
മികച്ച രണ്ടു ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തൻ്റെ സ്ഥാനം അടയാളപ്പെടുത്തിയ സംവിധായകനാണ് ഷാനവാസ് .കെ .ബാവ
ക്കുട്ടി. 2017-ലെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന സർക്കാരിൻ്റെ പുരസ്ക്കാരത്തിനർഹനായ കിസ്മത്ത് എന്ന ചിത്രവും പിന്നീട് തൊട്ടപ്പൻ എന്ന ചിത്രവുമാണ് ഷാനവാസ് .കെ .ബാവക്കുട്ടി സംവിധാനം ചെയതത്. രണ്ടു സംസ്ഥാന പുരസ്ക്കാരങ്ങളാണ് തൊട്ടപ്പനു ലഭിച്ചത്. ഒന്ന് മികച്ച നടിക്കുള്ള അവാർഡ് പ്രിയംവദാകൃഷ്ണനും, മറ്റൊന്ന് പി.എസ്.റഫീഖിന് മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരവും. ഈ മാസം 17-ന് ഷാനവാസിൻ്റെ പുതിയ ചിത്രം ആരംഭിക്കുകയാണ്.
ആനക്കള്ളൻ, ആനന്ദം പരമാനന്ദം എന്നീ ചിത്രങ്ങൾ നിർമ്മിച്ച സപ്തതരംഗ് ക്രിയേഷൻസും വിക്രമാദിത്യൻ ഫിലിംസും ചേർന്നു നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ഷാനവാസ് സംവിധാനം ചെയ്യുന്നത്.
രഘുനാഥ് പലേരിയുടെ തിരക്കഥ
മലയാള സാഹിത്യത്തിലും സിനിമയിലും ഏറെ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് രഘുനാഥ് പലേരി. മികച്ച കഥാകൃത്തായി മലയാള സാഹിത്യ രംഗത്ത് തിളങ്ങി നിന്ന രഘുനാഥ് പലേരി പിന്നീട് നിരവധി സിനിമകൾക്കു തിരക്കഥ രചിച്ച് ശ്രദ്ധേയനായി. മലയാളത്തിലെ ആദ്യത്തെ ത്രിമാനചിത്രമായ മൈഡിയർ കുട്ടിച്ചാത്തൻ, മഴവിൽക്കാവടി, പൊൻമുട്ടയിടുന്ന താറാവ്, പിൻഗാമി, മേലേപ്പറമ്പിൽ ആൺവീട് , ദേവദൂതൻ തുടങ്ങിയ ചിത്രങ്ങൾ രഘുനാഥ് പലേരി തിരക്കഥ രചിച്ചവയാണ്. ഒന്നു മുതൽ പൂജ്യം വരെ, വിസ്മയം എന്നീ ചിത്രങ്ങൾ ഇദ്ദേഹം തിരക്കഥ രചിച്ചു സംവിധാനം ചെയ്തിട്ടുമുണ്ട്. കലാപരമായും സാമ്പത്തികവുമായി ഏറെ വിജയം നേടിയ ചിത്രങ്ങളായിരുന്നു ഇവയെല്ലാം.
ഷാനവാസ് കെ.ബാവക്കുട്ടി സംവിധാനം ചെയ്ത തൊട്ടപ്പനിലൂടെ അദ്ദേഹം അഭിനയരംഗത്തും എത്തി. പിന്നീട് ലളിതം, സുന്ദരം, ഓ ബേബി എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെയാണ് രഘുനാഥ് പലേരി അവതരിപ്പിച്ചത്. തന്റെ പുതിയ ചിത്രത്തിലും മികച്ച വേഷം രഘുനാഥ് പലേരി അവതരിപ്പിക്കുന്നുണ്ടന്ന് സംവിധായകനായ ഷാനവാസ് .കെ .ബാവക്കുട്ടി പറഞ്ഞു.
പൂർണ്ണമായും റൊമാൻ്റിക്ക് കോമഡി ത്രില്ലർ (റോ കോം) ആണ് ഈ ചിത്രം. ഒരു പോഷ് നഗരത്തിൽ ജീവിക്കുന്ന മൂന്നു പേരിലൂടെ കടന്നുപോകുന്ന തീവ്ര പ്രണയത്തിൻ്റെ കഥയാണ് നർമ്മത്തിലൂടെയും ത്രില്ലറിലൂടെയുമവതരിപ്പിക്കുന്നത്. പുതുതലമുറയിലെ ശ്രദ്ധേയനായ നടൻ ഹക്കിംഷാ, പ്രിയംവദാകൃഷ്ണൻ, പൂർണ്ണിമാ ഇന്ദ്രജിത്ത് എന്നിവരാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിജയരാഘവൻ, ഷമ്മി തിലകൻ, ജനാർദ്ദനൻ, ശ്രുതി രാമചന്ദ്രൻ, ഗണപതി, ജാഫർ ഇടുക്കി, അസീസ് നെടുമങ്ങാട്, മനോഹരി ജോയ്, ഉണ്ണിരാജ തുടങ്ങിയ നിരവധി താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
രഘുനാഥ് പലേരിയുടേതാണ് ഗാനങ്ങൾ. സംഗീതം -ഹെഷാം അബ്ദുൾ വഹാബ്. ഛായാഗ്രഹണം - എൽദോസ് നിരപ്പേൽ. എഡിറ്റിംഗ് -മനോജ് സി.എസ്. കലാസംവിധാനം -അരുൺ കട്ടപ്പന. മേക്കപ്പ് - അമൽ ചന്ദ്രൻ. കോസ്റ്റ്യൂം, ഡിസൈൻ - നിസ്സാർ റഹ്മത്ത്. നിർമ്മാണ നിർവ്വഹണം - എൽദോ സെൽവരാജ്. പി.ആർ. ഒ - വാഴൂർ ജോസ്.
Content Highlights: shanavas k bavakkutty new movie, raghunath paleri
Published: 08 Aug 2023, 03:02 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented