തന്റെ പുതിയൊരു തമിഴ് പ്രോജക്ടിന്റെ ടീസർ പങ്കുവെച്ചിരിക്കുകയാണ് നടി.

സാമന്തയും രാജ് നിദിമോറുവും, സാമന്ത റൂത്ത് പ്രഭു | Photo: X/ TeaTimeTelugu, Instagram/ Samantha
തെലുങ്ക് ചിത്രമായ ‘മാ ഇൻടി ബംഗാര’ത്തിന്റെ വിജയം ആഘോഷിക്കുകയാണ് നടി സാമന്ത റൂത്ത് പ്രഭു. അതിനിടെ സാമന്ത താൻ ഗർഭിണിയാണെന്ന് വെളിപ്പെടുത്തുകയും താമസിയാതെ ഒരു പ്രസവാവധിയെടുക്കുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ ദിവസങ്ങൾക്കുശേഷം തന്റെ പുതിയൊരു തമിഴ് പ്രോജക്ടിന്റെ ടീസർ പങ്കുവെച്ചിരിക്കുകയാണ് നടി.
സോണി ലിവ് ഇന്ത്യയുടെയും സോണി ലിവ് തമിഴിന്റെയും ഇൻസ്റ്റാഗ്രാം പേജിലാണ് ‘ബിഗ് അനൗൺസ്മെന്റ് സൂൺ’ എന്നെഴുതിയ സാമന്തയുടെ ചിത്രത്തോടുകൂടിയ പോസ്റ്റ് പങ്കുവെക്കപ്പെട്ടത്. ഞങ്ങൾ പ്രത്യേകമായൊന്നിന്റെ ജോലികളിലാണെന്നും അതിന്റെ കൂടുതൽ വിവരങ്ങൾ നിങ്ങളുമായി പങ്കുവെക്കാൻ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും പോസ്റ്റിനൊപ്പം പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ഇതിനുപുറമെ സോണി തങ്ങളുടെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ അവർ ഇത് പങ്കുവെക്കുകയും സാമന്തയെ ടാഗ് ചെയ്തുകൊണ്ട്, ‘ഞങ്ങളുടെ സന്തോഷം അടക്കാനാകുന്നില്ല’ എന്ന് എഴുതുകയും ചെയ്തു.
“മാറ്റങ്ങളെ സ്വീകരിക്കാനും യാത്രയെ വിശ്വസിക്കാനും പുതിയ തുടക്കങ്ങളെ സ്വാഗതം ചെയ്യാനും ഈ വർഷം എന്നെ പഠിപ്പിച്ചു. സോണി ലിവ് തമിഴിനൊപ്പം ഈ പുതിയ അധ്യായം ആരംഭിക്കുന്നതിൽ എനിക്ക് ഏറെ സന്തോഷമുണ്ട്. ഞങ്ങൾ വളരെ ആവേശകരമായ ഒന്നിനുവേണ്ടി പ്രവർത്തിക്കുകയാണ്. അത് ഉടൻ എല്ലാവരുമായി പങ്കുവെക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.”- സോണി ലിവുമായുള്ള സഹകരണത്തെ കുറിച്ച് സാമന്ത പ്രതികരിച്ചു.
സാമന്ത വീണ്ടും ഒരു ഇടവേള എടുക്കുമെന്ന് കരുതിയിരുന്ന ആരാധകർ ഈ പ്രഖ്യാപനത്തിൽ അമ്പരന്നിരിക്കുകയാണ്. ‘സാമന്തയെ കാണാൻ ഞങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നു’- എന്ന് ഒരാൾ കമന്റ് ചെയ്തപ്പോൾ, ‘തമിഴ് സിനിമകളിലേക്ക് വീണ്ടും സ്വാഗതം’-എന്നാണ് മറ്റൊരാൾ കുറിച്ചത്. മറ്റു നിരവധി ആളുകൾ ഹൃദയ ഇമോജികളോടെ കമന്റ് ചെയ്തു.
ഇത് ഒരു തമിഴ് സിനിമയാണോ അതോ ഒരു ഒ.ടി.ടി. പ്രോജക്ട് ആണോ എന്ന് വ്യക്തമല്ല. ചിലപ്പോൾ സോണി ലിവിന്റെ എന്തെങ്കിലും പരിപാടിയിൽ സാമന്ത എത്തുന്നതിനെക്കുറിച്ചുള്ള പോസ്റ്റും ആവാം.
തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് സാമന്ത. 2010-ൽ പുറത്തിറങ്ങിയ നാഗ ചൈതന്യയുടെ ‘യെ മായ ചെസാവേ’ എന്ന ചിത്രത്തിലൂടെയാണ് സാമന്തയുടെ അരങ്ങേറ്റം. ‘വിണ്ണൈത്താണ്ടി വരുവായാ’ എന്ന തമിഴ് സൂപ്പർഹിറ്റ് ചിത്രത്തിന്റെ റീമേക്കായിരുന്നു ഇത്. അതിനുശേഷം നിരവധി തമിഴ് ചിത്രങ്ങളിൽ സാമന്ത വേഷമിട്ടു.
2022-ൽ പുറത്തിറങ്ങിയ ‘കാതുവാക്കുലെ രെണ്ടു കാതൽ’ എന്ന ചിത്രമാണ് സാമന്തയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ തമിഴ് ചിത്രം. വിഗ്നേഷ് ശിവൻ സംവിധാനം ചെയ്ത ചിത്രത്തിൽ വിജയ് സേതുപതി, നയൻതാര എന്നിവരും ഉണ്ടായിരുന്നു. അടുത്തിടെ ‘മാ ഇൻടി ബംഗാരം’ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ പ്രചാരണത്തിനെത്തിയപ്പോൾ കൂടുതൽ തമിഴ് ചിത്രങ്ങൾ ചെയ്യാൻ സാധിക്കാത്തതിൽ സാമന്ത ഖേദം അറിയിച്ചിരുന്നു.
2025 ഡിസംബറിലാണ് സംവിധായകനായ രാജ് നിദിമോരുവുമായുള്ള സാമന്തയുടെ വിവാഹം നടന്നത്. ജൂണിലാണ് തങ്ങൾ ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന് ഇരുവരും വെളിപ്പെടുത്തിയത്. മാ ഇൻടി ബംഗാരത്തിനുശേഷം താൻ ചെറിയൊരു ഇടവേള എടുക്കുമെന്നും അതിനുശേഷം മറ്റൊരു ചിത്രവുമായെത്തുമെന്നും സാമന്ത പറഞ്ഞു. ഇതിനുമുമ്പ് മയോസൈറ്റിസ് എന്ന രോഗാവസ്ഥയെത്തുടർന്ന് നടി അഭിനയരംഗത്തുനിന്ന് മാറിനിന്നിരുന്നു.
Content Highlights: Despite recently announcing a maternity break, actress Samantha Ruth Prabhu has surprised her fans by teasing an upcoming, highly-anticipated Tamil project in collaboration with Sony LIV.
Published: 05 Jul 2026, 03:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented