'മോഡേണ്‍ ലൗ മുംബൈ' എന്ന വെബ് സീരീസിലുടെ അഭിനയരംഗത്തേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് നടി സരിക. 2016-ല്‍ പുറത്തിറങ്ങിയ 'ബാര്‍ ബാര്‍ ദേഖോ' എന്ന സിനിമയിലായിരുന്നു സരിക ഒടുവില്‍ വേഷമിട്ടത്. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങി വന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് സരിക പറയുന്നു. കോവിഡ് ലോക്ഡൗണില്‍ താന്‍ അനുഭവിച്ച പ്രതിസന്ധികളെക്കുറിച്ചും താരം പങ്കുവച്ചു. ലോക്ഡൗണില്‍ തന്റെ കയ്യിലുള്ള പണമെല്ലാം തീര്‍ന്നുവെന്ന് സരിക വെളിപ്പെടുത്തുന്നു. അഞ്ച് വര്‍ഷത്തെ ഇടവേള സംഭവിച്ചത് മനഃപൂര്‍വ്വമായിരുന്നില്ലെന്നും സരിക കൂട്ടിച്ചേര്‍ത്തു. 

To advertise here,

സിനിമയില്‍ വളരെ തിരക്കുള്ള സമയത്താണ് ഒരു വര്‍ഷത്തെ ഇടവേളയെടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ആ ഇടവേള അഞ്ച് വര്‍ഷത്തോളം നീണ്ടുപോയി. എല്ലാ ദിവസവും രാവിലെ എഴുന്നേല്‍ക്കുന്നു. വിചാരിച്ചത് പോലെ ഒന്നും നടക്കുന്നില്ല. പിന്നീട് രാത്രി ഉറങ്ങുന്നു. അങ്ങനെയിരിക്കെയാണ് ഒരു ഇടവേളയെടുക്കണമെന്ന് തീരുമാനിച്ചത്. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാമെന്ന് കരുതിയാണ് നാടകരംഗത്തേക്ക് മടങ്ങിയത്. അത് നന്നായി ആസ്വദിച്ചു. സിനിമയില്‍ ഒരു വര്‍ഷത്തെ ഇടവേള എന്ന് കരുതിയത് ഒടുവില്‍ അഞ്ച് വര്‍ഷമായി. എന്നാല്‍, അതിനിടെയാണ് ലോക്ഡൗണ്‍ വരുന്നത്. അതോടെ കയ്യിലുള്ള പണമെല്ലാം തീര്‍ന്നു. നാടകത്തില്‍നിന്ന് 2000-2700 രൂപയാണ് ലഭിക്കുന്നത്. അതുകൊണ്ട് ഒന്നും തികയുമായിരുന്നില്ല- സരിക പറഞ്ഞു. 

സിനിമാ ജീവിതത്തില്‍നിന്ന് സരിക നേരത്തേയും ഇടവേളയെടുത്തിട്ടുണ്ട്. 1988-ല്‍ നടന്‍ കമല്‍ ഹാസനുമായുള്ള വിവാഹശേഷം സരിക പത്ത് വര്‍ഷത്തോളം സിനിമയില്‍ അഭിനയിച്ചില്ല. 1997-ലാണ് പിന്നീട് സിനിമയില്‍ മടങ്ങിയെത്തിയത്. 2000-ല്‍ കമല്‍ ഹാസന്‍ സംവിധാനം ചെയ്ത ഹേ റാം എന്ന ചിത്രത്തിലൂടെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള ദേശീയ പുരസ്‌കാരം നേടി. 2004-ല്‍  കമല്‍ ഹാസനുമായുള്ള ബന്ധം സരിക അവസാനിപ്പിച്ചു. 2005-ല്‍ പുറത്തിറങ്ങിയ പര്‍സാനിയ എന്ന ചിത്രത്തിലൂടെ സരിക അഭിനയരംഗത്തേക്ക് ശക്തമായ തിരിച്ചുവരവ് നടത്തി. രാഹുല്‍  ദലോക്കിയ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും സരിക സ്വന്തമാക്കി.