അന്തരിച്ച ഗായകൻ എസ്‌‌.പി. ബാലസുബ്രഹ്മണ്യത്തിന്റെ ചികിത്സാ ചെലവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജവാർ‌ത്തകളിൽ പ്രതികരണവുമായി മകൻ എസ്.പി. ചരൺ.  

To advertise here,

ഓഗസ്റ്റ് അഞ്ച് മുതൽ ഈ മാസം 25 വരെ എസ്.പി.ബി. ചികിത്സയിൽ കഴിഞ്ഞ ചെന്നൈ എം.ജി.എം. ആശുപത്രിയിൽ മുഴുവൻ തുകയും അടയ്ക്കാൻ കഴിയാത്തതിനാൽ മൃതദേഹം വിട്ടുനൽകാൻ വൈകിയെന്നും തമിഴ്നാട് സർക്കാരിനെ ബന്ധപ്പെട്ടപ്പോൾ അവരുടെ സഹായം ലഭിച്ചില്ലെന്നും പിന്നീട് ഉപരാഷ്ട്രപതിയെ ബന്ധപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ ഇടപെടൽ മൂലമാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയതെന്നുമായിരുന്നു വാർത്തകൾ പ്രചരിച്ചത്. 

ഇത്തരം വാർത്തകൾ വ്യാജമാണെന്നും ഇവ തെറ്റായ സന്ദേശം നൽകുമെന്നും ചരൺ വ്യക്തമാക്കുന്നു. ചികിത്സാ ചെലവ് സംബന്ധിച്ച് ഒരു വിവരവും ഇതുവരെ പുറത്ത് വിട്ടിട്ടില്ല. എന്നിട്ടും ഇത്തരം വാർത്തകൾ വന്നത് ഏറെ ദുഃഖകരമാണെന്നും എസ്.പി. ചരൺ പറയുന്നു.

"അദ്ദേഹത്തിന്‌‍റെ കുടുംബത്തെയും അടുപ്പമുള്ളവരേയും ഇത്തരം വാർത്തകൾ ഏറെ ദു:ഖത്തിലാക്കുന്നു. ഇത്തരം ആളുകൾ ചുറ്റിലുമുണ്ടെന്നത് ഹൃദയഭേദകമായ കാര്യമാണ്. ഇതൊരിക്കലും എസ്പിബിയുടെ ആരാധകരാകില്ല. കാരണം അവർക്കങ്ങനെ ചെയ്യാനാകില്ല. കാരണം അദ്ദേഹം ഒരിക്കലും ആരെയും വേദനിപ്പിച്ചിട്ടില്ല. ഇങ്ങനെ ആരെങ്കിലും ചെയ്താൽ തന്നെ അവർക്ക് മാപ്പ് കൊടുക്കുന്ന ആളാണ് അദ്ദേഹം." ചരൺ പറയുന്നു.

എസ്.പി.ബി ചികിത്സയിലിരുന്ന എം.ജി.എം ആശുപത്രി അധികൃതരോട് നന്ദി പറഞ്ഞ ചരൺ തങ്ങൾ ഒരു പത്രസമ്മേളനം ഒരുക്കുന്നുണ്ടെന്നും വ്യക്തമാക്കി. 

ഇക്കഴിഞ്ഞ സെപ്തംബർ‌ 25-നാണ് ഇതിഹാസ ​ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യം വിടവാങ്ങുന്നത്. ഓ​ഗസ്റ്റ് അഞ്ചിന് കോവിഡ് രോ​ഗബാധിതനായാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഓ​ഗസ്റ്റ് 13-ഓടെ ആരോ​ഗ്യനില വഷളായ അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. പിന്നീട് തിരിച്ചുവരവിന്റെ സൂചനകൾ കാണിച്ച എസ്.പി.ബിക്ക് സെപ്തംബർ ആദ്യവാരത്തിൽ കോവിഡ് നെ​ഗറ്റീവ് ആവുകയും ചെയ്തിരുന്നു.  എങ്കിലും വെന്റിലേറ്ററിൽനിന്നു മാറ്റിയിരുന്നില്ല. ഹൃദയാഘാതം മൂലമാണ് അദ്ദേഹം മരണപ്പെട്ടതെന്ന് ആശുപത്രി വൃത്തങ്ങൾ പുറത്ത് വിട്ട മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കിയിരുന്നു,.

Content Highlights : Sp Charan on rumors regarding sp balasubrahmanyam treatment expense