തെലുങ്ക് സൂപ്പർതാരം രവി തേജയെ നായകനാക്കി ശിവ നിർവാണ ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. 'ഇരുമുടി' എന്നാണ് രവി തേജയുടെ 77-ാമത് ചിത്രമായി ഒരുങ്ങുന്ന ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിർമിക്കുന്നത്. രവി തേജയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തു വിട്ടത്.
ആഴത്തിലുള്ള ആത്മീയ പ്രാധാന്യം വിളിച്ചോതുന്ന രീതിയിലാണ് ചിത്രത്തിന് 'ഇരുമുടി' എന്ന ശക്തമായ പേര് നൽകിയിരിക്കുന്നത്. പരമ്പരാഗത അയ്യപ്പസ്വാമിവേഷം ധരിച്ച്, ശക്തമായ ആത്മീയ അവതാരത്തിലാണ് രവി തേജയെ ഫസ്റ്റ് ലുക്കിലൂടെ അവതരിപ്പിക്കുന്നത്. ഒരു പെൺകുട്ടിയെ കൈകളിൽ ഏന്തുന്ന രവി തേജ കഥാപാത്രം, ഒരച്ഛൻ- മകൾ ബന്ധത്തിന്റെ വൈകാരികതയും ഇതിലൂടെ പ്രതിഫലിപ്പിക്കുന്നുണ്ട്.
ചില കഥകൾ ജീവിതത്തിലെ ശരിയായ നിമിഷത്തിൽ നമ്മളെ തിരഞ്ഞെടുക്കുന്നുവെന്നും അത്തരമൊരു കഥയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഭാഗ്യമുണ്ടെന്ന് കരുതുന്നുവെന്നും രവി തേജ സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു. വിശ്വാസം ഏവരേയും മുന്നോട്ട് നയിക്കട്ടെയെന്നും ശിവ നിർവാണ, മൈത്രി മൂവി മേക്കേഴ്സ് എന്നിവർക്കൊപ്പം 'ഇരുമുടി' എന്ന പുതിയ യാത്ര ആരംഭിക്കുന്നതിൽ താൻ ആവേശഭരിതനാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുമ്പ് കണ്ടതിൽ നിന്നെല്ലാം വ്യത്യസ്തമായ കഥാപാത്രത്തെയാണ് രവി തേജ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ശക്തമായ അച്ഛൻ- മകൾ ബന്ധം പ്രമേയമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഇത്തരത്തിലുള്ള വേഷം ആദ്യമായി അവതരിപ്പിക്കുന്നതിനു പുറമെ, ഇതിലൂടെ ഒരു വലിയ മാറ്റത്തിനും കൂടി വിധേയനാവുകയാണ് രവി തേജ എന്ന നടനും താരവും.
പ്രിയാ ഭവാനി ശങ്കർ നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ, രവി തേജയുടെ മകളായി ബേബി നക്ഷത്ര വേഷമിടുന്നു. സായ് കുമാർ, അജയ് ഘോഷ്, രമേഷ് ഇന്ദിര, സ്വാസിക, മീസാല ലക്ഷ്മൺ, രാജ്കുമാർ കാസിറെഡ്ഡി, രമണ ഭാർഗവ്, കിഷോർ കാഞ്ചേരപാലെം, കാർത്തിക് അഡുസുമല്ലി, മഹേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ശിവ നിർവാണ, നിർമാതാക്കൾ: നവീൻ യെർനേനി, വൈ രവിശങ്കർ, ബാനർ: മൈത്രി മൂവി മേക്കേഴ്‌സ്, സംഗീതം: ജി.വി. പ്രകാശ് കുമാർ, ഛായാഗ്രഹണം: വിഷ്ണു ശർമ, പ്രൊഡക്ഷൻ ഡിസൈനർ: സാഹി സുരേഷ്, എഡിറ്റിങ്: പ്രവീൺ പുഡി, സ്‌ക്രിപ്റ്റ് കോ-ഓർഡിനേറ്റർ: നരേഷ് ബാബു പി, കോ-ഡയറക്ടർ: സുരേഷ്, മേക്കപ്പ്: ശ്രീനിവാസ് രാജു, വസ്ത്രാലങ്കാരം: രാജേഷ്, പോസ്റ്റർ ഡിസൈനർ: യെല്ലോ ടൂത്ത്‌സ്, മാർക്കറ്റിങ്: ഫസ്റ്റ് ഷോ, പിആർഒ: ശബരി.
Content Highlights: Ravi Teja–Shiva Nirvana film titled ‘Irumudi’, first look unveiled
Published: 26 Jan 2026, 12:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented