ന്റേതെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രങ്ങളും വീഡിയോയും നിർമിത ബുദ്ധി ഉപയോഗിച്ച് നിർമിച്ചതാണെന്ന് നടി രുക്മിണി വസന്ത്. ഇത്തരം വ്യാജ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നത് അങ്ങേയറ്റം നിരുത്തരവാദപരമാണെന്നും ഇത് തന്റെ സ്വകാര്യതയുടെ ലംഘനമാണെന്നും അവർ പ്രസ്താവിച്ചു. തനിക്കെതിരെ പ്രചരിക്കുന്ന ഡീപ്ഫേക്ക് ചിത്രങ്ങൾക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് രുക്മിണിയുടെ തീരുമാനം.

To advertise here,

വെള്ളിയാഴ്ചയാണ് ഒരു സ്വിമ്മിംഗ് പൂളിൽ വെച്ചുള്ള ഫോട്ടോഷൂട്ടിന്റെ അണിയറ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. നടി രുക്മിണി വസന്താണ് ദൃശ്യങ്ങളിലുള്ളത് എന്ന രീതിയിലായിരുന്നു പ്രചാരണം. ഒരു പ്രൊഫഷണൽ ഫോട്ടോഷൂട്ടിന്റെ ഭാഗമെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള ഈ ദൃശ്യങ്ങൾ യഥാർത്ഥമാണെന്ന് പലരും വിശ്വസിച്ചിരുന്നു. എന്നാൽ, ഇവ പൂർണ്ണമായും വ്യാജമാണെന്നും താനുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും രുക്മിണി വ്യക്തമാക്കി.

ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് ഡീപ്ഫേക്ക് വീഡിയോക്കെതിരെ നടി രംഗത്തെത്തിയത്. തന്റേതെന്ന പേരിൽ ഇന്റർനെറ്റിൽ പ്രചരിക്കുന്ന ചിത്രങ്ങൾ പൂർണ്ണമായും വ്യാജവും കൃത്രിമമായി നിർമ്മിച്ചതുമാണ് എന്ന് താരം പ്രസ്താവനയിൽ പറഞ്ഞു. ഇത്തരത്തിലുള്ള ഉള്ളടക്കങ്ങൾ പങ്കുവെക്കുന്നതിൽ നിന്നും അതിൽ ഇടപഴകുന്നതിൽ നിന്നും വിട്ടുനിൽക്കാൻ അവർ ആരാധകരോട് അഭ്യർത്ഥിച്ചു.

സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികളും സൈബർ ക്രൈം അന്വേഷണവും ആരംഭിക്കുമെന്ന് രുക്മിണി വസന്ത് മുന്നറിയിപ്പ് നൽകി. തന്റെ ടീമുമായി ചേർന്ന് ഈ വിഷയം ഗൗരവമായി കൈകാര്യം ചെയ്യുകയാണെന്നും വ്യാജ ചിത്രങ്ങൾ സൃഷ്ടിക്കുന്നവർക്കും അത് പ്രചരിപ്പിക്കുന്നവർക്കുമെതിരെ നടപടിയെടുക്കുമെന്നും താരം വ്യക്തമാക്കി. എഐയുടെയും ഡീപ്‌ഫേക്ക് സാങ്കേതികവിദ്യയുടെയും വർദ്ധിച്ചുവരുന്ന ദുരുപയോഗത്തെക്കുറിച്ചുള്ള ആശങ്കകൾ ഒരിക്കൽ കൂടി ഉയർത്തിയിരിക്കുകയാണ് ഈ സംഭവം.

2019-ൽ 'ബീർബൽ ട്രിലോജി -കേസ് 1: ഫൈൻഡിംഗ് വജ്രമുനി' എന്ന ചിത്രത്തിലൂടെയാണ് രുക്മിണി അഭിനയരംഗത്തേക്ക് കടന്നുവന്നത്. 'സപ്ത സാഗരദച്ചെ എല്ലൊ – സൈഡ് എ', 'സപ്ത സാഗരദച്ചെ എല്ലൊ – സൈഡ് ബി' എന്നീ റൊമാൻ്റിക് ഡ്രാമകളിലെ പ്രിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ അവർ വ്യാപകമായ അംഗീകാരം നേടി. 2023-ൽ മികച്ച നടിക്കുള്ള ഫിലിംഫെയർ ക്രിട്ടിക്സ് അവാർഡ് - കന്നഡ അവർക്ക് ലഭിച്ചു. 'ബാണാദരിയല്ലി', 'ബഗീര', 'ഭൈരതി രണഗൽ' തുടങ്ങിയ ചിത്രങ്ങളിലൂടെ അവർ തൻ്റെ അഭിനയ ജീവിതം കൂടുതൽ ശക്തിപ്പെടുത്തി.

'സപ്ത സാഗരദാച്ചെ എല്ലോ' എന്ന ചിത്രത്തിലൂടെ വലിയ ജനപ്രീതി നേടിയ രുക്മിണി, നിലവിൽ തെന്നിന്ത്യൻ സിനിമയിലെ തിരക്കുള്ള നടിയാണ്. ഋഷഭ് ഷെട്ടിയുടെ 'കാന്താര: ചാപ്റ്റർ 1' അവരെ കൂടുതൽ പ്രശസ്തയാക്കി. തെലുങ്കിൽ 'അപ്പുഡോ ഇപ്പുഡോ എപ്പുഡോ' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു. തമിഴിൽ മദ്രാസി എന്ന ചിത്രത്തിൽ ശിവ കാർത്തികേയന്റെ നായികയായി. പ്രശാന്ത് നീൽ ചിത്രം 'ഡ്രാഗൺ', യഷിനൊപ്പമുള്ള 'ടോക്സിക്' തുടങ്ങി നിരവധി വലിയ പ്രോജക്റ്റുകളിൽ താരം അഭിനയിക്കുന്നുണ്ട്.