നടൻ ആസിഫ് അലിയിൽ നിന്ന് പുരസ്കാരം സ്വീകരിക്കാൻ അനിഷ്ടം പ്രകടിപ്പിച്ച സംഗീതസംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. വിവാദത്തിൽ പ്രതികരണവുമായി ആസിഫ് അലിയും എത്തിയിരുന്നു. തനിക്ക് നൽകുന്ന പിന്തുണ മറ്റൊരാൾക്കെതിരേയുള്ള വിദ്വേഷപ്രചരണമാകരുതെന്നാണ് ആസിഫ് അലി വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ഇപ്പോഴിതാ ആസിഫ് അലിക്ക് നന്ദിപറഞ്ഞുകൊണ്ട് എത്തിയിരിക്കുകയാണ് രമേശ് നാരായണൻ.

To advertise here,

ഒരു കലാകാരനെന്ന നിലയിൽ സാഹചര്യം മനസ്സിലാക്കി പെരുമാറിയ അസിഫിനോട് നന്ദിയുണ്ടെന്നും ആ സാഹചര്യത്തിൽ അങ്ങനെ പെരുമാറി പോയതാണെന്നും രമേശ് നാരായണൻ പറഞ്ഞു. രാവിലെ ആസിഫ് അലി വിളിച്ചുവെന്നും വെെകാതെ അദ്ദേഹത്തെ നേരിട്ട് കാണുമെന്നും രമേശ് നാരായണൻ കൂട്ടിച്ചേർത്തു.

'എന്റെ സാഹചര്യം മനസ്സിലാക്കി പ്രതികരിച്ചതിന് ആസിഫിനോട് വളരെയധികം നന്ദിയുണ്ട്. ഇത്തരമൊരു സാഹചര്യം ഉണ്ടായതിൽ വിഷമമുണ്ട്. ആസിഫ് എന്നെ രാവിലെ വിളിച്ചു. കുറെനേരം സംസാരിച്ചു. ഞങ്ങൾ വെെകാതെ നേരിട്ട് കാണും. ഇപ്പോൾ നടക്കുന്ന സെെബർ അറ്റാക്കുകൾ ഒഴിവാക്കിത്തന്നാൽ സന്തോഷം. അതുതന്നെയാണ് ആസിഫും പറഞ്ഞത്. ഇതേ കുറിച്ച് ഒരു സംഘടനകളും എന്നോട് സംസാരിച്ചിട്ടില്ല. പോസ്റ്റുകൾ മാത്രമേ ഞാൻ കണ്ടിട്ടുള്ളു. ഇത് ഒരിക്കലും മതപരമായി മാറാൻ പാടില്ല എന്ന് ഞാൻ ആ​ഗ്രഹിക്കുന്നു. അതെല്ലാവർക്കും ബുദ്ധിമുട്ടാകും. നമ്മൾ എല്ലാവരും മനുഷ്യരാണ്. ആസിഫിന്റെ ആരാധകർക്ക് വിഷമം ഉണ്ടായി‌ട്ടുണ്ടാകാം. അദ്ദേഹം വലിയൊരു നടനാണ്', രമേശ് നാരായണൻ പറഞ്ഞു.

സംഭവത്തില്‍ കഴിഞ്ഞ ദിവസം തന്നെ രമേശ് നാരായണന്‍ പരസ്യമായി മാപ്പപേക്ഷയുമായി രംഗത്ത് വന്നിരുന്നു. ആസിഫ് മൊമന്റോ തരാനാണ് ഓടിവന്നതെന്ന് തനിക്കറിയില്ലായിരുന്നുവെന്നും സംഭവത്തില്‍ പൊതുസമൂഹത്തോടും ആസിഫിനോടും മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.  

എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര സമാഹാരമായ 'മനോരഥങ്ങളു'ടെ ട്രെയ്‌ലർ ലോഞ്ച് ചടങ്ങിനിടെയായിരുന്നു സംഭവം.പരിപാടിയിൽ പങ്കെടുത്ത രമേശ് നാരായണന് പുരസ്‌കാരം സമ്മാനിക്കാൻ സംഘാടകർ ആസിഫ് അലിയെയായിരുന്നു ക്ഷണിച്ചത്. എന്നാൽ രമേശ് നാരായണൻ സംവിധായകൻ ജയരാജിനെ വിളിച്ചുവരുത്തി ആസിഫിന്റെ കൈയിൽനിന്ന് പുരസ്‌കാരമെടുത്ത് ജയരാജിനു കൈമാറി. തുടർന്ന് ജയരാജ്, രമേശ് നാരായണന് പുരസ്‌കാരം നൽകുകയായിരുന്നു.