
ഔദ്യോഗിക ഗസറ്റ് വിജ്ഞാപനത്തിലൂടെ സെൻസർ ബോർഡ് അംഗീകാരം നൽകിയ സിനിമയ്ക്ക് രാജ്യത്ത് മൊത്തമായോ ഭാഗികമായോ അംഗീകാരം പിൻവലിക്കാനുള്ള അധികാരം സർക്കാരിൽ നിക്ഷിപ്തമാക്കുന്നതടക്കമുള്ള ചട്ടങ്ങളടങ്ങിയ സിനിമാട്ടോഗ്രാഫി ഭേദഗതി ബിൽ-2023 രാജ്യസഭ പാസാക്കി. മണിപ്പുർ വിഷയത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയതിന് പിന്നാലെയാണ് ഭരണകക്ഷി അംഗങ്ങളുടെ ചർച്ചയ്ക്കുശേഷം ശബ്ദവോട്ടോടെ ബിൽ പാസാക്കിയത്. ഈ ചട്ടം പഴയ ബില്ലിലും ഉണ്ടായിരുന്നെങ്കിലും 1990-ലെ കെ.എം. ശങ്കരപ്പ കേസിൽ സുപ്രീംകോടതി പാടില്ല എന്ന് വ്യക്തമാക്കിയിരുന്നു.
സിനിമ പകർത്തിപ്രദർശിപ്പിച്ചാൽ മൂന്നുവർഷംവരെ തടവും നിർമാണച്ചെലവിന്റെ അഞ്ചുശതമാനം പിഴയും ചുമത്താൻ ബില്ലിൽ വ്യവസ്ഥയുണ്ട്. സിനിമാശാലകളിൽ ഫോണിലൂടെ സിനിമ പകർത്തുന്നവർക്കുൾപ്പെടെ ഇതു ബാധകമാവും. പ്രായപൂർത്തിയാവുന്നവർക്ക് മാത്രം കാണാവുന്ന എ സർട്ടിഫിക്കറ്റും എല്ലാവർക്കും കാണാവുന്ന യു സർട്ടിഫിക്കറ്റും നൽകുന്നതിനൊപ്പം യുഎ കാറ്റഗറിയിൽ ഏഴ്+, 13+, 16+ എന്നിങ്ങനെ വിവിധ പ്രായക്കാർക്ക് കാണാനുള്ള സർട്ടിഫിക്കറ്റുകൾ നൽകും.
സെൻസർ സർട്ടിഫിക്കറ്റിന്റെ കാലാവധി 10 വർഷം എന്നതിനു പകരം എന്നത്തേക്കുമാക്കുന്നതാണ് മറ്റൊരു ഭേദഗതി. സിനിമ ലൈസൻസിങ് ചട്ടങ്ങൾ ലഘൂകരിക്കുന്നതിനും പകർപ്പുകൾ തടയുന്നതിനുമാണ് പുതിയ നിയമമെന്ന് രാജ്യസഭയിൽ ബില്ലവതരിപ്പിച്ച് മന്ത്രി അനുരാഗ് സിങ് ഠാക്കൂർ പറഞ്ഞു. പകർപ്പവകാശ ലംഘനത്തിലൂടെ സിനിമാമേഖലയ്ക്ക് ഓരോ വർഷവും 20,000 കോടിയുടെ നഷ്ടമാണുണ്ടാവുന്നത്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സി.ബി.എഫ്.സി.) സ്വയംഭരണ സ്ഥാപനമായി തുടരും. സെൻസർബോർഡ് സിനിമകൾക്ക് അനുമതി നിഷേധിച്ചാൽ ട്രിബ്യൂണലിനെ സമീപിക്കാവുന്ന സാഹചര്യം നേരത്തേയുണ്ടായിരുന്നു. ട്രിബ്യൂണൽ നിർത്തലാക്കിയ സാഹചര്യത്തിൽ വീണ്ടും ബോർഡിനെ സമീപിക്കാമെന്നും പുതിയ അംഗങ്ങൾ സിനിമകാണുമെന്നും മന്ത്രി വ്യക്തമാക്കി. ആനിമേഷൻ, വിഷ്വൽ എഫക്ട്‌സ്, ഗേമിങ് ആൻഡ് കോമിക്‌സ് തുടങ്ങിയ മേഖലകളിൽ പരിശീലനസ്ഥാപനങ്ങൾ തുടങ്ങും.
ബലാത്സംഗത്തിനുപകരം പ്രതീകദൃശ്യങ്ങൾ കാണിക്കണമെന്നും തെറിവാക്കുകൾ ഉപയോഗിക്കരുതെന്നും പറയുന്നത് അത് അനിവാര്യമായ സിനിമകൾക്ക് ദോഷംചെയ്യുമെന്ന് ബി.ജെ.ഡി. അംഗം പ്രശാന്ത നന്ദ ചൂണ്ടിക്കാട്ടി. ഒ.ടി.ടി.യിലൂടെ എല്ലാതരം ഉള്ളടക്കങ്ങളും വീടുകളിലെത്തുന്ന കാലത്ത് യുഎ സർട്ടിഫിക്കറ്റുകളുടെ വിഭജനം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.എ.ഡി.എം.കെ. അംഗം തമ്പി ദുരൈയും സർട്ടിഫിക്കേഷനിലെ കാറ്റഗറികളെ എതിർത്തു.
Content Highlights: Rajya Sabha passes Cinematograph Amendment Bill
Published: 28 Jul 2023, 07:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented