സംവിധായകനാകുന്നതിന് മുൻപ് മുംബൈയിൽ ഡ്രൈവറായും പ്രൊഡക്ഷൻ ഹൗസിലെ ഓഫീസ് ബോയ് ആയും ജോലി ചെയ്തിരുന്നതിനെക്കുറിച്ച് വെളിപ്പെടുത്തി നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി. കരിയറിൽ ഇവിടെവരെ എത്തുമെന്ന് സ്വപ്നത്തിൽപ്പോലും കരുതിയിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ വ്യാഴാഴ്ച തിയേറ്ററുകളിലെത്തുന്ന കാന്താര: ചാപ്റ്റർ 1 എന്ന തന്റെ പുതിയ ചിത്രത്തിനായി മുംബൈയിലെത്തിയതായിരുന്നു അദ്ദേഹം.

To advertise here,

തൻ്റെ സിനിമകൾക്ക് വർഷങ്ങളായി ലഭിക്കുന്ന സ്നേഹത്തിന് ഋഷഭ് നന്ദി പറഞ്ഞു. "മുംബൈ എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. കാരണം 2008-ൽ അന്ധേരി വെസ്റ്റിലെ ഒരു പ്രൊഡക്ഷൻ ഹൗസിൽ ഞാൻ ഓഫീസ് ബോയും ഒരു നിർമ്മാതാവിൻ്റെ ഡ്രൈവറുമായിരുന്നു. സിനിമയ്ക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് നിങ്ങൾക്ക് ഊഹിക്കാം. ഒരു സിനിമ ചെയ്തതുകൊണ്ട് ഇത്രയധികം പ്രശസ്തിയും സ്നേഹവും അനുഗ്രഹവും ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ആ സിനിമാ പ്രൊഡക്ഷൻ ഹൗസിൻ്റെ അടുത്തുള്ള റോഡിൽനിന്ന് വടാ പാവ് കഴിക്കുമ്പോൾ ഇവിടെവരെ എത്തുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. ഞാൻ ഒരുപാട് നന്ദിയുള്ളവനാണ്." ഋഷഭ് ഷെട്ടിയുടെ വാക്കുകൾ.

'കാന്താര ചാപ്റ്റർ 1'-ൻ്റെ നിർമ്മാതാക്കൾ ചെന്നൈയിൽ ഒരു പ്രീ-റിലീസ് പരിപാടി നടത്താൻ പദ്ധതിയിട്ടിരുന്നു. എന്നാൽ, തമിഴ്‌നാട്ടിലെ കരൂരിൽ തമിഴ് നടൻ വിജയുടെ റാലിക്കിടെയുണ്ടായ ദാരുണമായ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തെത്തുടർന്ന് പരിപാടി റദ്ദാക്കുകയായിരുന്നു. ഇത് ദുരിതബാധിതരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും ചിന്തിക്കാനുമുള്ള സമയമാണെന്ന് തങ്ങൾ വിശ്വസിക്കുന്നുവെന്നാണ് നിർമാതാക്കളായ ഹോംബാലെ ഫിലിംസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. കൂടുതൽ അനുയോജ്യമായ സമയത്ത് തമിഴ്‌നാട്ടിലെ പ്രേക്ഷകരെ കാണുമെന്നും അവർ വ്യക്തമാക്കി.

രുക്മിണി വസന്ത്, ഗുൽഷൻ ദേവയ്യ, ജയറാം തുടങ്ങിയവരും കാന്താര:ചാപ്റ്റർ1-ൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി എത്തുന്ന സിനിമയുടെ മലയാളം ഡിസ്ട്രിബ്യൂഷൻ പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്.