കോവിഡ് കാലത്ത് ഓ.ടി.ടി. റിലീസായെത്തി മികച്ച അഭിപ്രായം സ്വന്തമാക്കിയ ഒരുപിടി ചിത്രങ്ങളുണ്ട്. അത്തരത്തിലൊന്നാണ് പാ രഞ്ജിത് തിരക്കഥയെഴുതി സംവിധാനം ചെയ്ത സാർപ്പട്ട പരമ്പരൈ. ബോക്സിങ് മത്സരങ്ങളുടെ പശ്ചാത്തലത്തിലെത്തിയ ചിത്രത്തിന് വൻവരവേല്പായിരുന്നു ലഭിച്ചത്. വൻ തിയേറ്റർ നഷ്ടം എന്ന നിരാശയിലായിരുന്നു കണ്ടവരെല്ലാവരും. അവർക്കിതാ ഒരു സന്തോഷവാർത്ത. കബിലനും കൂട്ടരും വീണ്ടുമെത്തുകയാണ്.

To advertise here,

സാർപ്പട്ട പരമ്പരൈയുടെ രണ്ടാം ഭാ​ഗമാണ് അണിയറയിൽ ഒരുങ്ങുന്നത്. പാ രഞ്ജിത്താണ് സോഷ്യൽ മീഡിയ വഴി ഇക്കാര്യം അറിയിച്ചത്. സാർപ്പട്ട-റൗണ്ട് 2 എന്നാണ് പുറത്തുവിട്ട പോസ്റ്ററിലുള്ളത്. പിന്തിരിഞ്ഞുനിൽക്കുന്ന നായകനേയും പോസ്റ്ററിൽ കാണാം. ആര്യ തന്നെയാണ് നായകൻ. കബിലൻ റിട്ടേൺസ് എന്നാണ് പോസ്റ്റർ അവതരിപ്പിച്ചുകൊണ്ട് പാ രഞ്ജിത് ട്വിറ്ററിൽ കുറിച്ചത്. ചിത്രത്തിന്റെ ഭാ​ഗമാകുന്നതിന്റെ സന്തോഷം ആര്യയും പങ്കുവെച്ചു. നീലം പ്രൊഡക്ഷൻസ്, ദ ഷോ പീപ്പിൾ, നാട് സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് റൗണ്ട് 2 നിർമിക്കുക.

2021 ജൂലൈ 22-നാണ് ആദ്യ ഭാഗം ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്തത്. കൊവിഡ് സമയം ആയതിനാലാണ് തിയേറ്ററിൽ റിലീസ് ചെയ്യാൻ സാധിക്കാതിരുന്നത്. എന്നാൽ ഒടിടിയിൽ ചിത്രം ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കപ്പെട്ടത്. ആര്യയുടെ സിനിമാ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമായും കബിലൻ മാറി. കൂടാതെ ആ സമയത്ത് ഏറ്റവും കൂടുതൽ ആളുകൾ കണ്ട സിനിമയായി 'സാർപ്പട്ട പരമ്പരൈ' മാറി.

80കളിൽ ചെന്നൈയിലെ ബോക്സിങ് താൽപരരായ രണ്ട് സംഘങ്ങളെ ചുറ്റിപറ്റിയാണ് 'സാർപ്പട്ട പരമ്പരൈ'യുടെ കഥ പോകുന്നത്. ചിത്രത്തിൽ സന്തോഷ് പ്രതാപ്, ഷബീർ കല്ലരക്കൽ, ജോൺ കൊക്കെൻ, പശുപതി, കലൈയരസൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കെ 9 സ്റ്റുഡിയോസ് നിർമ്മിച്ച ചിത്രത്തിന്റെ സംഗീതം സന്തോഷ് നാരായണനാണ്. മുരളി ജി ആയിരുന്നു ഛായാഗ്രഹകൻ. ദിലീപ് സുബ്ബരായൻ ഒരുക്കിയ സംഘട്ടനരം​ഗങ്ങളും ഏറെ ചർച്ചയായി.