
കോളേജ് പരിപാടിയിൽ പാടുന്നതിനിടെ ഗായകൻ ജാസി ഗിഫ്റ്റിന്റെ കയ്യിൽനിന്ന് പ്രിൻസിപ്പൽ മൈക്ക് പിടിച്ചുവാങ്ങിയ സംഭവം കൂടുതൽ ചൂടുപിടിക്കുന്നു. സംഭവത്തിൽ പ്രതിഷേധവുമായി ഗായകൻ ജി. വേണുഗോപാൽ രംഗത്തെത്തി. ജാസി ഗിഫ്റ്റിനോടുചെയ്തത് സംസ്ക്കാരവിഹീനമായതും വൃത്തികെട്ടതുമായ പ്രവൃത്തിയാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
ഒരു പാട്ടുകാരൻ, കലാകാരൻ, അയാൾ വേദിയിൽ പെർഫോം ചെയ്യുമ്പോൾ വേദിയിൽ കടന്ന് വന്ന് അയാളെ തടസ്സപ്പെടുത്തുക എന്ന് പറയുന്നത് സംസ്ക്കാരവിഹീനമായ, വൃത്തികെട്ട ഒരു പ്രവൃത്തിയാണെന്ന് ജി.വേണുഗോപാൽ പറഞ്ഞു. ഒരു കോളേജ് പ്രിൻസിപ്പലാണ് ഇത് ചെയ്തത് എന്ന് കേൾക്കുമ്പോൾ നടുക്കം. കലാലയങ്ങൾ പലത് കൊണ്ടും കലാപാലയങ്ങളായ് തീരുമ്പോൾ അവയെ നയിക്കുന്ന ചിലരെങ്കിലും അതിനൊത്ത് ചേർന്ന് വരുന്നുവെന്ന് മാത്രം. നല്ല അദ്ധ്യാപകരും പ്രിൻസിപ്പൾമാരും കേരളത്തിലുണ്ടെന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടമെന്നും വേണുഗോപാൽ പറഞ്ഞു.
'അനിതരസാധാരണനായ ഒരു കലാകാരനും വ്യക്തിയുമാണ് ജാസി. എല്ലാം ഉള്ളിലൊതുക്കി മസിലുപിടിച്ച് എന്തും കാണുകയും കേൾക്കുകയും ഒന്നിനേയും അംഗീകരിക്കാതിരിക്കുകയും ചെയ്യുന്ന മലയാളിയെ ആദ്യമായി ഷർട്ടൂരി തലയ്ക്ക് മുകളിൽ കറക്കി നൃത്തം ചെയ്യിച്ചേറ്റു പാടിപ്പിച്ചയാളാണ് ജാസി. മലയാള സിനിമാ സംഗീതം ജാസിക്ക് മൻപും പിൻപും എന്നൊരു വിഷയത്തിന് സാധ്യതയേറെയാണ്. എൻ്റെ സിനിമാ സംഗീത ജീവിതത്തിലെ വലിയൊരു നിരാശ ജാസിയുടെ ആദ്യ സിനിമയായ For the people ൽ ഞാൻ പാടി പുറത്ത് വരാത്ത പാദസരമേ കിലുങ്ങാതെ " എന്ന പാട്ടാണ്. "അതെൻ്റെ കയ്യിൽ നിന്നും പോയി ചേട്ടാ " എന്ന് ജാസി നിരാശയോടെ പറയും. ആരോടും വിരോധമോ വിദ്വേഷമോ ഇല്ലാത്ത സരസനായ, ഇത്ര നർമ്മബോധമുള്ള മറ്റൊരു സംഗീതജ്ഞനെ കാണാൻ പ്രയാസമാണ്. കയ്യിലെ മൈക്ക് തട്ടിപ്പറിക്കുമ്പോൾ ഒരു ഏറ്റുമുട്ടലിനും നിൽക്കാതെ ഇറങ്ങി വന്ന ജാസിയുടെ ഉള്ളിലൂറി വന്ന ചിരിയും ചിന്തയും ഇതായിരുന്നിരിക്കണം...... "ഇത് വച്ചൊരു പാട്ടും റാപ്പും ഞാനുണ്ടാക്കി കാണിച്ചു തരാം ടീച്ചറേ." തീയിൽ കുരുത്തവനുണ്ടോ കോലഞ്ചേരിയിൽ വാടുന്നു?' വേണുഗോപാൽ കൂട്ടിച്ചേർത്തു.
എറണാകുളം കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിലാണ് വിവാദത്തിനാസ്പദമായ സംഭവം നടന്നത്. തനിക്കൊപ്പം പാടാനെത്തിയ ആളെ പ്രിൻസിപ്പൽ പാടാൻ അനുവദിക്കാതിരുന്നതിനെ തുടർന്ന് പാട്ട് പൂർത്തിയാക്കാതെ ജാസി ഗിഫ്റ്റ് വേദിയിൽനിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. വിദ്യാർഥികൾ ക്ഷണിച്ചതുപ്രകാരമാണ് കോളജ് ഡേ യിൽ മുഖ്യാതിഥിയായി ജാസി ഗിഫ്റ്റ് എത്തിയത്. വിദ്യാർത്ഥികളുടെ അഭ്യർത്ഥനപ്രകാരമാണ് പാടിയത്. അതിനിടെ പ്രിൻസിപ്പൽ വേദിയിലേക്ക് എത്തി. ജാസി ഗിഫ്റ്റ് മാത്രം പാടിയാൽ മതിയെന്നും കൂടെയുള്ള ആളെ പാടാൻ അനുവദിക്കില്ലെന്നും ജാസി ഗിഫ്റ്റിന്റെ കൈയിൽ നിന്ന് മൈക്ക് വാങ്ങിക്കൊണ്ട് അറിയിച്ചു. തുടർന്ന് ഗായകൻ വേദിയിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
Content Highlights: singer g venugopal facebook post on jassie gift
Published: 17 Mar 2024, 09:45 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented