ഇന്ത്യയെമ്പാടുമുള്ള സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2- ദ റൂൾ. അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനംചെയ്യുന്ന ചിത്രം ഡിസംബറിലാണ് റിലീസ് ചെയ്യുന്നത്. ആ​ഗസ്റ്റിൽ റിലീസ് ചെയ്യുമെന്ന് പറഞ്ഞ ഈ ബി​ഗ് ബജറ്റ് ചിത്രത്തിന്റെ റിലീസ് തുടരെ മാറ്റുന്നത് എന്തിനാണെന്ന ചർച്ച ചൂടുപിടിക്കുകയാണ്.

To advertise here,

സിനിമാ സംബന്ധമായ വാർത്തകളും ആർട്ടിക്കിളുകളും വായിക്കാനും വീഡിയോകൾ കാണാനും വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ:

ഈ വരുന്ന ആ​ഗസ്റ്റ് 15-നായിരുന്നു പുഷ്പ 2 റിലീസ് നിശ്ചയിച്ചിരുന്നത്. പൊടുന്നനെ അത് ഡിസംബറിലേക്ക് മാറ്റുകയായിരുന്നു. സംവിധായകൻ സുകുമാറും അല്ലു അർജുനും അടുത്തകാലത്തായി അത്ര രസത്തിലല്ല എന്നാണ് ടോളിവുഡിൽനിന്നുവരുന്ന ഒരു അഭ്യൂഹം. ചിത്രീകരണം പുരോ​ഗമിക്കവേ താരവും സംവിധാനവും വെവ്വേറെ ഇടങ്ങളിലേക്ക് അവധിയാഘോഷത്തിന് പോയതും ഈ അഭ്യൂഹം ശക്തമാകാൻ ഇടയാക്കി.

അടുത്തിടെ പുഷ്പ ലുക്കിൽ നിന്ന് വ്യത്യസ്തമായി താടി ട്രിം ചെയ്ത നിലയിലുള്ള അല്ലു അർജുന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഒരു വിമാനത്തിൽ നിന്നുള്ളതാണ് ഈ വീഡിയോ. ഇതും പ്രചരിക്കുന്ന അഭ്യൂഹങ്ങൾ ശക്തമാക്കി. എന്നാൽ ഇക്കാര്യങ്ങൾ പുഷ്പ 2 ടീം നിഷേധിച്ചിട്ടുണ്ട്. സംവിധായകനും നായകനും തമ്മിൽ പ്രശ്നമൊന്നുമില്ലെന്നും ചിത്രത്തിന്റെ ഷൂട്ടിങ് ഈ മാസം അവസാനത്തോടെ പുനരാരംഭിക്കുമെന്നും അവർ വ്യക്തമാക്കി.

മൂന്നു വർഷത്തോളം ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അർജുന്റെ ചിത്രമാണ് പുഷ്പ 2. ആദ്യ ഭാ​ഗത്തിലെ പ്രകടനത്തിലൂടെ കഴിഞ്ഞതവണത്തെ മികച്ച നടനുള്ള ദേശീയ പുരസ്കാരം അല്ലു അർജുനെ തേടിയെത്തിയിരുന്നു. ഫഹദ് ഫാസിലാണ് ചിത്രത്തിൽ പ്രതിനായകവേഷത്തിലെത്തുന്നത്. രശ്മിക മന്ദാനയാണ് നായിക. ജ​ഗപതി ബാബു, പ്രകാശ് രാജ്, സുനിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റുവേഷങ്ങളിൽ. മൈത്രി മൂവി മേക്കേഴ്സ് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകന്റേതുതന്നെയാണ്.