വനിതാ ഏകദിന ക്രിക്കറ്റില്‍ കന്നിക്കിരീടം നേടിയ ഇന്ത്യന്‍ ടീമിന് കരുത്ത് പകര്‍ന്ന് ഇന്ത്യന്‍ ഗായകരും. ഗുവാഹാട്ടിയില്‍ നടന്ന ആദ്യമത്സരത്തില്‍ ഇന്ത്യന്‍ ദേശീയ ഗാനം ആലപിച്ചത് ശ്രേയാ ഘോഷാല്‍ ആയിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ അവസാന മത്സരത്തിലാകട്ടെ സുനിധി ചൗഹാനും.

To advertise here,

ദേശീയ ഗാനാലാപനത്തിന് പുറമേ, ഇരുവരുടേയും സംഗീതപരിപാടികളും മത്സരങ്ങള്‍ക്കിടെയുണ്ടായിരുന്നു. ഇന്ത്യയിലെ നാല് സ്‌റ്റേഡിയങ്ങളിലും കൊളംബോയിലുമായി നടന്ന ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം ഗുവാഹാട്ടിയിലായിരുന്നു. ശ്രേയാ ഘോഷാലിന്റെ സംഗീതപരിപാടിയായിരുന്നു ചടങ്ങിന്റെ പ്രധാന ആകര്‍ഷണം. ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ഗാനമായ 'ബ്രിങ് ഇറ്റ് ഹോം' ആലപിച്ചതും ശ്രേയയാണ്.

ആദ്യമത്സരത്തില്‍ ശ്രേയാ ഘോഷാല്‍ ആലപിച്ച ദേശീയഗാനം വലിയ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. സാമൂഹികമാധ്യമങ്ങളിലാകെ ഇത് വൈറലായി. പരമ്പരാഗത ഇന്ത്യന്‍ വേഷമായ സാരിയണിഞ്ഞെത്തിയ ശ്രേയ ദേശീയഗാനം ആലപിച്ചപ്പോള്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

ശ്രേയ ഇന്ത്യന്‍ ടീമംഗങ്ങളെ സന്ദര്‍ശിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിന് മുമ്പ് വനിതാ ടീമിനെ സന്ദര്‍ശിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. ടീമംഗങ്ങളുമായി സമയംചെലവഴിച്ച ശ്രേയ, 'പരിണീത'യിലെ പിയു ബോലെ എന്ന ഗാനവും താരങ്ങള്‍ക്കായി ആലപിച്ചു. വിജയത്തിനുവേണ്ടി പ്രാര്‍ഥിക്കുമെന്നും വിജയത്തിലേക്കുള്ള യാത്രയില്‍ രാജ്യമാകെ പിന്തുണയുമായുണ്ടെന്നും ശ്രേയ ടീമിനെ അറിയിച്ചു.

നവി മുംബൈയിലെ അവസാനമത്സരത്തില്‍ ആദ്യഇന്നിങ്ങ്‌സിന്റെ ഇടവേളയിലാണ് സുനിധിയുടെ സംഗീതപരിപാടി അരങ്ങേറിയത്. 60 ഡാന്‍സര്‍മാരുടേയും ലേസര്‍- ഡ്രോണ്‍ ഷോയുടേയും അകമ്പടിയിലാണ് സുനിധിയുടെ പരിപാടി അരങ്ങേറിയത്. വന്‍ ആവേശത്തോടെയാണ് സുനിധിയുടെ പാട്ടുകളെ സ്റ്റേഡിയത്തിലെ കാണികള്‍ ഏതിരേറ്റത്.

നേരത്തെ, ഫൈനലില്‍ ടീമിനൊപ്പം ദേശീയഗാനം ആലപിച്ചതും സുനിധിയായിരുന്നു. ടറിന്‍ ലാമ്പ് ആയിരുന്നു ഫൈനലില്‍ ദക്ഷിണാഫ്രിക്കന്‍ ദേശീയഗാനം ആലപിച്ചത്.

ഇന്ത്യന്‍ ടീമിന്റെ വിജയത്തിന് പിന്നാലെ സന്തോഷമറിയിച്ച് സുനിധി ചൗഹാന്‍ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ചു. 'നമ്മള്‍ ജയിച്ചു', എന്നായിരുന്നു സുനിധി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.