ചെന്നൈ: തമിഴ്‌നാട്ടിൽ നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലേറ്റതിന് പിന്നാലെ തനിക്കെതിരേ ഉയർന്ന വിമർശനങ്ങൾക്ക് മറുപടി പറഞ്ഞ് സൂപ്പർതാരം രജനീകാന്ത്. തനിക്കെതിരായി ഉയർന്ന വിമർശനങ്ങൾ എണ്ണിപ്പറഞ്ഞാണ് താരം മറുപടി നൽകിയത്. കൊളത്തൂരിലെ പരാജയത്തിൽ വിഷമം തോന്നിയതുകൊണ്ടാണ് സുഹൃത്തെന്ന നിലയിൽ മുൻമുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ കാണാൻ പോയതെന്ന് രജനീകാന്ത് പറഞ്ഞു. വിജയ് മുഖ്യമന്ത്രിയായതിൽ തനിക്ക് അസൂയയുണ്ടെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.

To advertise here,

'തിരഞ്ഞെടുപ്പ് ഫലം വന്ന ഉടൻ ഞാൻ സ്റ്റാലിൻ സാറിനെ കണ്ടത് ചില വിമർശനങ്ങൾ ഉണ്ടാക്കി. സ്റ്റാലിൻ നാല്പതുവർഷത്തോളമായി എന്റെ സുഹൃത്താണ്. എന്റെ സൗഹൃദങ്ങൾ രാഷ്ട്രീയത്തിന് അതീതമാണ്. ജനാധിപത്യത്തിൽ ജയപരാജയങ്ങൾ ഉണ്ടാകും, എന്നാൽ സ്റ്റാലിൻ കൊളത്തൂരിൽ തോറ്റതിൽ എനിക്ക് വിഷമം തോന്നി. അതുകൊണ്ട്, ഒരു സുഹൃത്ത് എന്ന നിലയിൽ അദ്ദേഹത്തെ കാണാൻ പോയി. വിജയ് മുഖ്യമന്ത്രിയാകരുതെന്നും, അത് തടയാനാണ് ഞാൻ പോയതെന്നും, രണ്ട് വലിയ പാർട്ടികളെ ഒന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്നും വിമർശനങ്ങൾ വന്നു', രജനീകാന്ത് പറഞ്ഞു.

വിജയ് മുഖ്യമന്ത്രിയായപ്പോൾ താൻ അഭിനന്ദനം പറഞ്ഞില്ലെന്ന വിമർശനം തെറ്റാണെന്ന് രജനീകാന്ത് വ്യക്തമാക്കി. അദ്ദേഹം ജയിച്ച ഉടൻ എക്‌സ് പ്ലാറ്റ്‌ഫോമിൽ അഭിനന്ദനങ്ങൾ പോസ്റ്റ് ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. വിമാനത്താവളത്തിൽവെച്ച് ചോദ്യം ചോദിച്ചപ്പോൾ മറുപടി നൽകാതെ പോയെന്ന പ്രചാരണം തെറ്റിദ്ധാരണമൂലമാണെന്നും രജനീകാന്ത് അവകാശപ്പെട്ടു.

'വിജയ്‌യോട് എനിക്ക് അസൂയയുണ്ട് എന്നാണ് മറ്റൊരു വിമർശനം. ഞാൻ രാഷ്ട്രീയത്തിലില്ല. രാഷ്ട്രീയത്തിലില്ലാത്ത എനിക്ക് എന്തിനാണ് അസൂയ?', കമൽ ഹാസൻ ചോദിച്ചു. ഒരുപക്ഷേ കമൽ ഹാസൻ മുഖ്യമന്ത്രിയായിരുന്നെങ്കിൽ തനിക്ക് അസൂയ തോന്നിയേനെയെന്ന് അദ്ദേഹം തമാശരൂപേണ പറഞ്ഞു.

'എനിക്കും വിജയ്ക്കും ഇടയിൽ ഏകദേശം 25 വർഷത്തെ ജനറേഷൻ ഗ്യാപ്പുണ്ട്. ചെറുപ്പം മുതൽ അയാളെ കാണുന്നു. അയാൾ മുഖ്യമന്ത്രിയായതിൽ എനിക്ക് എന്തിന് അസൂയ? എം.ജി.ആർ, എൻ.ടി.ആർ എന്നിവരുടേതിനേക്കാൾ വലുതാണ് 52-ാം വയസ്സിൽ വിജയ്‌യുടെ നേട്ടം. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയേയും ഇവിടുത്തെ രണ്ട് വലിയ പാർട്ടികളേയും എതിർത്ത് ഒറ്റയ്ക്ക് വിജയിച്ചിരിക്കുന്നു. അതും നമ്മുടെ സിനിമാലോകത്തുനിന്ന്. എനിക്ക് അസൂയയില്ല. അത്ഭുതവും സന്തോഷവും നിറഞ്ഞ വികാരമാണ് തോന്നുന്നത്', അദ്ദേഹം അഭിപ്രായപ്പെട്ടു.

'ജനങ്ങൾക്ക് അദ്ദേഹത്തെക്കുറിച്ച് ധാരാളം പ്രതീക്ഷകളുണ്ട്. തീർച്ചയായും അദ്ദേഹം അത് നിറവേറ്റും എന്ന വിശ്വാസമുണ്ട്. എന്നാൽ കുറഞ്ഞത് രണ്ട് വർഷം ക്ഷമയോടെ കാത്തിരിക്കണം. അദ്ദേഹത്തിന്റെ അനുയായികളും ആരാധകരും ശ്രദ്ധിച്ച് പെരുമാറണം. അവർ എന്തെങ്കിലും തെറ്റ് ചെയ്താൽ അത് വിജയ്ക്ക് ദോഷം ചെയ്യും എന്ന് അവർ ഓർക്കണം', രജനീകാന്ത് കൂട്ടിച്ചേർത്തു.