സിനിമയോടും താരങ്ങളോടുമുള്ള ജനങ്ങളുടെ സമീപനത്തിൽ അടുത്തകാലത്തായി വലിയ മാറ്റം വന്നിട്ടുണ്ടെന്ന് നടി റാണി മുഖർജി. നടീനടന്മാരുടെ പ്രതിച്ഛായതന്നെ മാറി. ഇന്ന് പലർക്കും അഭിനയം പ്രായോഗികമായ ഒരു കരിയർ ഓപ്ഷനായി മാറിയിരിക്കുന്നു. എന്നാൽ താൻ സിനിമയിലേക്ക് കടന്നുവന്ന കാലത്ത് കാര്യങ്ങൾ ഇങ്ങനെയൊന്നും ആയിരുന്നില്ലെന്നും അക്കാലത്തുനടന്ന സംഭവങ്ങൾ ചൂണ്ടിക്കാട്ടി ബോളിവുഡ് താരം പറയുന്നു.

To advertise here,

അഭിനയരംഗത്തേക്ക് താൻ വരുന്നതിൽ പിതാവ് റാം മുഖർജിക്ക് താൽപര്യം ഉണ്ടായിരുന്നില്ലെന്ന് അവർ വെളിപ്പെടുത്തി. അക്കാലത്ത് സിനിമാ കുടുംബങ്ങളിലെ പെൺകുട്ടികൾ അഭിനയ രംഗത്തേക്ക് വരുന്നത് അത്ര സാധാരണമായിരുന്നില്ല. പുരുഷന്മാരായിരുന്നു ഈ മേഖല കൂടുതലായി തിരഞ്ഞെടുത്തിരുന്നത്. ഇന്നത്തെപ്പോലെ സിനിമയിൽ മാതാപിതാക്കളുടെ പാത പിന്തുടരാൻ എല്ലാ കുട്ടികളും ശ്രമിക്കുന്ന ഒരു കാലമായിരുന്നില്ല അതെന്നും എഎൻഐ വാർത്താ ഏജൻസിയ്ക്ക് നൽകിയ അഭിമുഖത്തിൽ റാണി പറഞ്ഞു.

അക്കാലത്ത് സിനിമയെ ഒരു മികച്ച കരിയർ ഓപ്ഷനായി മിക്കവരും കണ്ടിരുന്നില്ല. 'ആ കാലം അൽപം വ്യത്യസ്തമായിരുന്നു. സിനിമാ രംഗം അന്ന് ഒരു കരിയറായി തിരഞ്ഞെടുക്കാൻ കഴിയുന്ന പ്രായോഗികമായ ഒരു ഓപ്ഷനായിരുന്നില്ല. വളർന്നുവന്ന സമയത്തുപോലും താനൊരു സിനിമാ കുടുംബത്തിൽ നിന്നാണ് എന്ന് സ്‌കൂളിൽ പറയുന്നത് അത്ര അഭിമാനകരമായ ഒന്നായിരുന്നില്ല. ആ കാലം വളരെ വ്യത്യസ്തമായിരുന്നു' - റാണി മുഖർജി പറഞ്ഞു.

സിനിമയിലേക്ക് വരുന്നതിനോട് പിതാവ് വിയോജിച്ചിരുന്നുവെങ്കിലും അമ്മയുടെ സമീപനം വ്യത്യസ്തമായിരുന്നു. എന്നാൽ തന്നെ സിനിമയിൽ ഉൾപ്പെടുത്തരുതെന്ന് നിർമാതാവിനോട് പറഞ്ഞതും അമ്മ തന്നെയാണ്. രസകരമായ ഒരു സംഭവമായിരുന്നു അത്. ജീവിതത്തിലെ ആദ്യ സ്‌ക്രീൻ ടെസ്റ്റിൽ പങ്കെടുക്കാൻ അമ്മ പ്രോത്സാഹനം നൽകുകയാണ് ചെയ്തത്. 'നീ ഇതൊന്ന് ചെയ്തുനോക്ക്, എങ്ങനെ പോകുന്നുവെന്ന് കാണാം' എന്നായിരുന്നു അമ്മ പറഞ്ഞത്. പക്ഷേ ആദ്യ സ്‌ക്രീൻ ടെസ്റ്റിനുശേഷം എന്റെ പ്രകടനം വളരെ മോശമാണെന്ന് അവർക്ക് തോന്നി. അവർ അക്കാര്യം നിർമ്മാതാവിനോട് തുറന്ന് പറയുകയും ചെയ്തു. 'എന്റെ മകളെ അഭിനയിപ്പിച്ചാൽ നിങ്ങളുടെ സിനിമ നശിക്കും. നിങ്ങൾക്ക് നഷ്ടം സംഭവിക്കും. അവളെ എടുക്കാതിരിക്കുന്നതാണ് നല്ലത്' - അമ്മ നിർമാതാവിനോട് പറഞ്ഞുവെന്നാണ് റാണി അവകാശപ്പെടുന്നത്.

