നീണ്ട പതിനേഴ് വർഷക്കാലം അനുഷ്‌ക ഷെട്ടിയുടെ അരുന്ധതിയായിരുന്നു നായികാപ്രാധാന്യമുള്ള തെലുഗുചിത്രങ്ങളുടെ അളവുകോൽ. അരുന്ധതി സൃഷ്ടിച്ച റെക്കോഡുകളാണ് നന്ദിനി റെഡ്ഡി സംവിധാനം ചെയ്ത് സാമന്ത റൂത്ത് പ്രഭു നായികയായ മാ ഇൻടി ബംഗാരം തകർത്തിരിക്കുന്നത്. നായകനടന്മാർ അരങ്ങുവാഴുന്ന, നായികമാർ നിഴലുകൾ മാത്രമായൊതുങ്ങുന്ന തെലുഗുസിനിമയിൽ സ്വന്തമായൊരിടം നേടിയെടുക്കുകയാണ് സാമന്ത. ജൂൺ 19-ന് റിലീസ് ചെയ്ത ചിത്രം ഇതിനകം തന്നെ ആഗോളതലത്തിൽ 83 കോടി നേടിക്കഴിഞ്ഞു. ഇന്ത്യൻ ബോക്‌സ് ഓഫീസിൽനിന്ന് 50 കോടിയും കടന്നു.
'ബംഗാരം സുവർണലിപികളിൽ ചരിത്രമെഴുതിയിരിക്കുന്നു. ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ നായികാപ്രാധാന്യമുള്ള തെലുഗുചിത്രം.' സാമന്തയുടെ നിർമാണ കമ്പനിയായ ത്രലാല മൂവിങ് പിക്‌ചേഴ്‌സ് ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചു. സൂപ്പർസ്റ്റാർ എന്നും ക്വീൻ എന്നുമൊക്കെ താരത്തെ വിളിച്ചാണ് ആരാധകർ പ്രതികരിച്ചത്.
കൊടി രാമകൃഷ്ണ സംവിധാനം ചെയ്ത് അനുഷ്‌ക ഷെട്ടിയും സോനു സൂദും പ്രധാന വേഷത്തിലെത്തിയ അരുന്ധതിയാണ് ഇതിനു
മുൻപ് ഈ റെക്കോഡ് കൈയടക്കി വെച്ചിരുന്നത്. ആഗോളതലത്തിൽ 70 കോടിയാണ് ചിത്രം അന്ന് നേടിയത്.
2018-ൽ പുറത്തിറങ്ങിയ നാഗ് അശ്വിൻ ചിത്രം മഹാനടി ഇത് മറികടന്നെങ്കിലും കീർത്തി സുരേഷിനൊപ്പം ദുൽഖർ സൽമാൻ, സാമന്ത, വിജയ് ദേവരക്കൊണ്ട തുടങ്ങി ഒരു വൻ താരനിര തന്നെ ചിത്രത്തിൽ ഉണ്ടായിരുന്നു. 2015-ൽ ഗുണശേഖറിന്റെ അനുഷ്‌ക ഷെട്ടി നായികയായ രുദ്രമാദേവി 85 കോടി നേടിയിരുന്നു. എന്നാൽ ചിത്രത്തിൽ അല്ലു അർജുനും റാണാ ദഗ്ഗുബട്ടിയും പ്രധാനവേഷങ്ങളിൽ എത്തിയിരുന്നു.
ഡൊമിനിക് അരുൺ സംവിധാനം ചെയ്ത് കല്യാണി പ്രിയദർശൻ പ്രധാനവേഷത്തിലെത്തിയ ലോക: ചാപ്റ്റർ വൺ- ചന്ദ്രയുടെ റെക്കോഡ് ഇപ്പോഴും തകർന്നിട്ടില്ല. ദുൽഖർ നിർമിച്ച ചിത്രം 300 കോടിയാണ് നേടിയത്. ചിത്രത്തിന്റെ നേട്ടങ്ങൾ അപ്രതീക്ഷിതമായിരുന്നുവെന്ന് ചിത്രത്തിൽ പ്രവർത്തിച്ചവർ പിന്നീട് പറഞ്ഞിരുന്നു.
നന്ദിനി റെഡ്ഡി സംവിധാനം ചെയ്ത മാ ഇൻടി ബംഗാരം ഒരു ആക്ഷൻ കോമഡി ഡ്രാമയാണ്. ത്രലാല മൂവിങ് പിക്‌ചേഴ്‌സിന്റെ ബാനറിൽ സാമന്ത, രാജ് നിദിമൊരു, ഹിമാങ്ക് റെഡ്ഡി എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സാമന്തയോടൊപ്പം ഗുൽഷൻ ദേവയ്യ, ദിഗന്ത് മാഞ്ചാലെ, ശ്രീമുഖി, മഞ്ജുഷ മുക്കവല്ലി, ഗൗതമി തുടങ്ങിയവർ പ്രധാനവേഷങ്ങളിലെത്തുന്നു. സിനിമയുടെ ചിത്രീകരണത്തിനിടെ താൻ ഗർഭിണിയായിരുന്നുവെന്ന് ചിത്രം പുറത്തുവന്നതിനുശേഷം സാമന്ത വെളിപ്പെടുത്തിയിരുന്നു.
Content Highlights: Samantha Ruth Prabhu's latest production and lead film, 'Maa Inti Bangaram', has shattered the 17-year-old box office record set by Anushka Shetty's 'Arundhati' to become the highest-grossing female-centric Telugu movie with a global collection of Rs 83 crores.
Published: 02 Jul 2026, 12:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented