താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവെക്കാനുണ്ടായ കാരണം വിശദമാക്കി ശ്വേതാ മേനോൻ. ഫെയ്ബുക്ക് പോസ്റ്റിലൂടെയാണ് നടി വിശദീകരണം നടത്തിയത്. തന്നോടൊപ്പം നിന്ന എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്. യാതൊരു അടിസ്ഥാനവുമില്ലാത്ത വ്യക്തിഹത്യയും വ്യക്തി അധിക്ഷേപവും തുടർച്ചയായി നേരിട്ടപ്പോൾ, നിലപാടുള്ള ഒരു സ്ത്രീ എന്ന നിലയിൽ അമ്മയിൽ നിന്നും രാജിവെക്കാനാണ് താൻ തീരുമാനിച്ചതെന്നും ആ തീരുമാനം ബലഹീനതകൊണ്ടായിരുന്നില്ല, ആത്മാഭിമാനംകൊണ്ടായിരുന്നുവെന്നും ശ്വേതാ മേനോൻ വ്യക്തമാക്കി. തന്റെ വാക്കുകൾ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കേണ്ടത് പ്രധാനമാണെന്ന് കരുതുന്നതുകൊണ്ടാണ് കുറിപ്പ് പങ്കുവെക്കുന്നതെന്നും ശ്വേതാ മേനോൻ കൂട്ടിച്ചേർത്തു.

To advertise here,

‘അമ്മ’യിൽ പൊട്ടിത്തെറി; രാജി പ്രഖ്യാപിച്ച് ശ്വേതാ മേനോൻ, അനുനയിപ്പിക്കാൻ അംഗങ്ങൾ

ഫെയ്‌സ്ബുക്ക് കുറിപ്പ്

ഭാഗം 1- എന്നോടൊപ്പം നിന്ന എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. എന്നാൽ എന്റെ വാക്കുകൾ ഞാൻ തന്നെ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കേണ്ടത് പ്രധാനമാണെന്ന് ഞാൻ കരുതുന്നു.

ആരുടേയും കളിപ്പാവയാകാൻ മനസ്സില്ലാത്തതുകൊണ്ടാണ് ഞാൻ രാജിവെച്ചത്. അമ്മയുടെ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ക്രൈം നന്ദകുമാർ, മാർട്ടിൻ മേനാച്ചേരി പോലുള്ളവരെ മുന്നിൽ നിർത്തി എനിക്കെതിരെ ദുഷ്പ്രചരണങ്ങളും കെട്ടിച്ചമച്ച ആരോപണങ്ങളും നടത്തി.

അതിനിടയിലും, അമ്മയിലെ ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണയോടെ ഞാൻ തിരഞ്ഞെടുപ്പിൽ വിജയിച്ചു. എന്റെ കഴിവിന്റെ പരമാവധി ഞാൻ എല്ലാം നന്നായി ചെയ്തുവെന്ന് ഞാനവർക്ക് ഉറപ്പ് നൽകാം.

നിർഭാഗ്യവശാൽ, ചില മുൻ കമ്മിറ്റി അംഗങ്ങളുടെ തെറ്റായ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഞങ്ങൾക്ക് ഒരിക്കലും അവസരം ലഭിക്കില്ലെന്ന് ചില താത്പ്പര്യക്കാർ ഉറപ്പാക്കി. കഴിഞ്ഞ രണ്ട് ടേമുകളിലെയും അക്കൗണ്ടുകൾ, ഞങ്ങളുടെതും ഉൾപ്പെടെ, സമഗ്രമായി പരിശോധിക്കണം. പൂർണമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കാൻ ഒരു ഫോറൻസിക് ഓഡിറ്റ് നടത്തണം. എന്റെ രാജിക്ക് ശേഷവും, പുതുതായി ഇറക്കുമതി ചെയ്ത ചില കഥാപാത്രങ്ങളിലൂടെ വീണ്ടും ദുഷ്പ്രചരണങ്ങളും കെട്ടിച്ചമച്ച ആരോപണങ്ങളും വ്യക്തിഹത്യാ ശ്രമങ്ങളും തുടരുകയാണ്. അതുകൊണ്ട് ഞാൻ ഒരു കാര്യം വളരെ വ്യക്തമാക്കട്ടെ, ഞാൻ സംഘിയുമല്ല, കമ്യൂണിസ്റ്റുമല്ല.

ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരിന്റെയോ അല്ലെങ്കിൽ എൽഡിഎഫ് നയിച്ച മുൻ സംസ്ഥാന സർക്കാരിന്റെയോ ഒരു ചടങ്ങിന് പോലും ക്ഷണം ഉണ്ടായിരുന്നിട്ടും ഞാൻ പോയിട്ടില്ല. അമ്മ പ്രസിഡന്റ് ആകുന്നതിന് മുമ്പോ, അമ്മ പ്രസിഡന്റ് ആയതിന് ശേഷമോ അങ്ങനെയുണ്ടായിട്ടില്ല.

എല്ലാവരും ഈ ക്ഷണങ്ങൾക്കായി തിരക്കിട്ടുനടന്നപ്പോൾ ഞാൻ അകന്നുനിന്നു. യാതൊരു അടിസ്ഥാനവുമില്ലാത്ത വ്യക്തിഹത്യയും വ്യക്തി അധിക്ഷേപവും തുടർച്ചയായി നേരിട്ടപ്പോൾ, നിലപാടുള്ള ഒരു സ്ത്രീ എന്ന നിലയിൽ അമ്മയിൽ നിന്നും രാജിവെക്കാനാണ് ഞാൻ തീരുമാനിച്ചത്. ആ തീരുമാനം ബലഹീനതകൊണ്ടായിരുന്നില്ല. അത് ആത്മാഭിമാനംകൊണ്ടായിരുന്നു.
തുടരും...പിക്ചർ അബീ ബാക്കി ഹെ മേരെ ദോസ്ത്.
ശ്വേതാ മേനോൻ

ജൂൺ 21-ന് കൊച്ചിയിൽ നടന്ന 'അമ്മ' ജനറൽ ബോഡി യോഗത്തിൽ നാടകീയ സംഭവങ്ങൾക്കുപിന്നാലെയാണ് ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി കൂട്ടരാജി നൽകിയത്. ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ ഉൾപ്പെടെ 17 അംഗ ഭരണസമിതിയിലെ എല്ലാവരും രാജിവെച്ചിരുന്നു. അധികാരമേറ്റ് ഒരുവർഷം പൂർത്തിയാകുംമുമ്പായിരുന്നു പടിയിറക്കം.