ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം തേടിയെത്തിയ സന്തോഷത്തിലാണ് ഷംല ഹംസ. നവാഗതനായ ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ IFFK-യിൽ പ്രദർശിപ്പിച്ചിരുന്നു. കൈക്കുഞ്ഞുമായാണ് ഷംല ചലച്ചിത്രോത്സവത്തിൽ പങ്കെടുക്കാനെത്തിയത്. അന്ന് ഈ ചിത്രവുമായി ബന്ധപ്പെട്ട് തന്റെ അനുഭവങ്ങൾ ഷംല മാതൃഭൂമി ഡോട്ട് കോമിനോട് പങ്കുവെച്ചിരുന്നു.

To advertise here,

മകൾക്ക് ആറുമാസം പ്രായമുള്ളപ്പോഴാണ് താൻ ഫെമിനിച്ചി ഫാത്തിമ ചെയ്തതെന്നാണ് അന്ന് ഷംല പറഞ്ഞത്. അത്യാവശ്യം ബുദ്ധിമുട്ടായിരുന്നു. ലൊക്കേഷനിൽ മകളും ഉമ്മയും ഒപ്പമുണ്ടായിരുന്നു. എങ്കിലും മകളുടെ കൺവെട്ടത്തുനിന്ന് മാറി ജോലി ചെയ്യുന്നതിന്റെ സമ്മർദവും സങ്കടവുമുണ്ടായിരുന്നുവെന്നും ഷംല പറഞ്ഞു.

1001 നുണകൾ എന്ന ചിത്രത്തിന്റെ സ്പോട്ട് എഡിറ്ററാണ് ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിന്റെ സംവിധായകൻ ഫാസിൽ മുഹമ്മദ്. ഫാത്തിമയെപ്പോലെ ഒരുപാട് പേരെ കണ്ടിട്ടുണ്ട്. അവസരങ്ങളുണ്ടായിട്ടും ഒന്നും ചെയ്യാൻ പറ്റാതിരിക്കുന്ന, വിദ്യാഭ്യാസമുണ്ടായിട്ടും വീട്ടിൽ ഭർത്താവിനെയും കുടുംബത്തേയും നോക്കിയിരിക്കുന്ന ഒരുപാടുപേരുണ്ട്. പക്ഷേ അവരത് സന്തോഷത്തോടെ ചെയ്യുന്നവരാണ്. അങ്ങനെയൊരു കഥാപാത്രമാണ് ഫാത്തിമയെന്നും അവർ കൂട്ടിച്ചേർത്തു. കഴിഞ്ഞ IFFK-യിൽ അഞ്ച് പുരസ്കാരങ്ങളാണ് ഫെമിനിച്ചി ഫാത്തിമ സ്വന്തമാക്കിയത്.

ഫെമിനിച്ചി ഫാത്തിമയിലൂടെ ഫാസിൽ മുഹമ്മദിന് മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം ലഭിച്ചു. ആദ്യ അവാര്‍ഡ് തന്നെ മമ്മൂട്ടിക്കൊപ്പമായതില്‍ സന്തോഷമുണ്ടെന്നാണ് പുരസ്കാര വാർത്ത അറിഞ്ഞശേഷം ഷംല മാധ്യമങ്ങളോട് പറഞ്ഞത്.