
വേടന്‍, സജി ചെറിയാന്‍ | Photo: Mathrubhumi, Facebook/ Saji Cherian
കോഴിക്കോട്: കഴിഞ്ഞ അഞ്ചുവര്‍ഷവും പരാതികളില്ലാതെയാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. എല്ലാത്തിനും കൈയടി മാത്രമേ ലഭിച്ചിട്ടുള്ളൂ. കഴിഞ്ഞദിവസം മമ്മൂട്ടിക്ക് മികച്ച നടനുള്ള അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ മുന്‍വര്‍ഷങ്ങളിലേക്കാള്‍ വലിയ കൈയടി ലഭിച്ചുവെന്നും മന്ത്രി കോഴിക്കോട് ഒരു പൊതുപരിപാടിയില്‍ പറഞ്ഞു.
മന്ത്രി പി.എ. മുഹമ്മദ് റിയാസും വേദിയിലിരിക്കവേയാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തെ സാംസ്‌കാരിക വകുപ്പിന്റെ നേട്ടങ്ങളെക്കുറിച്ച് സജി ചെറിയാന്‍ പറഞ്ഞത്. 'എന്റേത് ഒരു ചെറിയ വകുപ്പാണ്, സാംസ്‌കാരിക വകുപ്പ്. ഞാന്‍ അഭിമാനത്തോടെ പറയുന്നു, റിയാസ് മിനിസ്റ്ററേ, അഞ്ചാമത് അവാര്‍ഡ് ആണ് ഇന്നലെ ഞാന്‍ പ്രഖ്യാപിച്ചത്. ഒരു പരാതിയില്ലാതെ ഈ സര്‍ക്കാരിന്റെ കാലത്ത് അഞ്ച് അവാര്‍ഡ് ഞങ്ങള്‍ പ്രഖ്യാപിച്ചു. കൈയടി മാത്രമേയുള്ളൂ, മമ്മൂക്കയ്ക്ക് കൊടുത്തപ്പോള്‍ അതിനേക്കാള്‍ കൈയടി. ലോകംകണ്ട ഇതിഹാസനായകനാണ് മോഹന്‍ലാല്‍. ഞങ്ങള്‍ കൊണ്ടുവന്നു സ്വീകരിച്ചു, അതിനേക്കാള്‍ കൈയടി. ഇപ്രാവശ്യം വേടനപ്പോലും ഞങ്ങള്‍ സ്വീകരിച്ചു', മന്ത്രി പറഞ്ഞു.
പിന്നാലെ, വേടനപ്പോലും എന്നുപറയുന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് പരിപാടി കഴിഞ്ഞിറങ്ങിയപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ മന്ത്രിയോട് ചോദിച്ചു. തന്റെ വാക്കുകള്‍ വളച്ചൊടിച്ച് വിവാദമാക്കരുതെന്നായിരുന്നു മന്ത്രിയുടെ മറുപടി.
'വെറുതേ വിവാദമാക്കുകയാണ്. വേടന്‍ പറഞ്ഞ വാക്കാണ് ഞാന്‍ പറഞ്ഞത്. നിങ്ങള്‍ വളച്ചൊടിക്കരുത്. ഒരുപാട് പ്രഗത്ഭര്‍ നിലനില്‍ക്കുന്ന മേഖലയാണ് ഗാനരചന. അങ്ങനെയുള്ളവരുള്ളപ്പോള്‍, നല്ലൊരു കവിതയെഴുതിയ വേടനെ ഞങ്ങള്‍ സ്വീകരിച്ചു. ജൂറി സ്വീകരിച്ചു. അതിനുള്ള മനസ് സര്‍ക്കാരിനുണ്ടെന്നാണ് പറഞ്ഞത്', മന്ത്രി പറഞ്ഞു.
'ശ്രീകുമാരന്‍തമ്പി സാറിനെപ്പോലെ ഒരുപാട് എഴുത്തുകാരുള്ള നാട്ടില്‍, വേടനപ്പോലെ പാട്ടുപാടുന്ന- അയാള്‍ എഴുത്തുകാരനല്ല. ഗാനരചയിതാവ് അല്ലാത്ത ഒരാള്‍ ഗാനമെഴുതിയപ്പോള്‍, അത് കേരളം സ്വീകരിച്ചു എന്നാണ് പറഞ്ഞത്. ആ അര്‍ഥത്തില്‍ കാണണം. അതിന്റെ നല്ല വശം എടുക്കണം. എല്ലാം നെഗറ്റീവായി ചിന്തിക്കരുത്. പോസിറ്റീവായി ചിന്തിക്ക്. എന്റെ പോലും എടുത്ത് ചര്‍ച്ച ചെയ്യരുത്'- സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Kerala Minister Saji Cheriyan states state film awards announced without complaint in the last five years, clarifies `Vedan` remark to media.
Published: 04 Nov 2025, 01:02 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented