തമിഴ്നാട് സർക്കാരിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ അതിഥിയായി പങ്കെടുത്തതിനെ തുടർന്ന് നടി തൃഷയ്ക്കെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു. ഈ വിഷയത്തിൽ തൃഷയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടി സഞ്ജന ഗൽറാണി. വിജയ്‌യുടെ ഭരണത്തെക്കുറിച്ചാണ് ചർച്ച ചെയ്യേണ്ടതെന്നും ഒരു സ്ത്രീയുടെ വ്യക്തിജീവിതത്തെ ലക്ഷ്യം വെക്കരുതെന്നും അവർ ആവശ്യപ്പെട്ടു. രാഷ്ട്രീയത്തിൽ വിജയ്‌യുടെ പ്രകടനം വിലയിരുത്തുന്നതിന് പകരം ഒരു സ്ത്രീയിലേക്ക് ശ്രദ്ധ തിരിക്കുന്നത് എന്തിനാണെന്നും സഞ്ജന ചോദിച്ചു.

To advertise here,

രാഷ്ട്രീയമായി വിജയ്‌യെ നേരിടാൻ കഴിയാത്തതുകൊണ്ടാണ് അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിലേക്ക് ശ്രദ്ധതിരിക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്തി. രാഷ്ട്രീയക്കാർക്ക് രാഷ്ട്രീയമായി എതിർക്കാൻ സാധിക്കാതെ വരുമ്പോൾ വ്യക്തിപരമായ കാര്യങ്ങളെ ലക്ഷ്യംവെയ്ക്കുകയും വ്യക്തിപരമായ ബലഹീനതകൾ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യാറുണ്ട്. ഇത് വളരെ സങ്കടകരമാണ്, ഈ അവസ്ഥയെക്കുറിച്ചും അത് എങ്ങനെയൊക്കെ മാറിമറിഞ്ഞു എന്നതിനെക്കുറിച്ചും നാം ചിന്തിക്കേണ്ടതുണ്ട്. ഒരു സ്ത്രീ എന്ന നിലയിൽ തൃഷ അർഹിക്കുന്ന ബഹുമാനം നൽകണമെന്നും അവരുടെ വ്യക്തിപരമായ തെരഞ്ഞെടുപ്പുകളെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ലെന്നും സഞ്ജന ഓർമ്മിപ്പിച്ചു.

"ഏതൊരു സ്ത്രീയെയും ബഹുമാനിക്കേണ്ടത് വളരെ പ്രധാനമാണ്. വിജയ്ക്കൊപ്പം തുല്യ അളവിലുള്ള ബഹുമാനത്തിന് അർഹയായ നടിയാണ് തൃഷ. മറ്റെല്ലാത്തിനും ഉപരിയായി അത് അവരുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. അവർ സുഹൃത്തുക്കളാണോ, ഭാര്യാഭർത്താക്കന്മാരാണോ, അതോ കാമുകി-കാമുകന്മാരാണോ എന്തുവേണമെങ്കിലും ആയിക്കൊള്ളട്ടെ. തിരഞ്ഞെടുക്കലിന്റെ പേരിൽ നിങ്ങളെങ്ങനെയാണ് അവരെ വിധിക്കുകയും വിലയിരുത്തുകയും ചെയ്യുക? ഒരു രാഷ്ട്രീയക്കാരൻ എന്ന നിലയിലുള്ള വിജയ്‌യുടെ നേട്ടങ്ങളെക്കുറിച്ച് സംസാരിക്കൂ. പോരായ്മകളെക്കുറിച്ച് സംസാരിക്കൂ. നിങ്ങൾക്ക് യാതൊരു പോരായ്മകളും കണ്ടെത്താൻ കഴിയില്ല, പക്ഷേ അതിനർത്ഥം ഒരു സ്ത്രീയെ ലക്ഷ്യം വെയ്ക്കണം എന്നല്ല." സഞ്ജന പറഞ്ഞു.

തമിഴ്‌നാട് മുഖ്യമന്ത്രി എന്ന നിലയിലുള്ള വിജയ്‌യുടെ ഭരണത്തെ സഞ്ജന വളരെയധികം പ്രശംസിച്ചു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ മികച്ച ഒരു ഭരണാധികാരിയായി മാറാൻ വിജയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് അവർ അവകാശപ്പെട്ടു. റോഡുകളുടെ വികസനം, ഗ്രാമങ്ങളിലെ ചോരുന്ന വാട്ടർ ടാങ്കുകൾ ശരിയാക്കൽ, സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുട്ടികൾക്ക് സ്വർണ്ണ നാണയങ്ങൾ നൽകുന്ന പദ്ധതി എന്നിവ അദ്ദേഹം വേഗത്തിൽ നടപ്പിലാക്കുന്നുണ്ടെന്ന് സഞ്ജന വിശദീകരിച്ചു. രാത്രി മുഴുവൻ സജീവമായി പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ ടീം വലിയ പ്രശ്നങ്ങൾ പോലും വേഗത്തിൽ പരിഹരിക്കാൻ സഹായിക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.

വിജയ്‌യുടെ ജനപ്രീതി കേവലം ഒരു നടൻ എന്ന നിലയിലല്ല, മറിച്ച് കാര്യക്ഷമതയുള്ള ഒരു രാഷ്ട്രീയക്കാരൻ എന്ന നിലയിലാണ് വളരുന്നതെന്ന് സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നുവെന്ന് സഞ്ജന പറയുന്നു. ചിലർ അദ്ദേഹത്തെ ഭാവി പ്രധാനമന്ത്രിയായിപ്പോലും ഉയർത്തിക്കാട്ടുന്നുണ്ട്. രാഷ്ട്രീയമായ വിയോജിപ്പുകൾ പ്രൊഫഷണൽ രീതിയിൽ ചർച്ച ചെയ്യണമെന്നും, അല്ലാതെ ഒരു സ്ത്രീയുടെ സാന്നിധ്യത്തെ മുൻനിർത്തി വ്യക്തിപരമായ ആക്രമണങ്ങൾ നടത്തുന്നത് അങ്ങേയറ്റം സങ്കടകരമാണെന്നും സഞ്ജന തന്റെ വ്യക്തമാക്കി.

കോട്ട സെന്റ് ജോർജിൽ നടന്ന സ്വാതന്ത്ര്യദിന ചടങ്ങിൽ മുൻനിരയിൽ മുഖ്യമന്ത്രി വിജയ്‌യുടെ മാതാപിതാക്കൾക്കൊപ്പം തൃഷ ഇരുന്നതും ചടങ്ങിൽ വിജയ്‌യും തൃഷയും പരസ്പരം സല്യൂട്ട് കൈമാറിയതുമാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചത്. ഡി.എം.കെ.യുടെ മുഖപത്രമായ 'മുരശൊലി' ഇതിനെതിരെ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അന്തസ്സ് ഇല്ലാതാക്കുന്ന ഒന്നാണിതെന്നും വിജയ്ക്ക് വോട്ട് ചെയ്തവർക്കുപോലും ദഹിക്കാത്ത കാഴ്ചയാണിതെന്നും മുരശൊലി തങ്ങളുടെ മുഖപ്രസംഗത്തിലൂടെ ആരോപിച്ചു. മുൻപ് മെയ് മാസത്തിൽ നടന്ന വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിലും തൃഷ പങ്കെടുത്തിരുന്നു.