ഡോൺ 3 എന്ന ചിത്രത്തിൽ നിന്ന് നടൻ രൺവീർ സിങ് അപ്രതീക്ഷിതമായി പിൻമാറിയതിന് പിന്നാലെയുണ്ടായ കോലാഹലങ്ങളിലാണ് ബോളിവുഡ്. രൺവീർ സിങിന്റെ ഈ നടപടിയിൽ പ്രതിഷേധിച്ച് ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് (എഫ്.‍ഡബ്ല്യൂ. ഐ.സി.ഇ) രൺവീർ സിങ്ങുമായി സഹകരിക്കില്ലെന്ന നിലപാടിലാണ്. അതേസമയം നിലവിലുള്ള ഡോൺ 3 തർക്കത്തിന്റെ മറവിൽ രൺവീറിനും ധുരന്ധർ സംവിധായകൻ ആദിത്യ ധറിനുമെതിരേ ഒരു “വൃത്തികെട്ട ഗൂഢാലോചന” രൂപപ്പെടുന്നുണ്ടെന്നാണ് തനിക്ക് തോന്നുന്നതെന്ന് എഴുത്തുകാരിയായ ശോഭ ഡെ അഭിപ്രായപ്പെട്ടു.

To advertise here,

ഈ തർക്കം രൺവീർ കൈകാര്യം ചെയ്യുന്ന രീതിയെ പ്രശംസിച്ചുകൊണ്ട് ശോഭാ ഡെ വ്യാഴാഴ്ച ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ചലച്ചിത്ര സംഘടനയുടെ സമീപകാല നീക്കം രൺവീറിനെ മാത്രമല്ല, ചലച്ചിത്ര പ്രവർത്തകൻ ആദിത്യ ധറിനെയും അദ്ദേഹത്തിന്റെ ബ്ലോക്ക്ബസ്റ്റർ സ്പൈ-ത്രില്ലർ ഫ്രാഞ്ചൈസിയായ ധുരന്ധറിന് പിന്നിലെ അണിയറപ്രവർത്തകരെയും ലക്ഷ്യമിട്ടുള്ള ഒരു “വൃത്തികെട്ട ഗൂഢാലോചന”യുടെ ഭാഗമാണെന്ന് തോന്നുന്നുവെന്ന് അവർ അവകാശപ്പെട്ടു.

ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ശോഭ ഡെ ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയത്. രൺവീർ സിംഗിനെതിരെയുള്ള നടപടിയെ ഡൽഹി ജിംഖാന ക്ലബ്ബ് വിവാദത്തോടാണ് അവർ ഉപമിച്ചത്. ഈ വിഷയങ്ങൾ അധികാരവും നിയന്ത്രണവും സ്ഥാപിക്കാനും, അമിതാവകാശങ്ങൾ ഉണ്ടെന്ന് കരുതുന്നവരെ പാഠം പഠിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് അവർ ചൂണ്ടിക്കാട്ടി. ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും കാര്യങ്ങൾ നേടാൻ ശ്രമിക്കുന്നത് വിലപ്പോവില്ലെന്നും അവർ പറഞ്ഞു.

രൺവീറിനെ സ്റ്റുഡിയോകളിൽ നിന്ന് വിലക്കിയതിലൂടെ എഫ്ഡബ്ല്യൂഐസിഇ പെട്ടെന്ന് ശ്രദ്ധ നേടിയെന്നും ഈ നടപടിയിലൂടെ അവർ സ്വയം ജനവിരുദ്ധരാവുകയാണെന്നും ശോഭ പറഞ്ഞു. എക്സൽ എന്റർടൈൻമെന്റും (ഫർഹാൻ അക്തർ) രൺവീർ സിംഗും തമ്മിലുള്ള പ്രശ്നങ്ങൾ അഭിഭാഷകർ മുഖേന കോടതിയിലൂടെയാണ് പരിഹരിക്കേണ്ടതെന്നും, അല്ലാതെ സിനിമാ പ്രവർത്തകരുടെ സംഘടനകളെ ഉൾപ്പെടുത്തി സാധാരണക്കാരായ തൊഴിലാളികളുടെയും ടെക്നീഷ്യൻമാരുടെയും ജോലി നഷ്ടപ്പെടുത്തുകയല്ല വേണ്ടതെന്നും അവർ വ്യക്തമാക്കി.

ആദിത്യ ധറിന്റെ 'ദുരന്ധർ' എന്ന ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷമാണ് രൺവീറിനെതിരെ ഈ നീക്കങ്ങൾ നടക്കുന്നത് എന്നത് ശ്രദ്ധേയമാണെന്ന് ശോഭ ഡെ പറഞ്ഞു. ബോളിവുഡിലെ ചില താല്പര്യങ്ങൾക്ക് ആദിത്യ ധർ ഒരു വലിയ ഭീഷണിയായി മാറിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും, ഈ ഗൂഢാലോചന സംവിധായകനും നിർമ്മാതാവിനും എതിരെയുള്ളതാണെന്നും അവർ ആരോപിച്ചു. എന്നാൽ ഈ വിവാദങ്ങളിൽ ബുദ്ധിപൂർവ്വം മൗനം പാലിക്കാൻ തീരുമാനിച്ചതിലൂടെ രൺവീർ തന്റെ ജനപ്രീതി വർദ്ധിപ്പിക്കുകയാണെന്നും ശോഭ ഡെ കൂട്ടിച്ചേർത്തു