രാംചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍. എന്നിവരെ നായകരാക്കി എസ്.എസ് രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമാണ് ആര്‍.ആര്‍.ആര്‍. റിലീസിന് മുന്‍പേ കോടികളുടെ ബിസിനസ് സ്വന്തമാക്കിയ ചിത്രം ബോക്‌സോഫീസിലും ഗംഭീര പ്രകടനം പുറത്തെടുത്തിരുന്നു. 1200 കോടിയോളം രൂപയാണ് ചിത്രം സ്വന്തമാക്കിയത്. രാം ചരണിനും ജൂനിയര്‍ എന്‍.ടി.ആറിനും പുറമേ ആലിയ ഭട്ടും അജയ് ദേവ്ഗണും ശ്രീയ ശരണും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. അല്ലൂരി സീതാ രാമരാജു, കൊമരം ഭീം എന്നിവരുടെ ബ്രിട്ടീഷുകാര്‍ക്കെതിരായുള്ള പോരാട്ടമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.

To advertise here,

ഇപ്പോഴിതാ ചിത്രം ജപ്പാനില്‍ റിലീസായതിന് പിന്നാലെ ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന് ലഭിച്ച സ്വീകാര്യതയ്ക്ക് രാം ചരണ്‍ ജാപ്പനീസ് ആരാധകരോട് നന്ദി അറിയിച്ചു. ഈ നിമിഷം തനിക്ക് മറക്കാനാകില്ലെന്നും ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞിരുന്ന ആരാധകരോടായി താരം പറഞ്ഞു. താന്‍ ഇന്ത്യയിലാണെന്ന് തോന്നുന്നുവെന്നും രാംചരണ്‍ കൂട്ടിച്ചേര്‍ത്തു.

ജപ്പാന്‍ ബോക്‌സോഫീസില്‍ പ്രഭാസിന്റെ സാഹോയുടെ പേരിലുണ്ടായിരുന്ന റെക്കോഡ് ആര്‍.ആര്‍.ആര്‍ തകര്‍ത്തിരിക്കുകയാണ്. ആദ്യ ദിനം 1.06 കോടി രൂപ നേടിക്കൊണ്ടാണ് രാജമൗലി ചിത്രം പുതിയ റെക്കോഡ് കരസ്ഥമാക്കിയത്. ആദ്യ ദിനം 90 ലക്ഷമാണ് സാഹോ നേടിയത്. ഈ ആഴ്ച ആര്‍.ആര്‍.ആറിന് ജപ്പാനില്‍ 3.5 കോടി സ്വന്തമാക്കാനാകുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ.