ബോളിവുഡിൽ അവസരം കുറഞ്ഞതിനുപിന്നിൽ വർഗീയപരമായ കാരണങ്ങൾ ഉണ്ടായേക്കാമെന്ന സംഗീതസംവിധായകൻ എ.ആർ. റഹ്മാന്റെ പരാമർശം ഏറെ വിവാദമായിരുന്നു. പരാമർശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രശസ്തരുൾപ്പെടെ നിരവധിപേർ രംഗത്തെത്തി. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണമറിയിച്ചിരിക്കുകയാണ് ബോളിവുഡ് നടി റാണി മുഖർജി. താൻ കണ്ടതിൽ വച്ചേറ്റവും മതേതരമായ ഇടം ബോളിവുഡാണെന്ന് റാണി പറഞ്ഞു.

To advertise here,

ഡിഡി ന്യൂസിനോട് സംസാരിക്കവേയാണ് റാണി ഇക്കാര്യം പറഞ്ഞത്. ബോളിവുഡ് ആണ് ഏറ്റവും മതേതരമായ ഇടം, അങ്ങനെയാണ് താൻ വിശ്വസിക്കുന്നത്. ജാതിയുടേയോ, മതത്തിന്റെയോ പേരിലുള്ള വിവേചനമില്ല. മുപ്പതുവർഷം ഈ ഇൻഡസ്ട്രിയിൽ നിൽക്കുന്നയാൾ എന്നനിലയ്ക്ക് അത്തരമൊരു അനുഭവം ഉണ്ടായിട്ടേയില്ല- റാണി പറഞ്ഞു.

ഈ ഇൻഡസ്ട്രിയാണ് തന്നെ ഇന്നത്തെ നിലയിലേക്കെത്തിച്ചതെന്നും ഇവിടെ യോഗ്യതയാണ് പ്രധാനമെന്നും റാണി പറഞ്ഞു. ഇവിടെ നിങ്ങളുടെ തൊഴിലാണ് നിങ്ങൾക്കുവേണ്ടി സംസാരിക്കുക, ആത്യന്തികമായി പ്രേക്ഷകരുമായി അടുക്കുന്നവരാണ് അതിജീവിക്കുകയും വിജയിക്കുകയും ചെയ്യുന്നത്. ബോളിവുഡ് ഇപ്പോഴും ഏറ്റവും മതേതരവും മനോഹരവുമായ ഇടമായി നിലകൊള്ളുന്നുവെന്നും റാണി കൂട്ടിച്ചേർത്തു.

ബിബിസി ഏഷ്യൻ നെറ്റ്വർക്കിന് നൽകിയ അഭിമുഖത്തിലായിരുന്നു റഹ്മാന്റെ പരാമർശം. കഴിഞ്ഞ എട്ട് വർഷമായി ഹിന്ദി ചലച്ചിത്ര മേഖലയിലെ മാറ്റങ്ങൾ കാരണം തനിക്ക് അവസരങ്ങൾ നഷ്ടപ്പെട്ടുവെന്നും, ഇതിൽ വർഗീയമായ കാരണങ്ങൾ ഉണ്ടായേക്കാമെന്നുമുള്ള പരാമർശമാണ് വിവാദമായത്. പരാമർശം വിദ്വേഷ ചർച്ചകൾക്കുകൂടി വഴിവെച്ചതോടെ റഹ്മാൻ തന്നെ വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

തന്റെ വാക്കുകൾ ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും ഇന്ത്യയോടുള്ള സ്നേഹം തനിക്ക് വലുതാണെന്നും വീഡിയോ സന്ദേശത്തിലൂടെ റഹ്മാൻ വ്യക്തമാക്കി. ഇന്ത്യയിലെ ബഹുസ്വരതയും സാംസ്കാരിക പൈതൃകവുമാണ് തന്റെ സംഗീതത്തിന് പ്രചോദനമെന്നും റഹ്മാൻ പറഞ്ഞു.

‘’ചിലപ്പോൾ ഉദ്ദേശ്യങ്ങൾ തെറ്റായി മനസ്സിലാക്കിയേക്കാം എന്ന് ഞാൻ മനസ്സിലാക്കുന്നു. എൻ്റെ ലക്ഷ്യം എല്ലായ്പ്പോഴും സംഗീതത്തിലൂടെ രാജ്യത്തെ ഉയർത്തുക, ബഹുമാനിക്കുക, സേവിക്കുക എന്നതായിരുന്നു. ആരെയും വേദനിപ്പിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല, എൻ്റെ സത്യസന്ധത മനസിലാക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു."- എന്നാണ് റഹ്മാൻ പറഞ്ഞത്.