ഭരണസമിതി ഒന്നടങ്കം രാജിവെച്ച സാഹചര്യത്തിലാണ് അഡ്‌ഹോക് കമ്മിറ്റിയെ നിശ്ചയിച്ചത്

താരസംഘടനയായ 'അമ്മ'യെ കോൺഗ്രസ് എംഎൽഎയും നടനുമായ രമേഷ് പിഷാരടിയുടെ നേതൃത്വത്തിലുള്ള അഡ്‌ഹോക് കമ്മിറ്റി നയിക്കും. മുൻ എംഎൽഎയും നടനുമായ ഗണേഷ് കുമാറും അഡ്‌ഹോക് കമ്മിറ്റിയിൽ അംഗമാണ്. സംഘടനയിലുണ്ടായ വലിയ പൊട്ടിത്തെറിയെ തുടർന്ന് ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ഒന്നടങ്കം രാജിവെച്ച സാഹചര്യത്തിലാണ് അഡ്‌ഹോക് കമ്മിറ്റിയെ ഭരണമേൽപ്പിക്കുന്നത്.
നാല് മാസമാണ് രമേഷ് പിഷാരടിയുടെ നേതൃത്വത്തിലുള്ള അഡ്‌ഹോക് കമ്മിറ്റിയുടെ കാലാവധി. ഈ കാലയളവിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണസമിതിയെ കണ്ടെത്തും. ഏകദേശം ഒരുവർഷം മുമ്പാണ് താരസംഘടനയുടെ തലപ്പത്തേക്ക് ചരിത്രം സൃഷ്ടിച്ചുകൊണ്ട് വനിതകൾ തിരഞ്ഞെടുക്കപ്പെട്ടത്. സംഘടനയ്ക്കുണ്ടായ മോശം പ്രതിച്ഛായ നീക്കാൻ വനിതകളുടെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് കഴിയുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
പാവയായിരിക്കാൻ തയ്യാറല്ലെന്നും ചില കുറ്റാരോപിതർ സംഘടന പിടിച്ചെടുത്തു എന്നും പറഞ്ഞുകൊണ്ടാണ് ശ്വേതാ മേനോൻ 'അമ്മ' പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. ഒപ്പം സംഘടനയിലെ പ്രാഥമികാംഗത്വവും ശ്വേത രാജിവെച്ചിരുന്നു. കൂടുതൽ കാര്യങ്ങൾ പിന്നീട് പറയുമെന്നും ശ്വേതാ മേനോൻ കൂട്ടിച്ചേർത്തു.
'ഞാനും എന്റെ കമ്മിറ്റിയും രാജിവെച്ചിട്ടുണ്ട്. അമ്മയിൽനിന്ന് രാജി വെച്ചു. അമ്മയുടെ എല്ലാ ഉത്തരവാദിത്തങ്ങളിൽനിന്നും ഒഴിഞ്ഞിരിക്കുകയാണ്. അമ്മ സംഘടനയെക്കുറിച്ച് മുൻപ് ചില വനിതകൾ പറഞ്ഞതുപോലെ ഒരു കാര്യം ഇന്നെനിക്കും തോന്നി. കുറ്റാരോപിതരായ ആളുകളുടെ കയ്യിലേക്ക് സംഘടന വീണ്ടും പോകാനുള്ള ശ്രമമാണ് നടന്നിരിക്കുന്നത്. അതൊരു അജണ്ടയായിരുന്നു. രജിസ്‌ട്രേഷനെത്തിയവരെ നിർബന്ധപൂർവം കൊണ്ടുപോയി അവിശ്വാസത്തിൽ ഒപ്പിടുവിച്ചു. നമ്മളോട് ഒരക്ഷരം പറയാതെ ഒരു അജണ്ട വെച്ച് നമ്മളെ പുറത്താക്കാൻ നോക്കി.' -ശ്വേതാ മേനോൻ പറഞ്ഞു.
ജനറൽ ബോഡി യോഗത്തിലെ വാർഷിക റിപ്പോർട്ടിന്മേലുള്ള ചർച്ചയ്‌ക്കൊടുവിലാണ് ഭരണസമിതി ഒന്നടങ്കം രാജിവെച്ചത്. റിപ്പോർട്ടും കണക്കും അംഗീകരിക്കാൻ വാർഷിക ജനറൽബോഡി തയ്യാറായില്ല. ഇതിൽ രണ്ടിലുമുള്ള വീഴ്ചകൾ അംഗങ്ങൾ ചൂണ്ടിക്കാട്ടി. ജനറൽ ബോഡി യോഗത്തിനിടെ പ്രസിഡന്റ് ശ്വേതാ മേനോൻ രാജി പ്രഖ്യാപിച്ചിരുന്നു. എന്നാൽ മറ്റംഗങ്ങൾ അവരെ അനുനയിപ്പിച്ച് തിരികെ കൊണ്ടുവന്നു. ഇതിനുപിന്നാലെയാണ് ഭരണസമിതി ഒന്നടങ്കം രാജിവെയ്ക്കുകയാണെന്ന പ്രഖ്യാപനമുണ്ടായത്. 17 അംഗങ്ങളാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലുള്ളത്.
Content Highlights: Palakkad Congress MLA and actor Ramesh Pisharody will lead the new AMMA ad hoc committee alongside actor Ganesh Kumar. This follows the mass resignation of Shwetha Menon's panel after the general body rejected their annual financial report.
Published: 21 Jun 2026, 06:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented