തമിഴിലെ പ്രശസ്ത നടനും സംവിധായകനും സം​ഗീതസംവിധായകനുമായ ടി. രാജേന്ദ്രനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട്ടിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. ഇപ്പോൾ പിതാവിന്റെ ആരോ​ഗ്യസ്ഥിതിയെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുകയാണ് മകനും നടനുമായ സിലമ്പരസൻ. രാജേന്ദർ സുഖം പ്രാപിക്കുന്നതായി ചിമ്പു പറഞ്ഞു.

To advertise here,

പെട്ടെന്നുള്ള നെഞ്ചുവേദനയെ തുടർന്നാണ് അച്ഛനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ വയറ്റിൽ ചെറിയ രക്തസ്രാവമുള്ളതായി കണ്ടെത്തി. കൂടുതൽ മെച്ചപ്പെട്ട ചികിത്സ തേടണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. അതുകൊണ്ട് ചികിത്സയുടെ അടുത്ത ഘട്ടത്തിനായി വിദേശത്തേക്ക് പോകണമെന്നാണ് കരുതുന്നത്. ഇപ്പോൾ അച്ഛന് ബോധം വരികയും സുഖം പ്രാപിക്കുകയും ചെയ്തുവരുന്നു. ചികിത്സയ്ക്ക് ശേഷം എല്ലാവരേയും അദ്ദേഹം നേരിൽക്കാണും. എല്ലാവരുടേയും സ്നേഹത്തിനും പ്രാർത്ഥനയ്ക്കും നന്ദി. ചിമ്പു ട്വീറ്റ് ചെയ്തു.

നിരവധി ചിത്രങ്ങളിൽ നായകനായും സംവിധായകനായും സം​ഗീത സംവിധായകനായും കഴിവു തെളിയിച്ചയാളാണ് ടി. രാജേന്ദർ. അദ്ദേഹത്തിന്റെ സിനിമകളിൽ ബാലതാരമായി അഭിനയിച്ചാണ് സിലമ്പരസൻ എന്ന ചിമ്പു സിനിമയിലെത്തിയത്. ടി. രാജേന്ദറിന്റെ തന്നെ കാതൽ അഴിവതില്ലൈ എന്ന ചിത്രത്തിലൂടെയാണ് ചിമ്പു നായകനായി അരങ്ങേറിയതും. ​ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന 'വെന്ത് തണിന്തത് കാട്', ഒബെലി എൻ. കൃഷ്ണയുടെ 'പത്ത് തല' എന്നിവയാണ് താരത്തിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.