ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിനേത്തുടർന്നുണ്ടായ മഴയിലും വെള്ളപ്പൊക്കത്തിലും തമിഴ്നാടിന്റെ വിവിധഭാ​ഗങ്ങൾ അനുഭവിച്ച ദുരിതം കുറച്ചൊന്നുമല്ല. വെള്ളപ്പൊക്കം സൃഷ്ടിച്ച കെടുതികളിൽ നിന്ന് സംസ്ഥാനം പതിയെ കരകയറി വരികയാണ്. ഇപ്പോൾ ദുരിതബാധിതരെ സഹായിക്കാൻ മുന്നോട്ടുവന്നിരിക്കുകയാണ് നടൻ ശിവ കാർത്തികേയൻ. സംസ്ഥാന ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുംചെയ്തു താരം.

To advertise here,

കഴിഞ്ഞദിവസം ശിവ കാർത്തികേയൻ തമിഴ്നാട് മന്ത്രിയും നിർമാതാവുമായ ഉദയനിധി സ്റ്റാലിനെ സന്ദർശിച്ചിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളിയാവാൻ സന്നദ്ധത പ്രകടിപ്പിച്ച താരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള പത്ത് ലക്ഷം രൂപയുടെ ചെക്ക് ഉദയനിധിക്ക് കൈമാറി. എക്സ് അക്കൗണ്ടിലൂടെ ഉദയനിധിയാണ് ഇക്കാര്യം അറിയിച്ചത്. ഇരുവരും ഒരുമിച്ചുള്ള ചിത്രവും ഉദയനിധി പോസ്റ്റ് ചെയ്തു.

മിഷോങ് കൊടുങ്കാറ്റിനെ തുടർന്ന് കോർപ്പറേഷൻ വിവിധ ദുരിതാശ്വാസ പ്രവർത്തനങ്ങൾ മുടങ്ങാതെ നടത്തിവരികയാണ്. നമ്മുടെ സർക്കാരിന്റെ ഈ ഉദ്യമത്തിന് പിന്തുണയായി നിരവധി സംഘടനകളും പ്രസ്ഥാനങ്ങളും വ്യക്തികളും ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നൽകുന്നുണ്ട്. ഈ സാഹചര്യത്തിൽ, നടനും സഹോദരനുമായ ശിവ കാർത്തികയേൻ ഞങ്ങളെ സന്ദർശിച്ച് നടനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപയുടെ ചെക്ക് സമ്മാനിച്ചു. അദ്ദേഹത്തോടുള്ള സ്നേഹവും നന്ദിയും അറിയിക്കുന്നു. നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം, പ്രകൃതി ദുരന്തങ്ങൾ ഉണ്ടാക്കുന്ന ദുരിതം തുടച്ചുനീക്കാം. ഉദയനിധി എക്സിൽ കുറിച്ചു.

കനത്തമഴയെത്തുടർന്ന് വെള്ളക്കെട്ടിലായ പ്രദേശങ്ങളിൽ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്. സംസ്ഥാനത്തെ സ്കൂൾ അർധവാർഷിക പരീക്ഷ തുടങ്ങുന്നത് ബുധനാഴ്ചത്തേക്ക് മാറ്റിയതായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചിട്ടുണ്ട്. കനത്തമഴയെ തുടർന്ന് ചെന്നൈ, ചെങ്കൽപ്പെട്ട്, തിരുവള്ളൂർ, കാഞ്ചീപുരം ജില്ലകളിൽ വെള്ളംകയറിയതിനാൽ ഈ മാസം നാലുമുതൽ ഒൻപതുവരെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചിരുന്നു. സ്കൂളുകൾ തിങ്കളാഴ്ചതന്നെ തുറക്കും.

അതേസമയം തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ച വെള്ളപ്പൊക്ക ദുരിതാശ്വാസം ഒരാഴ്ചയ്ക്കുള്ളിൽ 37 ലക്ഷം കുടുംബങ്ങൾക്ക് ലഭിക്കും. ഒരു കുടുംബത്തിന് 6000 രൂപവീതമാണ് സഹായം നൽകുന്നത്. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപ്പേട്ട് ജില്ലകളിൽ പ്രളയം ബാധിച്ചവർക്കാണ് സഹായം. ചെന്നൈ ജില്ലയിലെ 95 ശതമാനം കുടുംബങ്ങൾക്കും സഹായം ലഭിക്കും. മറ്റു ജില്ലകളിൽ പകുതിയിലേറെ കുടുംബങ്ങൾക്കും പണം ലഭിക്കും.