3 ഇഡിയറ്റ്സ് എന്ന സിനിമ ചെയ്യുന്നതിന് മുൻപ് പരിസ്ഥിതി പ്രവർത്തകനായ സോനം വാങ്‌ചുകിനെ നേരിട്ടുകണ്ടിട്ടില്ലെന്നും സിനിമ അദ്ദേഹത്തെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും ആമിർ ഖാൻ അവകാശപ്പെട്ടിരുന്നു. എന്നാൽ, ഈ പ്രസ്താവനയ്ക്ക് പിന്നാലെ 2008-ൽ ഇരുവരും തമ്മിൽ കണ്ടുമുട്ടിയതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുകയുണ്ടായി. ഈ വിഷയത്തിൽ ആമിർ ഖാന്റെ വാദങ്ങളെ പരിഹസിച്ചുകൊണ്ട് സോനം വാങ്‌ചുക് രംഗത്തെത്തിയിരിക്കുകയാണ്.

To advertise here,

പ്രഖർ ഗുപ്തയുമായുള്ള പോഡ്‌കാസ്റ്റിലൂടെയാണ് ആമിർ ഖാന്റെ പരാമർശത്തിന് സോനം വാങ്‌ചുക് മറുപടി നൽകിയത്. തങ്ങൾ തമ്മിൽ കണ്ടിട്ടില്ലെന്ന ആമിറിന്റെ വാദത്തെ തികച്ചും നർമ്മത്തിൽ ചാലിച്ചാണ് അദ്ദേഹം നേരിട്ടത്. ആമിർ ഖാൻ തന്റെ കഥാപാത്രങ്ങളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലുന്ന വ്യക്തിയാണെന്ന് കേട്ടിട്ടുണ്ടെന്നും, ഒരുപക്ഷേ 'ഗജിനി' സിനിമയിലെ കഥാപാത്രത്തിന്റെ വേഷത്തിലായിരുന്നതിനാൽ അദ്ദേഹത്തിന് ഷോർട്ട് ടേം മെമ്മറി ലോസ് സംഭവിച്ചിട്ടുണ്ടാകാമെന്നും വാങ്‌ചുക് തമാശയായി പറഞ്ഞു. ആമിറിന്റെ പ്രസ്താവനയിൽ തനിക്ക് അത്ഭുതമൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2008-ൽ താൻ ഒരു പുരസ്കാരം സ്വീകരിക്കുന്ന ചടങ്ങിൽ ആമിർ ഖാൻ എത്തിയിരുന്നുവെന്നും തങ്ങൾ അന്ന് വിശദമായി സംസാരിക്കുകയും ആശയങ്ങൾ പങ്കുവെക്കുകയും ചെയ്തിരുന്നുവെന്നും സോനം ഓർത്തെടുത്തു. ആമിർ ഖാൻ തന്റെ പ്രസംഗങ്ങളിലൊന്ന് കാണുന്നതിന്റെ വീഡിയോ പിന്നീട് പുറത്തുവന്നിരുന്നുവെന്നും അന്ന് അദ്ദേഹം 'ഗജിനി' സിനിമയുടെ വേഷത്തിലായിരുന്നുവെന്നും സോനം ചൂണ്ടിക്കാട്ടി. കഥാപാത്രത്തിൽ അത്രയധികം മുഴുകിപ്പോയതുകൊണ്ടാകാം ആമിർ തന്നെ മറന്നുപോയതെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്.

