ചെന്നൈയിലെ തീയേറ്ററില്‍ രജനീകാന്തിന്റെ ആരാധകര്‍ക്കൊപ്പം അദ്ദേഹത്തിന്റെ ഐതിഹാസിക ചിത്രം 'പടയപ്പ' കണ്ട് മകള്‍ സൗന്ദര്യ രജനീകാന്ത്. ചിത്രം കാണുന്നതിനിടെ നടി സൗന്ദര്യ ആരാധകരോടൊപ്പം കൈയടിക്കുകയും വിസില്‍ മുഴക്കുകയും ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായിട്ടുണ്ട്. ചെന്നൈയിലെ രോഹിണി സില്‍വര്‍ സ്‌ക്രീന്‍സിലാണ് അവര്‍ ആരാധകര്‍ക്കൊപ്പം സിനിമ കാണാനെത്തിയത്.

To advertise here,

രജനീകാന്തിന്റെ 75-ാം ജന്മദിനത്തോടും സിനിമയിലെ 50 വര്‍ഷം പൂര്‍ത്തിയാക്കുന്നതിനോടും അനുബന്ധിച്ച് ഡിസംബര്‍ 12-നാണ് 25 വര്‍ഷം മുന്‍പ് ഇറങ്ങിയ 'പടയപ്പ' വീണ്ടും റിലീസ് ചെയ്തത്. രജനീകാന്ത് ഒരു വികാരമാണെന്നും പടയപ്പ ഒരു വികാരമാണെന്നും സിനിമ കണ്ടതിനുശേഷം അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ആരാധകരുടെ സ്‌നേഹത്തിന് അവര്‍ നന്ദി പറയുകയും ചെയ്തു.

'വളരെ സന്തോഷമുണ്ട്. 25 വര്‍ഷങ്ങള്‍ക്ക് ശേഷവും ഈ സിനിമ ആഘോഷിക്കുന്ന എല്ലാവര്‍ക്കും നന്ദി. 25 വര്‍ഷങ്ങള്‍ക്ക് ശേഷവും ഒരു പുതിയ സിനിമ കാണുന്നതുപോലെ പോലെ തോന്നി. ഡിസംബര്‍ 12-ന് സിനിമ കാണാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും അടുത്ത ദിവസം തിരുപ്പതിയാത്ര ഉള്ളതിനാൽ അന്ന് വരാന്‍ കഴിഞ്ഞില്ല. രജനീകാന്തിന് ആശംസകള്‍ നേര്‍ന്ന എല്ലാ ആരാധകര്‍ക്കും അദ്ദേഹവും കുടുംബം മുഴുവനു നന്ദി അറിയിക്കുന്നതായും അവര്‍ പറഞ്ഞു.

ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ 'പടയപ്പ' ഹൗസ്ഫുള്‍ ഷോകളും ആരാധകരുടെ ആവേശത്തിനും സാക്ഷ്യം വഹിക്കുന്നതിനിടെയാണ് സൗന്ദര്യ ആരാധകര്‍ക്കൊപ്പം സിനിമ കാണാന്‍ തീയേറ്ററിലെത്തിയത്.