
കുത്തേറ്റ് ചികിത്സയിലായിരുന്ന ബോളിവുഡ് താരം സെയ്ഫ് അലിഖാനെ ഡിസ്ചാര്‍ജ് ചെയ്തു. ഉടന്‍ ആശുപത്രി വിട്ടേക്കും. അഞ്ചുദിവസത്തോളം മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സെയ്ഫ് അലിഖാന്, ചൊവ്വാഴ്ച ഉച്ചയോടെയാണ് ആശുപത്രി വിടുക. സെയ്ഫിന്റെ ഭാര്യയും ബോളിവുഡ് താരവുമായ കരീന കപൂര്‍, മകള്‍ സാറാ അലിഖാന് എന്നിവര്‍ രാവിലെയോടെ ആശുപത്രിയില്‍ എത്തിയിരുന്നു.
ആശുപത്രി വിടുന്ന സെയ്ഫ് അലിഖാന് ബാന്ദ്രയിലെ ഫോര്‍ച്യൂണ്‍ ഹൈറ്റ്സ് വീട്ടിലേക്കാവും തിരിച്ചുപോവുകയെന്നാണ് സൂചന. താരം വേഗം സുഖംപ്രാപിക്കാനുള്ള അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ വീട്ടിലേക്ക് മാറ്റുന്നതെന്നാണ് വിവരം. നിലവില്‍ താമസിച്ചുവരുന്ന സത്ഗുരു ശരണില്നിന്ന് 500 മീറ്റര്‍മാറിയാണ് ഫോര്‍ച്യൂണ്‍ ഹൈറ്റ്സ്. ഇവിടെ സുരക്ഷ വര്‍ധിപ്പിച്ചു. മുംബൈ പോലീസ് ഇവിടെ മുഴുവന്‍ സമയം നിരീക്ഷണം നടത്തുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വീടുമാറാനുള്ള തീരുമാനം കരീന കപൂറിന്റേതായിരുന്നുവെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ച് കയറി സെയ്ഫ് അലി ഖാനെ ആക്രമിച്ചത്. ആക്രമണത്തില്‍ നടന് ആറ് തവണ കുത്തേല്‍ക്കുകയും കത്തി മുറിഞ്ഞ് ശരീരത്തില്‍ തറയ്ക്കുകയും ചെയ്തു. ചോരയില്‍ കുളിച്ച നടനെ ഓട്ടോറിക്ഷയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. ആക്രമണശേഷം പ്രതി വീട്ടില്‍ നിന്ന് രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നു. നടനെ ആക്രമിച്ച ബംഗ്ലാദേശ് പൗരൻ ഷരീഫുൾ ഇസ്ലാമിനെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കുട്ടികളുടെ മുറിയില്‍ കള്ളന് കയറിയെന്ന് സഹായികളില്‍ ഒരാള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സെയ്ഫ് മുറിയിലെത്തിയത്. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് പ്രതി സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ശരീരത്തില്‍ ആറ് തവണയാണ് കുത്തേറ്റത്. ഗുരുതരമായ പരിക്കില്‍ നിന്ന് തലനാരിഴയ്ക്കാണ് സെയ്ഫ് അലിഖാന് രക്ഷപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് ശരീരത്തില്‍ കുടുങ്ങിയ കത്തി നീക്കം ചെയ്തത്.
Content Highlights: Bollywood actor Saif Ali Khan discharged from Lilavati Hospital
Published: 21 Jan 2025, 02:59 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented