സിനിമയുടെ പ്രചരണത്തിന് വ്യത്യസ്തമായ തന്ത്രങ്ങളാണ് ഇക്കാലത്ത് ഓരോരുത്തരും പരീക്ഷിക്കുന്നത്. പണ്ടുകാലത്ത് പോസ്റ്ററുകളായിരുന്നു സിനിമയെ ജനങ്ങളിലെത്തിച്ചിരുന്നത് എങ്കില്‍ ഇന്ന് കാലം മാറി. സോഷ്യല്‍ മീഡിയയാണ് താരം. അത്തരത്തില്‍ ഒരു സിനിമാപ്രചരണത്തിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.

To advertise here,

സംവിധായകന്‍ രാജസേനനാണ് കഥയിലെ നായകന്‍. താന്‍ പുതിയതായി സംവിധാനം ചെയ്ത 'ഞാനും പിന്നൊരു ഞാനും' എന്ന സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററില്‍ പുത്തന്‍ മേക്കോവറില്‍ എത്തിയിരിക്കുകയാണ് രാജസേനന്‍. ചുവന്നനിറത്തിലുള്ള സാരിയുടുത്ത് ആഭരണങ്ങളുമിട്ട് വലിയ വട്ടപ്പൊട്ടുമായി രാജസേനന്‍ സ്ത്രീവേഷത്തിലാണ് കൊച്ചിയിലെ തിയേറ്ററിലെത്തിയത്. സഹപ്രവര്‍ത്തകരെയും സിനിമാ കാണാനെത്തിയവരെയും രാജസേനന്റെ മേക്കോവര്‍ കണ്ട് അമ്പരന്നുപോയി. 

നീണ്ട ഇടവേളയ്ക്കു ശേഷം രാജസേനന്‍ വീണ്ടും സംവിധായകന്റെ കുപ്പായം അണിയുന്ന ചിത്രമാണ് 'ഞാനും പിന്നൊരു ഞാനും'. തുളസീധര കൈമള്‍ എന്ന കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. തുളസീധര കൈമളായി  രാജസേനന്‍ തന്നെയാണ് വേഷമിടുന്നത്. ഇന്ദ്രന്‍സ്, സുധീര്‍ കരമന, ജോയ് മാത്യു എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ഒരു ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പരമേശ്വരനായി ഇന്ദ്രന്‍സ് എത്തുന്നു. തുളസീധര കൈമളിന്റെ  വലംകൈയായ രഘു എന്ന കഥാപാത്രമായി സുധീര്‍ കരമനയും അമ്മാവന്‍ ഉണ്ണികൃഷ്ണ കൈമളായി ജോയ് മാത്യുവും വേഷമിടുന്നു.