കണ്ണുതുറന്നാൽ ചുവപ്പു മാത്രം കാണുന്ന പാട്യത്തെ കോങ്ങാറ്റയിൽ നിന്ന്, രാഷ്ട്രീയം തലയ്ക്ക് പിടിച്ച പിതാവിന്റെ ഗൃഹപാഠം പഠിച്ച് ശ്രീനിവാസൻ സിനിമയ്ക്ക് വേണ്ടി കോടമ്പാക്കത്തേക്ക് വണ്ടികയറിയപ്പോൾ അന്ന് മനസ്സിൽ കോരിയിട്ടിതായിരുന്നു സന്ദേശത്തിന്റെ ചിന്തകൾ. കോട്ടപ്പള്ളി പ്രഭാകരനും കെആർപിയും പൊതുവാൾജിയും കുമാരപ്പിള്ളയുമെല്ലാം ഒരുകാലത്ത് ശ്രീനിവാസന്റെ നാട്ടിലെ പരിചയക്കാരും വീട്ടിലെ അതിഥികളുമെല്ലമായിരുന്നു. ഒപ്പം സിനിമ സ്വപ്‌നം കണ്ട് അതേ കോടമ്പാക്കത്തേക്ക് ടിക്കറ്റെടുത്ത അന്തിക്കാട്ടുകാരനായ സത്യനെകൂടെ ശ്രീനിവാസൻ കണ്ടുമുട്ടിയതോടെ ഇരുവരും ചേർന്ന് പിന്നീട് മലയാളത്തിന് ഒരുക്കിയത് ചിരിയുടെ, ചിന്തയുടെ, ഇടത്തരക്കാരന്റെ, പുറമെ ചിരിപ്പിച്ച് അകമേ കരയിപ്പിക്കുന്ന ഒരുപിടി കഥാപാത്രങ്ങളെയായിരുന്നു. അതിൽ അന്നും ഇന്നും മായാതെ കിടക്കുന്നതാണ് സന്ദേശവും അതിലെ കഥാപാത്രങ്ങളും.
സന്ദേശത്തെകുറിച്ച് പറയുമ്പോൾ ഇന്നും സത്യൻ അന്തിക്കാട് ഓർത്തിരിക്കുന്ന ഒരു കാര്യമുണ്ട്. ശ്രീനിയും സത്യൻ അന്തിക്കാടും ഒരുമിച്ചുണ്ടായിരുന്ന സമയങ്ങളിലെല്ലാം എങ്ങനെയെങ്കിലുമൊക്കെ രാഷ്ട്രീയം സംസാരത്തിന്റെ പ്രധാന ഭാഗമാവുമായിരുന്നു. അതിനിടയിൽ പരസ്പരം ഒരുമിച്ച പല സിനിമകൾ വന്നുപോയിട്ടുണ്ടാവും. പല കഥകൾ പറഞ്ഞിട്ടുണ്ടാവാം. പക്ഷെ, ഞങ്ങൾപോലും അറിയാതെ സന്ദേശത്തിന്റെ തിരക്കഥയിലേക്കും ആ സിനിമയുടെ ഉള്ളടക്കങ്ങളിലേക്കും ഇരുവരും പ്രവേശിക്കുകയായിരുന്നു. ആ സംസാരത്തിനിടെയാണ് ഒരേ വീട്ടിൽ വിരുദ്ധ പാർട്ടിയിൽ പെട്ട രാഷ്ട്രീയം അസ്ഥിക്ക് പിടിച്ച രണ്ട് സഹോദരങ്ങൾ ഉണ്ടെങ്കിൽ എന്താകുമായിരിക്കും അവസ്ഥ എന്നൊരു ചിന്ത ശ്രീനിവാസൻ പറഞ്ഞുവെക്കുന്നത്.
പാർട്ടിയെന്നാൽ ഞങ്ങളാണ് എല്ലാമെന്നും ഞങ്ങൾ മാത്രമേ പാർട്ടിയിലെ ബുദ്ധിജീവികളായുള്ളവെന്നും വിശ്വസിക്കുന്ന രണ്ടുപേർ. ആ ചിന്ത തിരുവനന്തപുരത്തേയും കോഴിക്കോട്ടെയും എറണാകുളത്തേയുമെല്ലാം പല ഹോട്ടലുകളിലെ താമസത്തിനിടയിലെ അന്തിച്ചർച്ചാ വിഷയമായി. അങ്ങനെ അരിച്ചരിച്ചെടുത്ത് ശുദ്ധമാക്കിയ ശ്രീനിവാസന്റെ തിരക്കഥയിൽ പിറന്നതായിരുന്നു 1991 ഒക്ടോബർ 30 ന് പുറത്തിറങ്ങിയ സന്ദേശം. 34 വർഷം പിന്നിടുമ്പോഴും പഴകി പഴകി വീര്യം കൂടിയ വീഞ്ഞിന്റെ സുഖം തരുന്നുണ്ട് സന്ദേശത്തിന്റെ ഓരോ സീനും.
തുടർഭരണം പ്രതീക്ഷിച്ച് വമ്പിച്ച ആത്മവിശ്വസത്തോടെ ഒരു ത്രിതല തിരഞ്ഞെടുപ്പിനെ നേരിട്ട ശേഷം കേരളത്തിൽ ഇടതു ജനാധിപത്യ മുന്നണിക്ക് വലിയ തിരിച്ചടി ഉണ്ടായപ്പോൾ പുറത്തുവന്ന സോഷ്യൽ മീഡിയ റീലുകളിൽ ഏറ്റവും നിലവാരം പുലർത്തിയതായിരുന്നു സന്ദേശം സിനിമയിൽ ശ്രീനിവാസനും ഉത്തമന്റെ വേഷമിട്ട് ബോബി കൊട്ടാരക്കരയും പാർട്ടി ഓഫീസിലെ മുറിയിലിരുന്ന് നടത്തുന്ന തിരഞ്ഞെടുപ്പ് ചർച്ച.
എന്താ ഉത്തമാ ജനങ്ങൾ നമ്മളോടിങ്ങനെ പെരുമാറിയത്. അപ്പോൾ ഉത്തമൻ പറയുന്ന മറുപടിയുണ്ട്. അതേ ഒരു പാർട്ടിയിലും പെടാത്ത നിഷ്പക്ഷമതികളായ കുറെ ജനങ്ങളുണ്ടല്ലോ ആ തെണ്ടികളാ ഇത്തവണ നമ്മളെ പറ്റിച്ചത്. നമ്മുടെ ഗവൺമെന്റ് എന്തൊക്കെ ജനങ്ങൾക്ക് കൊടുത്തുവെന്ന് കോട്ടപ്പള്ളി ചോദിക്കുമ്പോൾ കൂടുതലും വാഗ്ദാനങ്ങളാ കൊടുത്തത് എന്ന ഉത്തമന്റെ മറുപടി കേട്ട് കാഴ്ചക്കാർ ചിരിച്ചെങ്കിലും അതൊന്നും ശ്രീനിവാസൻ വെറിതെയങ്ങ് എഴുതിച്ചേർത്ത വരികളായിരുന്നില്ല. കേരളത്തിന്റെ രാഷ്ട്രീയം അരച്ചുകുടിച്ച് കാലമെത്ര കഴിഞ്ഞാലും ഇതിനൊന്നും ഒരു മറ്റവും ഉണ്ടാകാൻ പോകുന്നില്ലെന്ന ദീർഘകാല കാഴ്ചയുടെ ആകെത്തുക കൂടിയായിരുന്നു. അതുകൊണ്ടു തന്നെയാണ് 34 വർഷത്തിനിപ്പുറവും സന്ദേശം പോലെ ഒരു സിനിമയും അതിലെ ഓരോ സംഭാഷണങ്ങളും ഇന്നിന്റെ നേർക്കാഴ്ച കൂടിയായി മാറുന്നതും.
ഈ തിരക്കഥ എഴുതിത്തുടങ്ങും മുമ്പെ ശ്രീനിവാസൻ സത്യൻ അന്തിക്കാടിന് ഒരു വാക്കുകൊടുത്തിരുന്നു. ഈ സിനിമിയിൽ നിങ്ങൾക്ക് ഒരുകാലത്തും മറക്കാൻ കഴിയാത്ത സംഭാഷണങ്ങളാണ് ഞാൻ നിങ്ങൾക്ക് സംഭാവന ചെയ്യാൻ പോവുന്നത്. അത് അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു. ഒരുവരിപോലും വെട്ടാനില്ലാത്ത എഡിറ്റ് ചെയ്ത് കളയാനില്ലാത്ത തിരക്കഥയായിരുന്നു സന്ദേശത്തിന്റേതെന്ന് സിനിമയെ കുറിച്ച് ചോദിക്കുമ്പോൾ സത്യൻ അന്തിക്കാട് പറയാറുണ്ട്. ആ സംഭാഷണങ്ങളായിരുന്നു ഈ സിനിമയുടെ ഇന്നും മായാത്ത സൗന്ദര്യവും.
പാർട്ടി നേതാവായ കുമാരപ്പിള്ളയുടെ അടുത്തെത്തി കല്ല്യാണം കഴിക്കുന്നത് സംബന്ധിച്ച് ശ്രീനിവാസൻ അവതരിപ്പിക്കുന്ന സംഭാഷണങ്ങളും പാർട്ടിയുടെ ചരിത്രം പറഞ്ഞ് ഊറ്റം കൊള്ളുകയും അതിന് വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്യുന്ന നേതൃത്വത്തിന്റെ നെറുകയിലടിക്കുന്നതായിരുന്നു.
കുമാരപ്പിള്ള: അടിസ്ഥാനപരമായി നമ്മുടെ പാർട്ടിക്ക് കല്ല്യാണം ഇഷ്മില്ല
പ്രഭാകരൻ: അപ്പോ സാറ് കല്ല്യാണം കഴിച്ചതോ
കുമാരപ്പിള്ള: അതിൽ ഞാനിന്ന് ഖേദിക്കുന്നു
പ്രഭാകരൻ: എന്നാ പിറ്റെ ഇപ്പൊ ഭാര്യയെ ഉപേക്ഷിക്കരുതോ
കുമാരപ്പിള്ള: തന്റെ കാര്യമാണ് നമ്മളിപ്പോ ഡിസ്‌കസ് ചെയ്യുന്നത്
പ്രഭാകരൻ: ഉം. പറയുന്നത് ഒന്ന് പ്രവർത്തക്കുന്നത് ഒന്ന്, ദൈവമില്ല അമ്പമില്ല എന്നൊക്കെ പറഞ്ഞ് വിളിച്ച് കൂവും എന്നിട്ട് ആരും കാണാതെ തലയിൽ മുണ്ടും പുതച്ച് ദൈവത്തെ തൊഴാൻ പോവും
കുമാരപ്പിള്ള: ആര്
പ്രഭാകരൻ: സാറ് തന്നെ , തൃച്ചംമ്പരം അമ്പലത്തിൽ എന്നും കാലത്ത് തൊഴാൻ പോവുന്നത് ഞാൻ കാണാറുണ്ട്
കുമാരപ്പിള്ള: താനിതെങ്ങനെ കണ്ടു
പ്രഭാകരൻ: ഞാനും രഹസ്യമായി തൊഴാൻ പോവാവുറുണ്ട്
കുമാരപ്പിള്ള: എന്നാല് ഇത് തൽക്കാലം നമ്മൾ രണ്ട് പേർ മാത്രം അറിഞ്ഞാൽ മതി, താൻ വേണമെങ്കിൽ കല്ല്യാണം കഴിച്ചോ
കേവലം ഒന്നര മിനിറ്റോളം മാത്രമേ രണ്ടുപേർ തമ്മിലുള്ള ഈ ഡയലോഗിന് ശ്രീനിവാസനും സത്യൻ അന്തിക്കാടും ഈ സിനിമയിൽ സമയം കൊടുത്തിട്ടുള്ളൂവെങ്കിലും രാഷ്ട്രീയ നേതൃത്വത്തെ വലിച്ചഴിച്ച് തറയിലൊട്ടിക്കുകയായിരുന്നു. ഇതിൽ നിന്നൊന്നും ഒരിഞ്ചുപോലും ഇന്നത്തെ രാഷ്ട്രീയം മാറിയിട്ടില്ല എന്നതും ശ്രീനിവാസന്റെ എഴുത്തിന്റെ ശക്തിയുടെ ഉദാഹരണമാണ്.
