തനിക്ക് അപൂർവമായ സെൻസറി ന്യൂറൽ നെർവ് കണ്ടീഷൻ സ്ഥിരീകരിച്ചുവെന്ന ​ഗായിക അൽകാ യാ​ഗ്നിക്കിന്റെ വെളിപ്പെടുത്തൽ സം​ഗീതലോകത്ത് ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. ആഴ്ചകൾക്ക് മുമ്പ് ഒരു വിമാന യാത്രയ്ക്കുശേഷം പെട്ടെന്ന് തനിക്ക് കേൾവിക്കുറവ് ഉണ്ടായെന്നും ഒന്നും കേൾക്കാതായെന്നും തുടർന്ന് സെൻസറി ന്യൂറൽ നെർവ് ഹിയറിങ് ലോസ് ആണെന്ന് സ്ഥിരീകരിച്ചതെന്നുമാണ് അവർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഇപ്പോൾ അൽകാ യാ​ഗ്നിക്കിന് ആശ്വാസവാക്കുകളുമായെത്തിയിരിക്കുകയാണ് ​ഗായകരായ സോനു നി​ഗവും ഇള അരുണും.

To advertise here,

അൽകാ യാ​ഗ്നിക്കിന് വേ​ഗത്തിലുള്ള രോ​ഗമുക്തി ആശംസിച്ചിരിക്കുകയാണ് സോനു നി​ഗവും ഇള അരുണും. എന്തോ ഒന്ന് ശരിയല്ലെന്നൊരു തോന്നൽ തനിക്ക് അനുഭവപ്പെട്ടിരുന്നുവെന്നാണ് സോനു നി​ഗത്തിന്റെ പ്രതികരണം. താൻ തിരിച്ചുവന്നാലുടൻ അൽകയെ സന്ദർശിക്കുമെന്നും ദൈവം സഹായിച്ച്  രോ​ഗാവസ്ഥയിൽനിന്ന് വേ​ഗത്തിൽ മുക്തയാവട്ടെയെന്നും സോനു നി​ഗം കൂട്ടിച്ചേർത്തു.

ഇങ്ങനെയൊരു വാർത്ത കേൾക്കാനിടവന്നതിൽ അതിയായ വിഷമമുണ്ടെന്ന് ഇള അരുൺ പ്രതികരിച്ചു. "ഞാൻ നിങ്ങളുടെ ഫോട്ടോ കണ്ട് റിയാക്ഷൻ ഇട്ടശേഷമാണ് ആ കുറിപ്പ് വായിച്ചത്. എന്റെ ഹൃദയം തകർന്നുപോയി. പക്ഷേ ദൈവത്തിന്റെ അനു​ഗ്രഹവും ഇപ്പോഴുള്ള മികച്ച ഡോക്ടർമാരും സഹായിച്ച് നിങ്ങൾ അതിവേ​ഗത്തിൽ തിരിച്ചുവരും. ഞങ്ങൾ വീണ്ടും നിങ്ങളുടെ മനോഹരമായ ശബ്ദം കേൾക്കും." ഇള പറഞ്ഞു.

ചെവിയുടെ ഉൾഭാ​ഗത്തെയോ, ചെവിയെ മസ്തിഷ്കമായി ബന്ധിപ്പിക്കുന്ന ഞരമ്പിനോ ക്ഷതംസംഭവിക്കുന്ന അവസ്ഥയാണിത്. ഒരുചെവിയെയോ രണ്ടുചെവിയേയോ ബാധിക്കാം. പ്രായപൂർത്തിയായ തൊണ്ണൂറുശതമാനം പേരിലേയും കേൾവിക്കുറവിനു പിന്നിൽ ഈ പ്രശ്നമാണ്. ഉച്ചത്തിലുള്ള ശബ്ദം, ജനിതക തകരാറുകൾ, പ്രായമാകുന്നത് തുടങ്ങിയവയൊക്കെ രോ​ഗകാരണമാകാം.