"അദ്ദേഹം തങ്ങളുടെ കഥാപാത്രങ്ങളിലേക്ക് അത്രയധികം ആഴ്ന്നിറങ്ങാറുണ്ടെന്ന് ഞങ്ങൾ കേട്ടിട്ടുണ്ട്. അതിനാൽ ഗജിനി എന്ന കഥാപാത്രത്തിൽ അദ്ദേഹം അത്രയധികം ലയിച്ചുപോയതായിരിക്കും. ഞാൻ ഒരു അവാർഡ് സ്വീകരിച്ച ചടങ്ങിന് അദ്ദേഹം വന്നപ്പോൾ എന്നെയും മറന്നുപോയിരിക്കാം. ഞങ്ങൾ ദീർഘനേരം കണ്ടുമുട്ടുകയും നിരവധി ആശയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തതാണ്. അദ്ദേഹം അതിനെ അടിസ്ഥാനമാക്കിയോ ജീവചരിത്രമായോ ആണ് 3 ഇഡിയറ്റ്സ് എന്ന സിനിമ ചെയ്തതെന്ന് ഞാൻ പറയില്ല. ഇതിനെയാണ് നിങ്ങൾ പ്രചോദനം എന്ന് വിളിക്കുന്നത്. അദ്ദേഹത്തിന്റെ കൈവശം ഒരു തിരക്കഥ ഉണ്ടായിരുന്നു, അതിലേക്ക് ആ സംഭാഷണങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ചേർത്തിട്ടുണ്ടാകാം. ആരെയങ്കിലും കണ്ടുമുട്ടിയതിന് ശേഷമോ അല്ലെങ്കിൽ ഒരു സംഭാഷണത്തിന് ശേഷമോ തനിക്ക് ലഭിച്ച ഒരു ആശയം അദ്ദേഹം തിരക്കഥയിൽ ചേർത്തുവെന്നത് അദ്ദേഹത്തിന്റെ സഹ-എഴുത്തുകാർക്കോ സംവിധായകർക്കോ മനസ്സിലായിട്ടുണ്ടാകില്ല. അതുകൊണ്ട് എനിക്ക് യാതൊരു പ്രശ്നവുമില്ല. അതങ്ങ് വിട്ടേക്കൂ." വാങ്ചുക്കിന്റെ പ്രതികരണം ഇങ്ങനെ.

ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ (BFI) നടന്ന ഒരു പരിപാടിക്കിടെയാണ് സോനം വാങ്‌ചുകിന്റെ നിരാഹാര സമരത്തെക്കുറിച്ചും '3 ഇഡിയറ്റ്സ്' സിനിമയെക്കുറിച്ചുമുള്ള ചോദ്യത്തിന് ആമിർ ഖാൻ മറുപടി നൽകിയത്. സിനിമ ചെയ്യുന്ന സമയത്ത് തനിക്ക് സോനം വാങ്‌ചുക്കിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും സിനിമയിലെ കഥാപാത്രം അദ്ദേഹത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നത് ഒരു തെറ്റിദ്ധാരണ മാത്രമാണെന്നും ആമിർ ഖാൻ പറഞ്ഞു. സംവിധായകൻ രാജ്കുമാർ ഹിരാനിക്കോ തിരക്കഥാകൃത്ത് അഭിജാതിനോ തനിക്കോ ആ സമയത്ത് സോനത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് ആമിർ വ്യക്തമാക്കി. സോനം വാങ്‌ചുക് ചെയ്യുന്നത് മികച്ച ജോലിയാണെന്നും അദ്ദേഹത്തെ ബഹുമാനിക്കാൻ സിനിമയിലെ കഥാപാത്രത്തിന്റെ പശ്ചാത്തലം ആവശ്യമില്ലെന്നും പറഞ്ഞിരുന്നു.

രാജ്കുമാർ ഹിറാനി സംവിധാനം ചെയ്ത് 2009-ൽ പുറത്തിറങ്ങിയ '3 ഇഡിയറ്റ്സ്' ബോളിവുഡിലെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച ചിത്രങ്ങളിലൊന്നാണ്. എഞ്ചിനീയറിംഗ് കോളേജ് പശ്ചാത്തലമാക്കിയുള്ള ഈ ചിത്രം വലിയ വാണിജ്യ വിജയമാണ് നേടിയത്. മാധവൻ, ശർമൻ ജോഷി, ബോമൻ ഇറാനി, കരീന കപൂർ എന്നിവരായിരുന്നു മുഖ്യവേഷങ്ങളിൽ.