തെന്നിന്ത്യൻ സിനിമാമേഖല വലുതാണെന്നും അതിൽ തനിക്കേറെ പ്രിയപ്പെട്ട സിനിമകൾ പുറത്തിറങ്ങുന്നത് മലയാളം ഇൻഡസ്ട്രിയിൽ നിന്നാണെന്നും ബോളിവുഡ് നടി ശബാന ആസ്മി. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിനെത്തിയ നടി മാതൃഭൂമി ന്യൂസിനോട് സംസാരിക്കവേയാണ് ഇതേക്കുറിച്ച് പങ്കുവെച്ചത്. മുൻനിര മലയാള സിനിമകളേക്കുറിച്ചല്ല താൻ പറയുന്നതെന്നും മുംബൈയിലും മറ്റുമുള്ള പല സഹപ്രവർത്തകർക്കും മലയാളസിനിമകൾ വളരെയധികം ഇഷ്ടമാണെന്നും നടി പറഞ്ഞു. 

To advertise here,

കാതൽ പോലൊരു സിനിമ മലയാളത്തിൽ പിറന്നതിനേക്കുറിച്ചും ശബാന ആസ്മി സംസാരിച്ചു. മമ്മൂട്ടിയേപ്പോലൊരു നടൻ അത്തരത്തിലുള്ള പലസിനിമകളും നിർമിച്ചു. ഹിന്ദി സിനിമാമേഖലയിലെ, മമ്മൂട്ടിയുടെ സ്ഥാനത്തുള്ള ആർക്കെങ്കിലും അത്തരത്തിലൊരു സിനിമയിൽ അഭിനയിക്കാനോ, നിർമിക്കാനോ ധൈര്യമുണ്ടാകുമോയെന്ന് ഞാൻ അത്ഭുതപ്പെട്ടു. - ശബാന ആസ്മി പറഞ്ഞു.

ജ്യോതിക ഉള്ളതുകൊണ്ടാണ് കാതൽ കണ്ടതെന്നും ശബാന ആസ്മി പറഞ്ഞു. ജ്യോതികയ്ക്കൊപ്പം ഡബ്ബാ കാർട്ടെലിൽ അഭിനയിച്ചിട്ടുണ്ട്. കാതൽ തനിക്ക് വളരെയധികം ഇഷ്ടമാവുകയും ചെയ്തു. ഡബ്ബാ കാർട്ടലിൽ തനിക്കൊപ്പം അഭിനയിച്ച നടി നിമിഷ സജയനേക്കുറിച്ചും ശബാന ആസ്മി പറഞ്ഞു. മികച്ച പ്രകടനമാണ് ഡബ്ബാ കാർട്ടലിൽ നിമിഷ കാഴ്ചവച്ചതെന്നും താരം പറഞ്ഞു.

സാമൂഹികമാറ്റത്തിനുവേണ്ടി കൂടിയുള്ളതാകണം കല എന്നത് മാതാപിതാക്കൾ തന്നെ പഠിപ്പിച്ച കാര്യമാണെന്നും ശബാന ആസ്മി വ്യക്തമാക്കി.

രാജേഷ് ഖന്ന നായകനായ ഒരു സിനിമയിലെ സംഭാഷണമാണ് തന്റെ ചിന്താഗതി മാറ്റിയതെന്ന് ശബാന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ വിശാൽ മേനോനുമായി നടത്തിയ ‘ഓഫ് ഫയർ ആൻഡ് ഗ്രേസ്’ എന്ന സംഭാഷണത്തിനിടെ വ്യക്തമാക്കിയിരുന്നു. ഭർത്താവിന്റെ വീട്ടിലെ സ്ത്രീയുടെ വേദന സ്വന്തം വീട്ടിലെ സന്തോഷത്തേക്കാൾ വലുതാണെന്നു സൂചിപ്പിക്കുന്ന വരികളായിരുന്നു അത്. അതിനുശേഷം സ്ത്രീകളുടെ വിധേയത്വത്തെ സ്വാഭാവികവത്കരിക്കുന്നതോ അസമത്വത്തെ വൈകാരിക സത്യമായി ചിത്രീകരിക്കുന്നതോ ആയ വേഷങ്ങൾ പിന്നീട് വേണ്ടെന്നു വെച്ചുവെന്നും നടി പറഞ്ഞു.

തന്റെ ധാർമികമായ വ്യക്തതയ്ക്ക് പിന്നിൽ ഭർത്താവും കവിയുമായ ജാവേദ് അക്തറുമായി പങ്കിടുന്ന ലോകവീക്ഷണമാണെന്നു അവർ പറഞ്ഞു. “ഞങ്ങൾ തമ്മിൽ തർക്കങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും ഞങ്ങളുടെ അടിസ്ഥാനമൂല്യങ്ങൾ ഒന്നുതന്നെയാണ്. ജാവേദിന്റെ തിരക്കഥകളിലെ നായകന്മാർ സമൂഹത്തിനെതിരേ പോരാടുന്നവരായിരുന്നു, ക്രൂരത ആഘോഷിക്കുന്നവരായിരുന്നില്ല”-ശബാന പറഞ്ഞു.