മുംബൈയിലെ ഹിന്ദുജ ആശുപത്രി സന്ദർശനത്തിനിടെ പാപ്പരാസികളോട് ക്ഷോഭിച്ച് സൽമാൻ ഖാൻ. ചൊവ്വാഴ്ച രാത്രി നടന്ന സംഭവത്തിൽ തന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തെ താരം രൂക്ഷമായി വിമർശിച്ചു. ആശുപത്രിയിൽ മറ്റൊരാളെ കാണാനെത്തിയ സൽമാനെ ഫോട്ടോഗ്രാഫർമാർ നിരന്തരം പിന്തുടർന്നതാണ് താരത്തെ പ്രകോപിപ്പിച്ചത്. മറ്റൊരാളുടെ വേദനയിൽ സന്തോഷം കണ്ടെത്താൻ ശ്രമിക്കുന്ന രീതി ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

To advertise here,

ട്രാഫിക് സിഗ്നലിൽ വെച്ച് സൽമാന്റെ വാഹനം കണ്ട പാപ്പരാസികൾ ആശുപത്രി വരെ അദ്ദേഹത്തെ പിന്തുടരുകയായിരുന്നു. അദ്ദേഹം ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ശ്രദ്ധ പിടിച്ചുപറ്റാനായി പാപ്പരാസികൾ താരത്തിന്റെ പുതിയ ചിത്രമായ 'മാതൃഭൂമി'യുടെ പേര് വിളിച്ച് ബഹളം വെച്ചു. ഇത് സഹിക്കവയ്യാതെ, "നിങ്ങൾക്ക് ഭ്രാന്താണോ?" എന്ന് ചോദിച്ച് താരം ആക്രോശിക്കുന്നതും ദേഷ്യത്തോടെ ആംഗ്യം കാണിക്കുന്നതും പുറത്തുവന്ന വീഡിയോകളിൽ കാണാം.

ആശുപത്രി പരിസരത്ത് ബഹളം വെച്ച ഫോട്ടോഗ്രാഫർമാരോട് ഇത്തരമൊരു സാഹചര്യത്തിൽ പെരുമാറേണ്ടത് എങ്ങനെയെന്ന് അദ്ദേഹം ചോദിച്ചു. സ്വന്തം കുടുംബാംഗങ്ങൾ ആരെയെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുമ്പോൾ ഇത്തരത്തിൽ പെരുമാറുമോ എന്നും അദ്ദേഹം ചോദിച്ചു. സൽമാന്റെ ദേഷ്യം കണ്ടതോടെ ഫോട്ടോഗ്രാഫർമാർ അദ്ദേഹത്തോട് മാപ്പുപറയുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്.

സംഭവത്തിന് പിന്നാലെ സൽമാൻ ഇൻസ്റ്റഗ്രാമിലൂടെയും തന്റെ രൂക്ഷമായ പ്രതികരണം അറിയിച്ചു. മറ്റൊരാളുടെ വ്യക്തിപരമായ വേദനകളിൽ നിന്ന് പണമുണ്ടാക്കാൻ ശ്രമിക്കുമ്പോൾ കുറഞ്ഞത് മാന്യതയെങ്കിലും കാണിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. സിനിമയെക്കാൾ വലുത് മനുഷ്യന്റെ ജീവനാണെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് അറുപത് വയസ്സായെങ്കിലും തിരിച്ചടിക്കാൻ മറന്നിട്ടില്ലെന്ന് അദ്ദേഹം പാപ്പരാസികൾക്ക് താക്കീത് നൽകി. വീണ്ടും ഇത്തരത്തിൽ മോശമായി പെരുമാറിയാൽ ശക്തമായി നേരിടുമെന്നും ജയിലിൽ പോകാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ 'മാതൃഭൂമി' എന്ന ചിത്രത്തിന്റെ ജോലികളിലാണ് സൽമാൻ. മുൻപ് 'ബാറ്റിൽ ഓഫ് ഗാൽവാൻ' എന്ന് പേരിട്ടിരുന്ന ഈ ചിത്രം വലിയ മാറ്റങ്ങളോടെയാണ് ഇപ്പോൾ ഒരുങ്ങുന്നത്.