കല്പറ്റ: കേരള ഫിലിം ക്രിട്ടിക്സ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ അവാർഡ് പ്രഖ്യാപനം വന്നപ്പോൾ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം ഹണിറോസിനൊപ്പം പങ്കിട്ട നടിയെ കണ്ട് എല്ലാവരും ചോദിച്ചു; അത്ര പരിചയം പോരല്ലോ? ആരാണിവർ എന്ന്. പുരസ്കാ‌‌‌‌‌‌‌രത്തിന്റെ തിളക്കം മനസ്സിൽതട്ടി എല്ലാവരും ഗൂഗിളിൽ തിരയാൻ ആരംഭിച്ചു -ശുഭ വയനാട്. കഥാപ്രസംഗത്തിൽനിന്ന് നാടകത്തിലേക്ക്. അവിടെനിന്ന് സിനിമയിലേക്ക്. ആ യാത്രയിൽ തന്റെ രണ്ടാമത്തെ സിനിമയ്ക്കുതന്നെ മികച്ച അംഗീകാരം. ആ പേര് അങ്ങനെ സിനിമാപ്രേമികളുടെ മനസ്സിൽ ഇടംതേടുകയാണ്.

To advertise here,

ആയിരത്തോളം നാടകങ്ങളിൽ അഭിനേത്രിയായി തിളങ്ങിയശേഷം ബിഗ്സ്‌ക്രീനിലേക്കെത്തിയ ശുഭയ്ക്ക് ഫിലിം ക്രിട്ടിക്സ് പുരസ്കാരം ഇപ്പോഴും വിശ്വസിക്കാനാവുന്നതിലും അകലെയാണ്. ‘ശാന്തി: ദ റിഫ്ലക്‌ഷൻ ഓഫ് ട്രൂത്ത്’ എന്ന ഉടനെ റിലീസാവാനിരിക്കുന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അനശ്വരമാക്കിയതിനാണ് ശുഭയെ തേടി പുരസ്കാരമെത്തിയത്.

ബത്തേരി സ്വദേശിയായ ശുഭ അച്ഛൻ കാഥികനും അധ്യാപകനുമായിരുന്ന കെ. പീതാംബരന്റെ നിഴലിലാണ് കലാജീവിതത്തിലേക്ക് എത്തുന്നത്. അമ്മ അധ്യാപികയായിരുന്ന കസ്തൂരിബായിയും ഒപ്പംനിന്നു. കെ.പി.എ.സി.യുടെ ‘ഒളിവിലെ ഓർമ്മകളിൽ’ ഒരുവർഷം ശുഭ അഭിനേത്രിയായി. കോവിഡിനുമുൻപ് ‘ഒരു മാസ് കഥ വീണ്ടും’ എന്ന സിനിമയിലൂടെ ബിഗ് സ്‌ക്രീനിൽ അരങ്ങേറ്റം. ശേഷം പിന്നെയും നാടകങ്ങളുടെ ലോകത്തേക്ക്.

ഇക്കാലമത്രയും മനസ്സിൽ സിനിമയായിരുന്നെന്ന് ശുഭ പറയുന്നു. തിരുവനന്തപുരത്ത് ഇലക്‌ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ മിനിസ്റ്റീരിയൽ സ്റ്റാഫായ ശുഭയ്ക്ക് സർക്കാർ ഉദ്യോഗസ്ഥ എന്ന ലേബൽ സിനിമകളിലേക്ക് ഇറങ്ങാൻ വിലക്കായിരുന്നു.

ഒപ്പമുള്ളവരെല്ലാം ഒറ്റപ്പെടുത്തിയപ്പോഴും, ഉള്ള ജോലിയിൽ നിന്നാൽപോരേ, എന്തിനാണ് സിനിമ എന്നൊക്കെ ചോദിച്ചപ്പോഴും തന്റെ സ്വപ്നം എന്നല്ലാതെ വേറൊന്നും പറയാൻ ശുഭയ്ക്കുണ്ടായിരുന്നില്ല. ‘ആ അനുഭവങ്ങളിൽനിന്ന് ഈ നേട്ടത്തിലേക്ക് എത്തുമ്പോൾ ഇരട്ടിമധുരമാണ്, അത് കാണാൻ അച്ഛനില്ലെന്ന ദുഃഖം മാത്രമേയുള്ളൂ.’ ശുഭയുടെ അച്ഛൻ ഈ ഏപ്രിൽ ആറിനാണ് മരിച്ചത്.

കറുത്തവൾക്ക് മാർക്കറ്റ് വാല്യു ഇല്ലത്രേ

ഒരുപാട് അനുഭവങ്ങളും വേദനകളും സിനിമയിലേക്ക് എത്തുന്നതിനായി സഹിച്ചിട്ടുണ്ട്. അപ്പോഴെല്ലാം പ്രതീക്ഷകളാണ് മുന്നോട്ടുനയിച്ചത്. കറുത്തവൾ എന്നുവിളിച്ച് ഓഡിഷനിൽ നിന്ന് ഇറക്കിവിട്ടിട്ടുണ്ട്. കറുത്തനിറമുള്ളവർക്ക് മാർക്കറ്റ് വാല്യു ഇല്ലെന്ന്‌ എത്രയോ പ്രാവശ്യം കേട്ടു. ‘ശാന്തി ദ റിഫ്ലക്‌ഷൻ ഓഫ് ട്രൂത്ത്’ സിനിമയിലേക്ക് എന്നെ സ്വീകരിച്ചവർക്കും സിനിമയ്ക്കും കൂടി ലഭിച്ചതാണ് ഈ അംഗീകാരം-ശുഭ പറയുന്നു.

ശാന്തി എന്ന സ്ത്രീയുടെ കഥയാണ് സിനിമ. അവർ അനുഭവിക്കുന്ന സഹനങ്ങളെയും ജീവിതത്തെയുമാണ് സിനിമയിൽ ദൃശ്യവത്കരിക്കുന്നത്. സംവിധാനം-ഗോകുൽ കാർത്തിക്, സാംബ്രാജ് എസ്. നായർ, തിരക്കഥ- എസ്. കുമാർ, നിർമാണം-മോഹൻ മുതിരയിൽ, ഗോകുൽ കാർത്തിക് തുടങ്ങിയവരാണ് സിനിമയുടെ പിന്നണിയിലുള്ളത്.