ആരോ​ഗ്യാവസ്ഥയേക്കുറിച്ച് ഇൻസ്റ്റ​ഗ്രാമിൽ കുറിപ്പ് പങ്കുവെച്ച് ​ഗായിക അൽക യാ​ഗ്നിക്. കേൾവിക്കുറവ് ഉണ്ടായതിനേക്കുറിച്ചും രോ​ഗസ്ഥിരീകരണം നടത്തിയതിനേക്കുറിച്ചുമൊക്കെയാണ് അൽകയുടെ കുറിപ്പ്. 

To advertise here,

ആഴ്ചകൾക്ക് മുമ്പ് ഒരു വിമാന യാത്രയ്ക്കുശേഷമാണ് പെട്ടെന്ന് തനിക്ക് കേൾവിക്കുറവ് ഉണ്ടായതെന്ന് അൽക പറയുന്നു. അപൂർവമായ സെൻസറി ന്യൂറൽ നെർവ് കണ്ടീഷനാണെന്നു സ്ഥിരീകരിച്ചുവെന്നും അതിനുകാരണമായത് വൈറൽ ഇൻഫെക്ഷനാണെന്നും അൽക കുറിക്കുന്നുണ്ട്. 

വിമാനത്തിൽ നിന്നിറങ്ങി നടക്കുന്നതിനിടയിലാണ് പെട്ടെന്ന് ഒന്നുംകേൾക്കാതായത്. തുടർന്നാണ് സെൻസറി ന്യൂറൽ നെർവ് ഹിയറിങ് ലോസ് ആണെന്ന് സ്ഥിരീകരിച്ചത്. എല്ലാവരും പ്രാർഥനയിൽ തന്നേയും ഉൾപ്പെടുത്തണം- അൽക കുറിക്കുന്നു. 

ഉച്ചത്തിൽ പാട്ടുകേൾക്കുകയും ഹെഡ്ഫോൺ ഉപയോ​ഗിക്കുകയും ചെയ്യുന്നശീലമുള്ള യുവാക്കൾക്ക് മുന്നറിയിപ്പ് നൽകുകയാണെന്നും അൽക പറയുന്നു. എല്ലാവരുടെയും സ്നേഹവും പിന്തുണയും തനിക്കുണ്ടാകണമെന്നും അൽക കുറിക്കുന്നു. 

എന്താണ് റെയർ സെൻസറിന്യൂറൽ ഹിയറിങ് ലോസ്?

ചെവിയുടെ ഉൾഭാ​ഗത്തെയോ, ചെവിയെ മസ്തിഷ്കമായി ബന്ധിപ്പിക്കുന്ന ഞരമ്പിനോ ക്ഷതംസംഭവിക്കുന്ന അവസ്ഥയാണിത്. ഒരുചെവിയെയോ രണ്ടുചെവിയേയോ ബാധിക്കാം. പ്രായപൂർത്തിയായ തൊണ്ണൂറുശതമാനം പേരിലേയും കേൾവിക്കുറവിനു പിന്നിൽ ഈ പ്രശ്നമാണ്. ഉച്ചത്തിലുള്ള ശബ്ദം, ജനിതക തകരാറുകൾ, പ്രായമാകുന്നത് തുടങ്ങിയവയൊക്കെ രോ​ഗകാരണമാകാം.  

ലക്ഷണങ്ങളും പ്രതിരോധവും

മറ്റൊരാൾ സംസാരിക്കുന്നത് വ്യക്തമായി കേൾക്കാൻ കഴിയായ്ക, ഫോണിൽ സംസാരിക്കുമ്പോൾ മനസ്സിലാകാതിരിക്കുക, വ്യക്തമായി സംസാരിക്കുന്നതുപോലും പിറുപിറുക്കുന്നതുപോലെ തോന്നുക തുടങ്ങിയവ ലക്ഷണങ്ങളാണ്. ഹെഡ്ഫോൺ വെക്കുമ്പോൾ ശബ്ദം കൂടാതിരിക്കുക, ഒരുമണിക്കൂറിലേറെ ഹെഡ്ഫോൺ വെക്കാതിരിക്കുക, ഉച്ചത്തിൽ ശബ്ദമുള്ള ഇടങ്ങളിൽ ചെവിയെ സംരക്ഷിക്കാനുള്ള മാർ​ഗങ്ങൾ ഉപയോ​ഗിക്കുക തുടങ്ങിയവയിലൂടെ ഇത്തരം കേൾവിക്കുറവ് ഉണ്ടാകുന്നതിനെ പ്രതിരോധിക്കാം. 

ചെവിക്ക് ദോഷമില്ലാത്ത വിധം എങ്ങനെ ഇയർഫോൺ ഉപയോ​ഗിക്കാം ?

  • ദിവസവും ഒരുമണിക്കൂറിൽ കൂടുതൽ നേരം ഇയർഫോൺ ഉപയോ​ഗിക്കാതിരിക്കുക. ചെവിക്ക് വിശ്രമം നൽകി ഇയർഫോൺ ഉപയോ​ഗിക്കാൻ ശ്രദ്ധിക്കുക. 
  • അടുത്തിരിക്കുന്നവർക്ക് കേൾക്കാൻ പാകത്തിൽ ഉച്ചത്തിൽ വെക്കാതിരിക്കുക. 85 ഡെസിബലിൽ കൂടുതൽ ശബ്ദത്തിൽ പാട്ട് കേൾക്കാതിരിക്കുക. 
  • ​ഗുണനിലവാരമില്ലാത്ത ഇയർഫോണുകൾ ഉപയോ​ഗിക്കാതിരിക്കുക. 
  • ചെവിക്കുള്ളിലേക്ക് കൂടുതലിറങ്ങി നിൽക്കുന്ന തരത്തിലുള്ള ഇയർഫോണുകൾ ഒഴിവാക്കുക. 
  • മറ്റൊരാളുടെ ഇയർഫോൺ ഉപയോ​ഗിക്കുന്ന ശീലം അരുത്.
  • ഒരുദിവസം കൂടുതൽ സമയം ഇയർഫോൺ ഉപയോ​ഗിക്കേണ്ടി വരുമ്പോൾ അടുത്ത ദിവസങ്ങളിൽ കഴിവതും ഉപയോ​ഗിക്കാതിരിക്കാൻ ശ്രമിക്കുക.