ബെംഗളൂരു: കന്നഡ സിനിമയിലെ സൂപ്പര്‍താരമായിരുന്ന പുനീത് രാജ്കുമാറിന്റെ മൂന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ സ്മൃതികുടീരത്തിലേക്ക് ആരാധക പ്രവാഹം. ചൊവ്വാഴ്ച രാവിലെ മുതല്‍ക്കേ കണ്ഠീരവ സ്റ്റുഡിയോയിലെ സ്മൃതി കുടീരത്തിലേക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആരാധകരെത്തിക്കൊണ്ടിരുന്നു.

To advertise here,

പ്രത്യേക പൂജകള്‍ നടത്തി. സങ്കടം താങ്ങാനാകാതെ ചില ആരാധകര്‍ വിങ്ങിപ്പൊട്ടി. ആരാധകരുടെ നേതൃത്വത്തില്‍ ഉച്ചയ്ക്ക് ഭക്ഷണം വിതരണം ചെയ്തു. പുനീതിന്റെ ഭാര്യ അശ്വിനി പുനീത് രാജ്കുമാര്‍, സഹോദരന്‍ രാഘവേന്ദ്ര രാജ്കുമാര്‍ തുങ്ങിയവരും സ്മൃതി മണ്ഡപത്തിലെത്തി. 2021 ഒക്ടോബര്‍ 29-നാണ് കന്നഡ സിനിമാ ലോകത്തെ ഞെട്ടിച്ച് പുനീത് രാജ്കുമാര്‍ വിടവാങ്ങിയത്. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം.

ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ നെഞ്ചുവേദനയെത്തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. കന്നഡ സിനിമയിലെ ഇതിഹാസമായിരുന്ന ഡോ. രാജ്കുമാറിന്റെ അഞ്ചുമക്കളില്‍ ഇളയവനാണ് പുനീത്. 2002-ല്‍ അപ്പു എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ പുനീത് പില്‍ക്കാലത്ത് ആരാധകരുടെ പ്രിയപ്പെട്ട അപ്പുവായി മാറുകയായിരുന്നു.