ഭിനയരം​ഗത്തുനിന്നും രാഷ്ട്രീയത്തിലെത്തി, കേന്ദ്രമന്ത്രിവരെ ആയ വ്യക്തിയാണ് സ്മൃതി ഇറാനി. രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായതോടെ അവർ അഭിനയരം​ഗത്തുനിന്ന് വിട്ടുനിൽക്കുകയായിരുന്നു. എന്നാൽ സ്മൃതി ഇറാനി വീണ്ടും അഭിനയരം​ഗത്തേക്കെത്തുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ.   ജനപ്രിയ പരമ്പരയായ 'ക്യുങ്കി സാസ് ഭി കഭി ബഹു ഥി'യുടെ രണ്ടാം ഭാ​ഗത്തിൽ സ്മൃതി മുൻപ് താനവതരിപ്പിച്ച അതേ വേഷത്തിലെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

To advertise here,

'ക്യുങ്കി സാസ് ഭി കഭി ബഹു ഥി'യുടെ രണ്ടാം ഭാ​ഗത്തിൽ വേഷമിടാൻ സ്മൃതി സമ്മതം മൂളിയെന്നും ഈ മാസം എട്ടിന് കരാർ ഒപ്പിട്ടുവെന്നുമാണ് സൂം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തന്റെ ജനപ്രിയ കഥാപാത്രമായ തുളസി വിരാനിയായാണ് സ്മൃതി എത്തുക. 150 എപ്പിസോഡുകളായിരിക്കും പരമ്പരയ്ക്ക് ഉണ്ടാവുക. കാലത്തിനൊത്ത കഥപറച്ചിൽ ശൈലിയിലായിരിക്കും പരമ്പരയെത്തുകയെന്നും വിവിധ മാധ്യമറിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

'ക്യുങ്കി സാസ് ഭി കഭി ബഹു ഥി-2' ന്റെ ചിത്രീകരണം നേരത്തേ ആരംഭിച്ചിരുന്നുവെങ്കിലും സ്മൃതി കരാറിൽ ഒപ്പുവെച്ചിരുന്നില്ല. ഈയാഴ്ചയാണ് നിർമാതാവ് ഏക്താ കപുറുമായി സ്മൃതി കരാറിലേർപ്പെട്ടതെന്നും റിപ്പോർട്ടുണ്ട്. ഈ പരമ്പരയുടെ ആദ്യഭാ​ഗത്ത് പ്രധാനവേഷത്തിലെത്തിയ അമർ ഉപാധ്യായയോടൊപ്പം സ്മൃതി അടുത്തിടെ ഏക്താ കപുറിൻ്റെ ജന്മദിന പാർട്ടിക്കെത്തിയിരുന്നു. നടിമാരായ കരിഷ്മ തന്നയും അനിത ഹസ്സനന്ദാനിയും പാർട്ടിയിൽ പങ്കെടുത്തിരുന്നു.

ഇന്ത്യൻ ടെലിവിഷനിലെ ഏറ്റവും വിജയകരമായ ഷോകളിൽ ഒന്നായിരുന്നു 'ക്യുങ്കി സാസ് ഭി കഭി ബഹു ഥി'. ഇതിലെ അഭിനേതാക്കളുടെ കരിയറിലും പരമ്പര ഒരു വഴിത്തിരിവായി. മാതൃകാ മരുമകളായ തുളസി വിരാനി (സ്മൃതി ഇറാനി)യുടെ കഥയാണ് ശോഭ കപൂറും ഏക്ത കപൂറും ചേർന്ന് നിർമ്മിച്ച പരമ്പര പറഞ്ഞത്. ഭർത്താവ് മിഹിർ വിരാനി (അമർ ഉപാധ്യായ)യും കുട്ടികളുമെല്ലാം നിറഞ്ഞ തുളസിയുടെ ജീവിതമായിരുന്നു പരമ്പരയിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിയത്.

2000 മുതൽ 2008 വരെയാണ് 'ക്യുങ്കി സാസ് ഭി കഭി ബഹു ഥി' ടെലിവിഷനിൽ സംപ്രേഷണം ചെയ്തത്. അമിതാഭ് ബച്ചൻ അവതാരകനായ 'കോൻ ബനേഗാ ക്രോർപതി'യോടൊപ്പം ആരംഭിച്ച ഈ ഷോ ഏഴ് വർഷത്തോളം ടിആർപി ചാർട്ടുകളിൽ ഒന്നാം സ്ഥാനത്തെത്തി. ഈ പരമ്പരയിലൂടെ ഇന്ത്യൻ ടെലിവിഷൻ അക്കാദമി അവാർഡുകളിൽ നിന്ന് മികച്ച നടി - ജനപ്രിയ വിഭാഗത്തിൽ സ്മൃതി തുടർച്ചയായി അഞ്ച് അവാർഡുകളും രണ്ട് ഇന്ത്യൻ ടെലി അവാർഡുകളും നേടി.