എന്നൽ അമ്മയുടെ ആശങ്ക കണക്കിലെടുക്കാതെ നിർമ്മാതാവ് സലിം അക്തർ മുന്നോട്ട് പോവുകയും 1996-ൽ പുറത്തിറങ്ങിയ 'രാജാ കി ആയേഗി ബരാത്' എന്ന ചിത്രത്തിലേക്ക് റാണിയുമായി കരാറിൽ ഏർപ്പെടുകയും ചെയ്തു. ഇതേ വർഷം തന്നെ അവരുടെ പിതാവ് സംവിധാനം ചെയ്ത 'ബിയേർ ഫൂൽ' എന്ന ചിത്രവും പുറത്തിറങ്ങി. ഈ സിനിമകൾ അവരുടെ അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം ഗംഭീരമാക്കി.

' ഇന്ന് കാലം മാറിയെന്ന് കരുതുന്നു, ഇന്നത്തെ അന്തരീക്ഷം ഏറെ വ്യത്യസ്തമാണ്. കൂടുതൽ കൂടുതൽ ചെറുപ്പക്കാർ നടീനടന്മാരാകാൻ ആഗ്രഹിക്കുന്നു. ഇന്ന് പലർക്കും ഇതൊരു പ്രായോഗികമായ കരിയർ ഓപ്ഷനായി മാറിയിരിക്കുന്നു. അന്നത്തെപ്പോലെയല്ല ഇന്ന് ആളുകൾ സിനിമയെ കാണുന്നത്. ആ കാലത്ത് സിനിമാ താരങ്ങളെ ഒരുപക്ഷേ അപ്‌സരസുകളെയോ അല്ലെങ്കിൽ ജീവിത യാഥാർഥ്യങ്ങൾക്കപ്പുറമുള്ള കഥാപാത്രങ്ങളെയോ പോലെയാണ് കണ്ടിരുന്നത്. എന്നാൽ ഇന്ന് ഒരു സാധാരണ വ്യക്തിക്കും സിനിമയിൽ അഭിനയിക്കാൻ കഴിയും എന്നായിരിക്കുന്നു' - അവർ കൂട്ടിച്ചേർത്തു.

ഈ വർഷം അഷിമ ചിബ്ബർ സംവിധാനം ചെയ്ത 'മിസിസ് ചാറ്റർജി വേഴ്‌സസ് നോർവേ' എന്ന ചിത്രത്തിലെ ശക്തമായ പ്രകടനത്തിന് റാണിക്ക് മികച്ച നടിക്കുള്ള തന്റെ ആദ്യ ദേശീയ അവാർഡ് ലഭിച്ചിരുന്നു. സാഗരിക ചക്രബർത്തിയുടെ യഥാർത്ഥ കഥയെ അടിസ്ഥാനമാക്കിയുള്ള ഈ ചിത്രം, നോർവേയിൽ വെച്ച് തന്റെ മക്കളുടെ സംരക്ഷണാവകാശം തിരികെ നേടാനുള്ള ഒരമ്മയുടെ നിയമപരവും വൈകാരികവുമായ പോരാട്ടമാണ് പറയുന്നത്. റാണിക്ക് പുറമെ അനിർബൻ ഭട്ടാചാര്യ, നീന ഗുപ്ത, ജിം സർഭ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. അന്തരിച്ച ചലച്ചിത്രകാരൻ റാം മുഖർജിയാണ് റാണിയുടെ പിതാവ്. പിന്നണി ഗായിക കൃഷ്ണ മുഖർജിയാണ് അമ്മ. നടി കജോളിന്റെ ബന്ധുവായ റാണി യഷ് രാജ് ഫിലിംസിന്റെ ചെയർമാനായ നിർമ്മാതാവ് ആദിത്യ ചോപ്രയുടെ ഭാര്യയാണ്.