു. തെലുങ്ക്, കന്നഡ ചിത്രങ്ങളിൽ ശ്രദ്ധേയവേഷങ്ങൾ ചെയ്ത നടിയുടെ തമിഴ് അരങ്ങേറ്റ ചിത്രമാണ് 'പരാശക്തി'. 'പുഷ്പ 2: ദ റൂൾ' എന്ന അല്ലു അർജുൻ ചിത്രത്തിലെ ഡാൻസ് നമ്പർ നടിക്ക് പാൻ- ഇന്ത്യൻ സ്വീകാര്യത നേടിക്കൊടുത്തു.

നന്ദമുരി ബാലകൃഷ്ണ നായകനായ 'ഭഗവന്ത് കേസരി'യിൽ ശ്രീലീല പ്രധാനവേഷം അവതരിപ്പിച്ചിട്ടുണ്ട്. 'ഭഗവന്ത് കേസരി'യുടെ തമിഴ് പതിപ്പാണ് വിജയ്‌യുടെ 'ജനനായകൻ' എന്നാണ് പറയപ്പെടുന്നത്. 'ഭഗവന്ത് കേസരി'യിൽ ശ്രീലീല അവതരിപ്പിച്ച വേഷത്തിലാണ് 'ജനനായകനി'ൽ മലയാളി താരം മമിത ബൈജു എത്തുന്നതെന്നാണ് സൂചന.