ഐഎൻഎസ്പിയുടെ ദേശീയ നേതാവ് യശ്വന്ത് സഹായ് സന്ദർശത്തിന് വന്നപ്പോൾ നാരിയൽ കാ പാനി ചോദിക്കുമ്പോൾ ഒന്നും മനസ്സിലാകാതെ അങ്ങോട്ടും ഇങ്ങോട്ടും ഓടി മണ്ഡലം പ്രസിഡന്റ് പൊതുവാൾജി കൂടി നിന്ന പ്രവർത്തകരോട് ചോദിക്കുന്നുണ്ട്. വിദ്യാഭ്യാസമുള്ള ഒരുത്തനുമില്ലേ നമ്മുടെ പാർട്ടിയിൽ എന്ന്. ഈ ഡയലോഡും ഇന്നും എവർഗ്രീൻ തന്നെയാണ്. ഓരോ സംഭാഷണത്തിലും ഒരായിരം അർഥങ്ങളും ചിന്തകളുമായിരുന്നു ശ്രീനിവാസൻ സന്ദേശത്തിലൂടെ കാഴ്ചക്കാരുടെ മുന്നിലേക്കിട്ടത്. അതെല്ലാം ഇപ്പോഴും മറ്റൊന്നിന് പോലും മത്സരിക്കാനില്ലാത്ത മാരക പ്രഹര ശേഷിയുള്ള ട്രോൾ ബോംബുകളായും നിലനിൽക്കുന്നുണ്ട്.
അമ്പലവും വിശ്വാസവും ഇല്ലെന്ന് പറഞ്ഞ്, പരിപ്പുവടയും കട്ടൻചായയുമാണ് പാർട്ടിയുടെ പ്രധാനഭക്ഷണമെന്ന് ഒരുകാലത്ത് പറഞ്ഞ് നടന്ന കേരളത്തിലെ ഇടതുപക്ഷ പാർട്ടികളെയാണ് ഈ ബോംബുകളത്രയും ഇപ്പോഴും മുറിവേൽപ്പിക്കുന്നത് എന്നതാണ് യാഥാർഥ്യം. കാലമേറെ കഴിയുമ്പോൾ ഇന്ന് വിശ്വാസിൾക്കൊപ്പമാണ് തങ്ങളെന്ന് പലപ്പോഴും പാർട്ടിക്ക് പ്രഖ്യാപിക്കേണ്ടി വരുന്നു. അയ്യപ്പസംഗമം നടത്തി അയ്യപ്പന്റെ ചിത്രം ആലേഖനം ചെയ്ത സമ്മാനം നെഞ്ചോട് ചേർത്ത് പിടിക്കുന്ന ഇടുതുനേതാക്കളെ അധികം ദൂരെയല്ലാതെയുള്ള കാലത്ത് നമുക്ക് കാണേണ്ടി വന്നു. അമ്പലങ്ങളുടെ പരിപാടികളിലെ പ്രധാന നടത്തിപ്പുകാരായി ഇടത് നേതാക്കൾ തന്നെ മാറുന്ന കാഴ്ചയ്ക്കും കേരളം സാക്ഷിയായി. ഇക്കാര്യങ്ങൾക്കൊണ്ടെല്ലാം തന്നെയാണ് സന്ദേശത്തിലെ ഓരോ ഡയലോഗുകൾക്കും ഇന്നും കേരള രാഷ്ട്രീയത്തിൽ മുഴങ്ങിക്കേൾക്കുന്നതും.
Published: 20 Dec 2025, 11:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented