ഗോവ: 57-ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐ.എഫ്.എഫ്.ഐ.) ഭാഗമായി സംഘടിപ്പിച്ച WIF India × Google Flow Filmathon 2026-ൽ സിൽവർ പുരസ്‌കാരവും രണ്ടാം സമ്മാനമായ എട്ടു ലക്ഷം രൂപയും നേടി കേരളത്തിൽ നിന്നുള്ള ചലച്ചിത്രകാരനും പരസ്യരംഗത്തെ ക്രിയേറ്റീവ് ലീഡറുമായ ശ്യാം മനോഹർ. പൂർണമായും തമിഴിൽ നിർമിച്ച നാലുമിനിറ്റ് ദൈർഘ്യമുള്ള എ.ഐ. ഹ്രസ്വചിത്രമായ 'കുഴി' (KULI) ആണ് പുരസ്‌കാരത്തിന് അർഹമായത്.

To advertise here,

ഒരു ഗ്രാമത്തിൽ ഒരാൾ കുഴിയെടുക്കാൻ തുടങ്ങുന്നു. എന്തിനാണ് കുഴിയെടുക്കുന്നതെന്ന് അയാൾ ആരോടും പറയുന്നില്ല. എന്നാൽ, അധികം വൈകാതെ ഗ്രാമത്തിലുള്ള ഓരോരുത്തർക്കും അതിന് ഓരോ കാരണങ്ങളുണ്ടാകും. ഈ ലളിതമായ പ്രമേയമാണ് രസകരമായ ആക്ഷേപഹാസ്യത്തിലൂടെ 'കുഴി' എന്ന ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് ശ്യാം മനോഹറിന് പുരസ്‌കാരം സമ്മാനിച്ചു. WIF ഇന്ത്യ സ്ഥാപകയും സി.ഇ.ഒയും ഓസ്‌കർ പുരസ്‌കാര ജേതാവായ നിർമാതാവുമായ ഗുനീത് മോംഗ കപൂർ, സംവിധായകൻ അശുതോഷ് ഗോവാരിക്കർ, ഗൂഗിൾ ടെക്‌നോളജി ആൻഡ് സൊസൈറ്റി ഡയറക്ടർ ഡോ. ആരതി സേതുമാധവൻ, ഗൂഗിൾ എൻവിഷനിങ് സ്റ്റുഡിയോ ഗ്ലോബൽ ലീഡ് പ്രശാന്ത് പോളോസ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

ദീപു അന്തിക്കാട് ചിത്രത്തിന്റെ ക്രിയേറ്റീവ് പാർട്ണറായിരുന്നു. 'സത്യത്തിൽ വളരെ ചെറിയൊരു ആശയമായിരുന്നു ഇത്. ഒരാൾ കുഴിയെടുക്കുന്നു, എന്തിനാണെന്ന് പറയുന്നില്ല. അപ്പോൾ എല്ലാവരും അതിന്റെ കാരണം സ്വയം കണ്ടെത്തുന്നു. അത്രയേയുള്ളൂ സിനിമയുടെ പ്രമേയം. മിക്ക അഭ്യൂഹങ്ങളും രൂപപ്പെടുന്നതും ഇങ്ങനെയാണ്. ആർക്കും സത്യമറിയില്ല, പക്ഷേ എല്ലാവർക്കും പറയാൻ ഓരോ കഥകളുണ്ടാകും. പുതിയ പരീക്ഷണങ്ങൾക്ക് അവസരം നൽകിയ ണകഎ ഇന്ത്യയോടും ഗൂഗിളിനോടും നന്ദിയുണ്ട്. ചിത്രത്തിലെ നർമം ജൂറിയുമായും പ്രേക്ഷകരുമായും സംവദിച്ചതിൽ ഏറെ സന്തോഷമുണ്ട്,' ശ്യാം മനോഹർ പറഞ്ഞു.

ഇടുക്കിയിൽ ജനിച്ച ശ്യാം മനോഹർ, ദുബായിലും ബെംഗളൂരുവിലും ഓഫീസുകളുള്ള സുത്ര കമ്മ്യൂണിക്കേഷൻസിന്റെ സഹസ്ഥാപകനും ചീഫ് ക്രിയേറ്റീവ് ഓഫീസറുമാണ്. ഏകദേശം മൂന്ന് പതിറ്റാണ്ടായി പരസ്യരംഗത്ത് പ്രവർത്തിക്കുന്ന അദ്ദേഹം 300-ലേറെ ടെലിവിഷൻ പരസ്യചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. പരസ്യ- ചലച്ചിത്ര മേഖലകളിലെ നിരവധി ക്രിയേറ്റീവ് ടീമുകൾക്കും നേതൃത്വം നൽകി.

ദേശീയ, രാജ്യാന്തര ചലച്ചിത്രമേളകളിലായി അദ്ദേഹത്തിന്റെ എഐ ചിത്രങ്ങൾ 25-ലേറെ പുരസ്‌കാരങ്ങളും അംഗീകാരങ്ങളും നേടിയിട്ടുണ്ട്. നിരവധി രാജ്യാന്തര ചലച്ചിത്രമേളകളിൽ പുരസ്‌കാരങ്ങൾ നേടിയ 'ബ്ലൂ ബുദ്ധ', AI Film Festival Bali 2026-ൽ മികച്ച എ.ഐ. ഫീച്ചർ ഫിലിമായി തിരഞ്ഞെടുക്കപ്പെട്ട 'ദ മാൻ ഹു സോൾഡ് ഹിസ് മെമ്മറീസ്' എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സൃഷ്ടികളാണ്.