സംവിധായകൻ രോഹിത് ഷെട്ടിയുടെ മുംബൈയിലെ വീടിനുനേരെ വെടിവെപ്പുണ്ടായ സംഭവത്തിൽ ആശങ്കയറിയിച്ച് ഇന്ത്യൻ ഫിലിം&ടെലിവിഷൻ ഡയറക്ടേഴ്സ് അസോസിയേഷൻ(IFTDA). സംഭവം ഞെട്ടലുളവാക്കിയെന്നും ഇന്ത്യൻ സിനിമാലോകത്തെ ആദരണീയനായ സംവിധായകന്റെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും ഐഎഫ്ടിഡിഎ പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു.

To advertise here,

ഇത്തരം സംഭവങ്ങൾ ഭയവും അരക്ഷിതാവസ്ഥയും നിറയ്ക്കുമെന്നും അത് അംഗീകരിക്കാനാവില്ലെന്നും പ്രസ്താവനയിലുണ്ട്. ഇത് വിനോദ വ്യവസായത്തിന്റെ ആത്മവിശ്വാസത്തേയും ധാർമികതയേയും ഇളക്കരുതെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വിഷയത്തിൽ വ്യക്തിപരമായി ഇടപെടണമെന്നും കുറിപ്പിലുണ്ട്.

മുംബൈ പോലീസ് വിഷയത്തിൽ കടുത്ത നടപടി കൈക്കൊള്ളുമെന്നും കുറ്റവാളികളെ വേഗത്തിൽക്കണ്ടെത്തുമെന്നും രോഹിത് ഷെട്ടിയുടെ കുടുംബത്തിന് പൂർണ സുരക്ഷ നൽകുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്.

രോഹിത് ഷെട്ടിയുടെ ജുഹുവിലെ വസതിക്ക് പുറത്താണ് ശനിയാഴ്ച രാത്രിയോടെ വെടിവെപ്പ്നടന്നത്. നാല് തവണ വെടിയുതിർത്തതായി പോലീസ് സ്ഥിരീകരിച്ചു. സംഭവത്തെ തുടർന്ന് വീടിന് പ്രത്യേക സുരക്ഷ ഏർപ്പെടുത്തി. വീടും പരിസരവും പോലീസ് നിരീക്ഷണത്തിലാണ്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

വെടിവെയ്പ്പ് സംബന്ധിച്ച എല്ലാ കാര്യങ്ങളും അന്വേഷിക്കുന്നുണ്ടെന്നും ക്രൈംബ്രാഞ്ചും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് അന്വേഷണം നടത്തുന്നതെന്നും മുംബൈ പോലീസ് കമ്മീഷണർ വ്യക്തമാക്കി. അന്താരാഷ്ട്ര സംഘങ്ങളുമായുള്ള ബന്ധം ഉൾപ്പെടെ വിവിധ സാധ്യതകളും പരിശോധിച്ചു വരുന്നുണ്ടെന്നും എന്നാൽ ഇതുവരെ യാതൊരു നിഗമനത്തിലും എത്തിയിട്ടില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു. സംഭവത്തിൽ രോഹിത് ഷെട്ടിയും കുടുംബവും ഇതുവരെ പ്രതികരിച്ചിട്ടില്ല.

അജയ് ദേവ്ഗൺ നായകനായെത്തിയ സമീർ ആണ് രോഹിത് ഷെട്ടിയുടെ ആദ്യ ചിത്രം. 2003-ലാണ് ഈ സിനിമ റിലീസ് ആയത്. സിങ്കം, ഗോലുമാൽ, ചെന്നൈ എക്‌സ്പ്രസ് എന്നീ ഹിറ്റ് സിനിമകളും സംവിധാനം ചെയ്തു.